പാരിസ് - ഹ്യൂഗൊ ലോറീസ് വിരമിച്ച ഒഴിവില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനാക്കാത്തതില്‍ ആന്റോയ്ന്‍ ഗ്രീസ്മാന്‍ കൊടിയ നിരാശയുണ്ടെന്ന് പുതിയ നായകന്‍ കീലിയന്‍ എംബാപ്പെ. എംബാപ്പെയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ഗ്രീസ്മാന് നല്‍കിയത്. എംബാപ്പെയെക്കാള്‍ എട്ട് വര്‍ഷം മുമ്പ് ഗ്രീസ്മാന്‍ ഫ്രഞ്ച് ടീമിലെത്തിയിരുന്നു. എംബാപ്പെ 66 തവണ കളിച്ചപ്പോള്‍ ഗ്രീസ്മാന്‍ 117 മത്സരങ്ങളില്‍ ഫ്രഞ്ച് ജഴ്‌സിയിട്ടു.
ഗ്രീസ്മാന്റെ നിരാശ മനസ്സിലാക്കാനാവുമെന്ന് എംബാപ്പെ പറഞ്ഞു. ഗ്രീസ്മാനുമായി സംസാരിച്ചിരുന്നു. തനിക്കും അതേ വികാരമാണ് തോന്നുകയെന്ന് പറഞ്ഞു. ദീദിയര്‍ ദെഷോമിന്റെ കോച്ചിംഗ് കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് ആന്റോയ്ന്‍. ഗ്രീസ്മാന് മേലെയാണ് ഞാനെന്ന ചിന്തയില്ല. ഞങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കും. പറയാനുള്ളതെല്ലാം ശ്രദ്ധിച്ചു കേള്‍ക്കും -എംബാപ്പെ പറഞ്ഞു.
എംബാപ്പെയെ ക്യാപ്റ്റനാക്കിയ തീരുമാനം കോച്ച് ദെഷോം വിശദീകരിച്ചു. ആന്റോയ്‌നുമായി സംസാരിച്ചുവെന്ന് വെളിപ്പെടുത്തിയ കോച്ച് അതിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ല. ആന്റോയ്‌ന് നിരാശയുണ്ടായിരുന്നു. അതവിടെ തീര്‍ന്നു. ചിരിക്കുന്ന ആന്റോയ്‌നെയാണ് ഇനി കാണുക. എന്നത്തെയും പോലെ പ്രധാനപ്പെട്ട റോളായിരിക്കും തുടര്‍ന്നും ആന്റോയ്‌ന് ടീമിലുണ്ടാവുക -കോച്ച് പറഞ്ഞു.