Sorry, you need to enable JavaScript to visit this website.

സ്‌നേഹത്തിന്റെ പെരുമഴക്കാലം

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശുകാരനായ മുഹർറം അലിയുടെ ഭാര്യ ആയിഷയുടെ കാലിൽ തൊട്ട് ഭർത്താവിന് വേണ്ടി മാപ്പപേക്ഷിക്കുന്നു.
കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്‌നാട്-തഞ്ചാവൂർ സ്വദേശി അർജ്ജുനന്റെ ഭാര്യ മാലതിയ്ക്ക് 25 ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് ഹൈദരലി തങ്ങൾ കൈമാറുന്നു. മുനവ്വറലി തങ്ങൾ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡണ്ട് സമീപം  കമാൽ വരദൂർ, മാലതിയുടെ പിതാവ് ദുരൈരാജു എന്നിവരേയും കാണാം. (ഫയൽ) 
താൻ മാപ്പ് നൽകി ഒപ്പിട്ട രേഖ ആയിഷ പാണക്കാട് സാദിഖലി  ശിഹാബ് തങ്ങൾക്ക് നൽകുന്നു.

കഴിഞ്ഞ നവംബറിലാണ് അവസാനമായി മാലതിയും പിതാവും മലപ്പുറത്ത് വന്നത്. ഊരും പേരും നോക്കാതെ മലപ്പുറത്തെ സുമനസ്സുകൾ ഒന്നിച്ച് കൈ കോർത്തപ്പോൾ തമിഴ്‌നാട്ടുകാരനായ കുടുംബനാഥന് ജീവനും ജീവിതവും, മലപ്പുറത്തെ മറ്റൊരു കുടുംബത്തിന് ജീവിത മാർഗവുമായി. 
ഒരു പോംവഴിയും കാണാനാകാതെ വാടകവീട്ടിലെ വിങ്ങലിനിടയിൽ നിസ്സഹായതയുടെ തടവിൽ കഴിഞ്ഞിരുന്ന മാലതിക്ക് ഊണും ഉറക്കവുമെല്ലാം തീർത്തും യാന്ത്രികമായിരുന്നു. കുവൈത്ത് ജയിലിൽ കഴിയുന്ന ഭർത്താവ് അർജ്ജുനന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം അവരെ ശാരീരികമായും മാനസികമായും തളർത്തി. പിന്നിട്ട് പോകുന്ന ഓരോ ദിനങ്ങളുടെ ദൈർഘ്യവും കുറഞ്ഞ് വരുന്ന അനുഭവമായിരുന്നു അവർക്ക്. 
വധശിക്ഷ വിധിക്കപ്പെട്ട് ഗൾഫ് ജയിലിൽ കഴിയുന്ന ഭർത്താവ് അർജ്ജുനനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണമെങ്കിൽ അർജ്ജുനന്റെ കൈകളാൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മാപ്പ് നൽകാൻ തയ്യാറാകണം. അതിന് വേണ്ടിയാണ് കഴിഞ്ഞ ഓഗസ്റ്റിൽ മാലതി ആദ്യമായി മലപ്പുറത്ത് വന്നത്. എന്നാൽ കാര്യങ്ങൾ ഒട്ടും ആശാസ്യമായിരുന്നില്ല. 
'അമ്മാ എന്ന്‌ടെ കണവനെ മന്നിച്ചിടുങ്കാ...' എന്ന വിലാപവുമായി നിറകണ്ണുകളോടെ കൈകൂപ്പിയ മാലതിയ്ക്ക് മുന്നിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയ്ക്ക് ഒന്നും തന്നെ ഉരിയാടാനുണ്ടായിരുന്നില്ല. ഭർത്താവിന്റെ വേർപാടോടെ അവരുടെ ജീവിതവും തീർത്തും താളം തെറ്റിയിരുന്നു. ആ കുടുംബത്തിന്റെ അവസ്ഥയും മാലതിയുടേതിന് സമാനമായി തന്നെ ദുരിതപൂർണമായിരുന്നു. ഇരുൾ വീണ ആ കുടുംബത്തിനും  ഒരു കിടപ്പാടമില്ല. വാടകവീട്ടിലാണ് അവരുടെ താമസവും. ആകെയുള്ള ആശ്രയം കൊല്ലപ്പെട്ട ഭർത്താവായിരുന്നു. ഭർത്താവിന്റെ വിയോഗത്തോടെ ദുരിതത്തിന്റെ മുഖമായിരുന്നു അവിടുത്തെ നേർക്കാഴ്ച. 30 ലക്ഷം രൂപയാണ് യുവാവിന്റെ മാതാവ് നഷ്ടപരിഹാരമായി മാലതിയോട് ആവശ്യപ്പെട്ടത്. രണ്ട് കുടുംബത്തിനും അതൊരു വലിയ തുക തന്നെയാണ്. കൊല്ലപ്പെട്ട യുവാവിന്റെ മാതാവിന്റെ ഉറച്ച നിലപാടിന് മുന്നിൽ മാലതിയും പിതാവും മൗനിയായി. അവർ തിരികെ തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചു. നവംബറിൽ പിതാവിനേയും കൂട്ടി മാലതി വീണ്ടും മലപ്പുറത്തെത്തി. ഇത്തവണ അവർ വന്നത് പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിലേക്കാണ്. പ്രതീക്ഷയുടെ കച്ചിത്തുരുമ്പെന്ന നിലയിലാണ് അവർ കൊടപ്പനക്കൽ തറവാട്ടിലെത്തിയത്. അവിടെ മുനവ്വറലി തങ്ങളെ കാണുകയായിരുന്നു ലക്ഷ്യം. തമിഴ്‌നാട്ടിൽനിന്ന് ചിലർ നിർദ്ദേശിച്ചതനുസരിച്ചാണ് മാലതിയും പിതാവും പാണക്കാട്ടെത്തിയത്. 

വിയർപ്പിൽ കുതിർന്ന നോട്ടുകളുമായി
വിയർപ്പിൽ കുതിർന്ന അഞ്ച് ലക്ഷം രൂപയുമായാണ് മൂന്നാം തവണ മാലതിയെത്തിയത്. തഞ്ചാവൂരിലെ വീടും പുരയിടവും ഉൾപ്പെടെ എല്ലാം വിറ്റിട്ടും മാലതിക്ക് തികയ്ക്കാൻ കഴിഞ്ഞത് അഞ്ച് ലക്ഷം രൂപ മാത്രം. സ്വന്തമായുണ്ടായിരുന്ന മൂക്കുത്തി പോലും അഴിച്ചെടുത്ത് വിറ്റു. വിൽക്കാനായി മറ്റൊന്നും ശേഷിച്ചിരുന്നില്ല. മാലതിയും 13-കാരിയായ ഏക മകളും ഒരു വാടകക്കൂരയിൽ അഭയം തേടി. കൂലിവേല ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ട് വയറുകളും കഴിഞ്ഞിരുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് മാലതിയ്ക്ക് ഒരു പിടിയുമില്ലായിരുന്നു. 30 ലക്ഷമെന്ന ആവശ്യത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മാതാവ് ഉറച്ച് നിന്നപ്പോൾ, ശേഷിക്കുന്ന 25 ലക്ഷം രൂപ മാലതിയ്ക്ക് അസാധ്യവുമായിരുന്നു. കാലിൽ വീണ് കരഞ്ഞിട്ടും മാപ്പു തരേണ്ടവർ കനിയുന്നില്ല. ഇടറിയ സ്വരത്തിൽ കാര്യങ്ങൾ വിവരിച്ച മാലതിയുടേയും പിതാവിന്റേയും ആത്മരോദനം സയ്യിദ് മുനവ്വറലി തങ്ങൾ സാകൂതം ശ്രവിച്ചു.
പെരിന്തൽമണ്ണ-കരിഞ്ചാപ്പാടി സ്വദേശിയായ കൊല്ലപ്പെട്ട യുവാവിന്റെ വീട്ടുകാരുമായി ബന്ധപ്പെടാമെന്നും വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്താമെന്നും, ആവശ്യമായ മറ്റ് സഹായങ്ങൾ നൽകാമെന്നും മുനവ്വറലി തങ്ങൾ മാലതിയ്ക്ക് ഉറപ്പ് നൽകി. മാനുഷിക പരിഗണന നൽകേണ്ട ഒരു സങ്കീർണ വിഷയമാണ് മാലതിയുടേതെന്നും, കഴിയുന്നവർ ഈ കുടുംബത്തെ ആകാവുന്ന രീതിയിൽ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മുനവ്വറലി തങ്ങളുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് മാലതിയും പിതാവും തമിഴ്‌നാട്ടിലേക്ക് മടങ്ങി. അർഹിക്കുന്ന പ്രാധാന്യത്തോടെ മാധ്യമങ്ങൾ  വാർത്തയും നൽകി.

കൈകോർക്കലിൽ 25 ലക്ഷം രൂപ
മലപ്പുറം എക്കാലവും വാർത്തകളിൽ നിറയാറുണ്ട്. പുറം ലോകം കേൾക്കുന്ന വാർത്തകളിൽ പലതും ഊതിപ്പെരുപ്പിച്ചതോ, ഭാവനയിൽ മെനഞ്ഞതോ ആണെന്ന് പലരും തിരിച്ചറിയാറുമില്ല. മതമൗലിക വാദികളും, തീവ്രവാദികളും, ലൗ ജിഹാദുകാരും നിറഞ്ഞ പ്രദേശമായി മലപ്പുറത്തെ ചിലരൊക്കെ സദാ ഇകഴ്ത്താറുമുണ്ട്. അന്യ സംസ്ഥാനക്കാരിയായ ഒരു സാധു സ്ത്രീ തന്റെ ദുർവ്വിധിയിൽ മനംനൊന്ത് മലപ്പുറത്തെത്തിയത് വലിയ പ്രതീക്ഷകളോടെയാണ്. ആ പ്രതീക്ഷ അവർക്ക് തെറ്റിയതുമില്ല. ഭാഷയും, ജാതിയും, ദേശവും ആരും തിരക്കിയില്ല. ഒരു ദിവസം കൊണ്ട് 25 ലക്ഷം രൂപ മലപ്പുറം സ്വരൂപിച്ചെടുത്തു. 
പാണക്കാട്ടെ വീട്ടിലിരുന്ന് മുനവ്വറലി തങ്ങൾ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ഒറ്റരാത്രി കൊണ്ട് തന്നെ ആവശ്യമായ തുക ലഭിച്ചു. ബംഗളൂരു എം.എൽ.എയും, മലയാളിയുമായ എൻ.എം ഹാരിസ് അഞ്ച് ലക്ഷം രൂപ രാത്രി തന്നെ ട്രാൻസ്ഫർ ചെയ്ത് നൽകി. പേര് പരാമർശിക്കരുതെന്ന നിർദ്ദേശത്തോടെ മറ്റ് ചിലരും സഹായിച്ചു. മുനവ്വറലി തങ്ങൾ ആവശ്യപ്പെട്ട പ്രകാരം മാലതിയും പിതാവും നവംബർ 27-ന് കാലത്ത് തന്നെ മലപ്പുറത്തെത്തിയിരുന്നു. മലപ്പുറം പ്രസ് ക്ലബ്ബ് ഹാളിൽ ചേർന്ന ലളിതമായ ചടങ്ങിൽ വെച്ച് 25 ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മാലതിയ്ക്ക് കൈമാറുമ്പോൾ പരിചിതമല്ലാത്ത മനുഷ്യപ്പറ്റിന്റെ മഹനീയ മാതൃക കണ്ട് പകച്ച് പോയ അവരുടെ മുഖത്ത് മിന്നിപ്പൊലിഞ്ഞ ഭാവം വ്യവഛേദിച്ചറിയാൻ ആർക്കും കഴിഞ്ഞിരുന്നില്ല.'നീങ്ക സെഞ്ച ഉദവിനാൻ മറക്കമാട്ടെ..' ആദ്യമായി ഒരു ചടങ്ങിൽ സംസാരിക്കുന്നതിന്റെ അങ്കലാപ്പോടെ മാലതി പറഞ്ഞൊപ്പിച്ചു. എന്തെല്ലാമോ വികാരങ്ങളുടെ തള്ളിച്ചയിൽ അവർക്ക് പിന്നീടൊന്നും പറയാനും കഴിഞ്ഞില്ല.  പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് ഇരു കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിൽ ഈ തുക കൈമാറി. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം പ്രതി അർജ്ജുനന് മാപ്പ് നൽകിയതായുള്ള ഔദ്യോഗിക രേഖയും അതോടെ കൈമാറി. തഞ്ചാവൂർ ജില്ലാ കലക്ടർ മുഖേന ഔദ്യോഗിക രേഖ ഇന്ത്യൻ എംബസ്സി അധികൃതർക്ക് കൈമാറുകയും, ബന്ധപ്പെട്ടവർ അത് കുവൈത്ത് കോടതിയിൽ ഹാജരാക്കിയതോടെ അർജ്ജുനന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്യുകയുമായിരുന്നു. 

 

പ്രിയതമന്റെ ഘാതകന് മാപ്പ് നൽകിയ ആയിഷ
ഇക്കഴിഞ്ഞ മെയ് അവസാനവാരം തീർത്തും വികാരനിർഭരമായൊരു സംഗമത്തിന് പാണക്കാട് കൊടപ്പനക്കൽ തറവാട് വീണ്ടും സാക്ഷ്യം വഹിച്ചു. കാലത്ത് പത്തര മണി. സദാ ആളനക്കമുള്ള സാദിഖലി ശിഹാബ് തങ്ങളുടെ വസതിയുടെ മുറ്റത്ത് കനത്ത നിശ്ശബ്ദത. അൽപ്പം ദൂരെ മാറി നിൽക്കുന്ന ചിലർ പതിയെ എന്തോക്കെയോ മന്ത്രിക്കുന്നു. മലയാള ഭാഷ വശമില്ലാത്ത ഉത്തർപ്രദേശിൽ നിന്നുള്ള  റസിയ മുഹർറം, ബന്ധുക്കളായ അബ്ദുൽ ഹസൻ, അഷ്ഫാക്ക് ഷൈഖ്, ആരിഫ്, ഷഹാബുദ്ദീൻ എന്നിവരുടെ മുഖത്ത് അപരിചിതത്വത്തിന്റെ പരിഭ്രമം. ഒറ്റപ്പാലം സ്വദേശി ആയിഷ, സഹോദരങ്ങളായ ഇബ്രാഹിം, അബ്ദുൽ ലത്തീഫ്, ഷൗക്കത്തലി, മിസ്‌രിയ്യ, അമ്മാവൻ സെയ്തലവി, കൂടാതെ വേറെ ചിലരും അവിടെ സന്നിഹിതരായിരുന്നു. ഇഴഞ്ഞ് നീങ്ങിയ നിമിഷങ്ങൾ. റസിയയും ബന്ധുക്കളും സാദിഖലി തങ്ങളുടെ വീടിനകത്ത് ചിന്താവിഷ്ടയായി ഇരിക്കുന്ന ആയിഷായുടെ മുന്നിലെത്തി. നിമിഷാർധം കൊണ്ടാണ് റസിയ ആയിഷയുടെ കാൽപാദങ്ങളിലേക്ക് വീണത്. ഭർത്താവ് മുഹർറംഅലി ചെയ്ത പാതകത്തിന് അവർ മാപ്പ് അപേക്ഷിച്ചപ്പോൾ ആ ദീനസ്വരത്തിൽ ആയിഷയ്ക്ക് ഒരു മറുചിന്ത തോന്നിയതേയില്ല. 24 വയസ്സ് മാത്രം പ്രായമായ തന്റെ മകൻ ആസിഫിനെ സൗദിയിലെ അൽഹസയിൽ വെച്ച് കൊലപ്പെടുത്തിയ ഘാതകന്റെ സഹധർമ്മിണിയാണിതെന്നും അവർ ചിന്തിച്ചില്ല. തന്റെ മകന് അത്ര ആയുസ്സ് മാത്രമെ അല്ലാഹു നിശ്ചയിച്ചിട്ടുള്ളൂ എന്നാണ് ആ മാതൃഹൃദയം സമാധാനിച്ചത്. ഇനി അതിന്റെ പേരിൽ മറ്റൊരാളെ കൊലയ്ക്ക് കൊടുത്താൽ തനിക്കോ, മറ്റാർക്കോ ഒന്നും നേടാനില്ലെന്നും, തന്റെ കയ്യൊപ്പ് മൂലം അയാൾക്ക് ജീവിതം കിട്ടുമെങ്കിൽ അതായിക്കൊള്ളട്ടെ എന്നുമാണ് ആയിഷ ചിന്തിച്ചത്. 'ഭർത്താവ് തിരിച്ചെത്തി നിങ്ങളെങ്കിലും സുഖമായി ജീവിക്കുക' തേങ്ങലിന്റെ അകമ്പടിയോടെ ഇതുരുവിട്ടാണ് കാലിൽ വീണ് കരയുകയായിരുന്ന റസിയായെ ആയിഷ പിടിച്ചെഴുന്നേൽപ്പിച്ചത്. ഇരു സ്ത്രീ ഹൃദയങ്ങളും എന്തൊക്കെയോ വിലപിച്ച് കണ്ണീർ വാർക്കുന്നത് കണ്ട് ഈ രംഗത്തിന് സാക്ഷികളായ എല്ലാവരുടെ മുഖത്തും തികഞ്ഞ മ്ലാനത പടർന്നു.

ഒരു കൈപ്പിഴയും രണ്ട് കുടുംബങ്ങളും 
തഞ്ചാവൂർ-പട്ടുകൊട്ടൈ താലൂക്കിലെ അത്തിവെട്ടി സ്വദേശിയായ അർജ്ജുനൻ കൊലപാതകക്കേസിൽ പ്രതിയായി വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്തിലെ ജയിലിലായിരുന്നു. കുവൈത്തിലെ ജലബിൽ സൈനിക ക്യാമ്പുകളുടെ കരാർ ജോലിക്കാരനായാണ് 47-കാരനായ അർജ്ജുനൻ അഞ്ച് വർഷം മുമ്പ് ഗൾഫിലെത്തിയത്. പെരിന്തൽമണ്ണക്കടുത്ത കരിഞ്ചാപ്പാടി സ്വദേശിയായ യുവാവും അർജ്ജുനനോടൊപ്പം അവിടെ ജോലിക്കാരനായിരുന്നു. 2013 സെപ്റ്റംബർ 21-ന് ജോലി സ്ഥലത്ത് വെച്ച് ഇരുവരും തമ്മിലുണ്ടായ വാക്തർക്കം പക്ഷേ, കൈവിട്ട് പോയത് ഇരുവരുടേയും നിർഭാഗ്യം അതൊന്നുകൊണ്ട് മാത്രമായിരുന്നിരിക്കണം. അപ്രതീക്ഷിതമായുണ്ടായ അന്നത്തെ കശപിശക്കിടയിൽ മലപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. സ്ഥലത്തെത്തിയ കുവൈത്ത് പോലീസ് അർജ്ജുനനെ വിലങ്ങ് വെച്ചു. രണ്ട് വർഷം നീണ്ട് നിന്ന വിചാരണയ്ക്ക് ശേഷം 2015-ൽ കുവൈത്ത് കോടതി അർജ്ജുനന് വധശിക്ഷ വിധിച്ചു. അപ്പീൽ സമർപ്പിച്ചെങ്കിലും മേൽക്കോടതിയും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം പ്രതിക്ക് മാപ്പ് നൽകാൻ സന്നദ്ധമാണെങ്കിൽ വധശിക്ഷയിൽ പുനഃപരിശോധന ആകാമെന്നും അപ്പീൽ കോടതി ചൂണ്ടിക്കാട്ടി. അതിനുള്ള സമയവും അനുവദിച്ചു. ഭർത്താവ് അർജ്ജുനന് വധശിക്ഷ വിധിച്ച വിവരമറിഞ്ഞ് ഭാര്യ മാലതി മോഹലാസ്യപ്പെട്ടു. കണ്ണീർക്കൂട്ടുമായി മാലതി മലപ്പുറത്തേക്കോടി. മലയാളം ഒട്ടും സംസാരിക്കാനറിയില്ല മാലതിയ്ക്ക്. കൊല്ലപ്പെട്ട യുവാവിന്റെ മലപ്പുറത്തുള്ള കുടുംബത്തോട് മാലതിയുടെ നിസ്സഹായ മുഖവും കണ്ണീർ ഭാഷയുമാണ് സംസാരിച്ചത്. 30 ലക്ഷം രൂപ ആ കുടുംബം ആവശ്യപ്പെട്ടതോടെ മാലതിയുടെ പ്രതീക്ഷകൾ കരിയുകയായിരുന്നു. അരുമ മകൾ പൂജയ്ക്ക് പിതാവിനെ തിരിച്ച് കൊടുക്കാനായി ഉള്ള കിടപ്പാടം കിട്ടിയ വിലക്ക് വിൽപ്പന നടത്തി. കൂടിയ വില ലഭിയ്ക്കാനായി ഒരു കാത്തിരിപ്പ് അവർക്കാകില്ലായിരുന്നു. വിഹ്വലമായ മനസ്സോടെയുള്ള പെടാപാടിനൊടുവിൽ വിയർപ്പിൽ കുതിർന്ന അഞ്ച്‌ലക്ഷം രൂപയുമായി മാലതിയും പിതാവും പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തുകയായിരുന്നു.

അപ്രതീക്ഷിത ആഘാതം
അപ്രതീക്ഷിതമായ ഒരാഘാതമായിരുന്നു ഉത്തർപ്രദേശ്-ഗോണ്ട സ്വദേശി മുഹർറംഅലി ഷഫീയുള്ളയുടെ കുടുംബത്തിനും, ഒറ്റപ്പാലം സ്വദേശി ആസിഫിന്റെ കുടുംബത്തിനുമുണ്ടായത്. 
അൽഹസയിലെ പെട്രോൾ പമ്പ് ജീവനക്കാരായിരുന്നു മുഹർറം അലി. ഒറ്റപ്പാലം സ്വദേശി 24-കാരനായ ആസിഫ് ഇതേ പെട്രോൾ പമ്പിൽ സൂപ്രവൈസറുമായിരുന്നു. ഇരുവരും നല്ല സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ നിസ്സാര പ്രശ്‌നത്തിന്റെ പേരിൽ ഇവർക്കിടയിൽ മാനസിക അകൽച്ച ഉണ്ടായതായി പറയുന്നു. ഇക്കാരണം മൂലമാണെന്ന് പറയപ്പെടുന്നു ഉറങ്ങിക്കിടക്കുകയായിരുന്ന ആസിഫിനെ പച്ചക്കറി അരിയുന്ന കത്തി കൊണ്ട് മുഹർറം അലി കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവ ദിവസം തന്നെ മുഹറം അലിയെ (40) സൗദി പോലീസ് അറസ്റ്റ് ചെയ്തു. ആറു വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ ദാരുണ സംഭവം. നിർധന കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളുമായിരുന്നു കൊല്ലപ്പെട്ട അവിവാഹിതനായ ആസിഫെന്ന യുവാവ്. സ്വന്തമായി വീടും കിടപ്പാടവുമില്ല. വാടക വീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ആസിഫിന്റെ വേർപാടിൽ നിന്ന് ഉടലെടുത്ത ദുരിതക്കണ്ണീർ ആ യുവാവിന്റെ കുടുംബത്തിൽ ഇന്നും നിലനിൽക്കുകയുമാണ്.
ആസിഫിന്റെ കുടുംബത്തിന് നീതി ലഭിയ്ക്കാനായി അൽഹസ കെ.എം.സി.സി നിരന്തരമായ നിയമ പോരാട്ടം നടത്തി. ആസിഫ് വധക്കേസ്സിൽ മുഹർറം അലിയ്ക്ക് വധശിക്ഷയാണ് ശരീഅത്ത് കോടതി വിധിച്ചത്. ഇതോടെ മനോനില തെറ്റിയ മുഹർറംഅലിയെ ജയിലിൽനിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിക്ക് മാനസിക വിഭ്രാന്തി ഉള്ളത് കൊണ്ട് വധശിക്ഷ നടപ്പാക്കുന്നത് മാറ്റി വെക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് മുഹർറംഅലി സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. തുടർന്ന് ബന്ധപ്പെട്ടവർ ശിക്ഷ നടപ്പാക്കാനുള്ള തീരുമാനം കൈകൊണ്ടു. 

 കെ.എം.സി.സി അൽഹസാ യൂനിറ്റ് ഭാരവാഹികൾ ഉത്തർപ്രദേശുകാരനായ മുഹർറംഅലിയുടെ വിലാസം കണ്ടെത്തി അയാളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. ചെറിയ ആൺകുട്ടിയും വിവാഹ പ്രായമായ രണ്ട് പെൺമക്കളുമടങ്ങുന്ന തീർത്തും നിർധന കുടുംബമാണ് മുഹർറം അലിയുടേത്. പ്രതിയോ, അയാളുടെ കുടുംബമോ കൊല്ലപ്പെട്ട വ്യക്തിയുടെ ആശ്രിതർക്ക് ന്യായമായ നഷ്ടപരിഹാരത്തുക നൽകിയാണ് സമാന സംഭവങ്ങളിൽ പ്രതിക്ക് മാപ്പ് നൽകിയതായുള്ള രേഖ കൈപ്പറ്റാറുള്ളത്. ഇത്തരത്തിൽ നഷ്ടപരിഹാരം നൽകാനുള്ള സാമ്പത്തിക സാഹചര്യം മുഹർറംഅലിയുടെ കുടുംബത്തിനില്ല. 
ആസിഫ് വധക്കേസ്സിൽ സജീവമായ പ്രവർത്തിച്ച അൽഹസാ  കെ.എം.സി.സി പ്രവർത്തകർ വിഷയത്തിൽ ഒരു പുനർവിചിന്തനം നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആസിഫിന്റെ കുടുംബവുമായി അവർ ബന്ധപ്പെടുകയായിരുന്നു. ആസിഫിന്റെ കുടുംബം പ്രതിയ്ക്ക് മാപ്പ് നൽകാൻ തയ്യാറായാൽ കേസിലെ പ്രതി മുഹർറം          അലിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനാകും. അതേസമയം മകന്റെ വേർപാടിന്റെ പേരിൽ ഒരു ചില്ലിക്കാശും വേണ്ടെന്ന നിലപാടിലായിരുന്നു കൊല്ലപ്പെട്ട ആസിഫിന്റെ മാതാവ് ആയിഷ ഉൾപ്പടെയുള്ളവർ. കെ.എം.സി.സി യൂനിറ്റ് ഭാരവാഹികളായ ഇബ്രാഹിം മുഹമ്മദ്, ടി.കെ കുഞ്ഞാലസ്സൻ, മജീദ് കൊടശ്ശേരി, സി.എം കുഞ്ഞിപ്പ ഹാജി, സി.പി ഗഫൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇരു വീട്ടുകാരുമായും ബന്ധപ്പെട്ട് അവരെ പാണക്കാട്ടേക്ക് വിളിപ്പിക്കുകയായിരുന്നു.
  മനസ്സ് നിറയെ പ്രതീക്ഷകളും പേറി ഉത്തർപ്രദേശിലെ ഗോണ്ട റെയിൽവേ സ്റ്റേഷനിൽനിന്ന് മുഹർറംഅലിയുടെ ഭാര്യ റസിയയും, സഹോദരങ്ങളും തീവണ്ടി മാർഗം തിരൂരിലെത്തി അവിടെനിന്ന് ബസിൽ പാണക്കാട്ടെത്തി.  
ഒറ്റപ്പാലത്ത് നിന്ന് ആസിഫിന്റെ മാതാവ് ആയിഷയും കുടുംബവും വിവരമറിഞ്ഞ് പാണക്കാട്ടെത്തിയിരുന്നു. വികാരനിർഭരമായ സംഗമമാണ് പിന്നെ അവിടെ കണ്ടത്. 
'ഈ പുണ്യ റമദാൻ മാസത്തിൽ ഞങ്ങൾ നിരുപാധികം മാപ്പുതരുന്നു'. വിടരും മുമ്പേ കൊഴിഞ്ഞ് പോയ മകനെയോർത്ത് വിതുമ്പിയ ആയിഷയെന്ന മാതൃഹൃദയത്തിന്റെ വിശാല മനസ്സിന്റെ പ്രേരണയിൽ അത്രയും പറഞ്ഞപ്പോഴേക്കും ഈ രംഗത്തിന് സാക്ഷ്യം വഹിച്ചവർ സൂചി തറയിൽ വീണാൽ പോലും കേൾക്കുന്ന വിധം മൂകരായി നിലകൊള്ളുകയായിരുന്നു. പ്രതി മുഹർറംഅലിയ്ക്ക് മാപ്പ് നൽകിയതായി ഒപ്പ് വെച്ച ഔദ്യോഗിക  രേഖ പാണക്കാട് സാദിഖലി തങ്ങളുടെ കൈകളിലേക്ക് നീട്ടുമ്പോൾ ആയിഷയെന്ന മാതാവിന്റെ കൈകൾക്ക് നേരിയ വിറയൽ പോലുമുണ്ടായിരുന്നില്ല. മനസ്സ് കൊണ്ട് എല്ലാവരോടും ആയിരം തവണ നന്ദിപറഞ്ഞ് റസിയയും കുടുംബവും പാണക്കാട് മുറ്റത്ത് നിന്ന് സ്വദേശത്തേക്ക് മടങ്ങുമ്പോൾ, സാരിത്തലപ്പ് കൊണ്ട് കണ്ണീർതുടച്ച് ആയിഷയും കുടുംബവും ഒറ്റപ്പാലത്തേക്കും തിരിച്ചു. 
ഗൾഫിൽ കൊലക്കേസിലകപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് മാപ്പ് നൽകണമെന്ന ആവശ്യവുമായി നാട്ടിലുള്ള പ്രതിയുടെ ഭാര്യ, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ  സമീപിക്കുന്നതാണ് കമൽ സംവിധാനം ചെയ്ത 'പെരുമഴക്കാലം' എന്ന സിനിമയുടെ പ്രമേയം. ഇതിന് സമാനമാണ് തമിഴ്‌നാട്ടുകാരിയായ മാലതിയുടേയും, ഉത്തർപ്രദേശുകാരിയായ റസിയയുടേയും ദുര്യോഗം. 

കെ.എം.സി.സി വീട് നിർമിച്ച് നൽകും
സ്വന്തമായി വീടില്ലാതെ ഒറ്റപ്പാലത്ത് വാടകവീട്ടിൽ കഴിയുന്ന ആയിഷക്കും കുടുംബത്തിനും സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വസ്തു വാങ്ങി വീട് നിർമ്മിച്ച് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇവരുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. സാമ്പത്തികമായി കടുത്ത പ്രയാസത്തിലുമാണ്. തന്റെ മകനെ കൊലപ്പെടുത്തിയ അന്യ സംസ്ഥാനക്കാരനായ പ്രതിയിൽനിന്ന് ഒരു രൂപ പോലും കൈപ്പറ്റാതെയാണ് ആയിഷ അയാൾക്ക് മാപ്പ് നൽകിയത്. ഇവരുടെ ദൈന്യാവസ്ഥ നേരിൽ കണ്ട് അലിവ് തോന്നിയ കെ.എം.സി.സി പ്രവർത്തകർ ഉചിതമായ തീരുമാനം കൈകൊണ്ടാണ് ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുള്ളത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് പിന്നീട് ആ പ്രഖ്യാപനം നടത്തിയതും. 
മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ എന്നിവരും, കെ.എം.സി.സി ഭാരവാഹികളായ ഖാദർ ചെങ്കള, ഡോ.അബ്ദുൽ സലാം, സൗദി നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ്, അൽ ഹസാ യൂനിറ്റ് ഭാരവാഹി അബ്ദുൽ സലാം, അബ്ദുറഹ്മാൻ ദാരിമി, സിദ്ദീഖ് വയനാട്, അഫ്‌സൽ ചേളാരി, അബൂബക്കർ ഹാജി, റസാഖ് എടരിക്കോട്, ഷറഫുദ്ദീൻ വാളക്കുളം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

Latest News