Sorry, you need to enable JavaScript to visit this website.

ലോക വനിതാ ബോക്‌സിംഗ്: ഇന്ത്യക്ക് നാല് മെഡല്‍ ഉറച്ചു

ന്യൂദല്‍ഹി - ഇന്ത്യ വേദിയൊരുക്കുന്ന ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് ആതിഥേയ താരങ്ങള്‍ മെഡലുറപ്പാക്കി. ലവ്‌ലിന ബോര്‍ഗഹൈന്‍, നീതു ഗാംഗസ്, നിഖാത് സറീന്‍, സവീറ്റ ബൂറ എന്നിവരാണ് സെമി ഫൈനലിലെത്തിയത്. ഇതാദ്യമായാണ് ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നിലേറെ മെഡല്‍ നേടുന്നത്. സാക്ഷി ചൗധരി, മനീഷ് മൂന്‍, ജയ്‌സ്മിന്‍ ലംബോറിയ, നൂപുര്‍ ഷ്യോറാന്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റു. ചൈനയാണ് ഏഴ് മെഡലുമായി മുന്നില്‍, കസാഖിസ്ഥാന്റെ ആറ് പേര്‍ സെമിയിലെത്തി. ഇന്ത്യക്കൊപ്പം കൊളംബിയക്കും നാല് മെഡലുറച്ചു. 
75 കിലൊ വിഭാഗത്തില്‍ മൂന്നാമത്തെ ലോക ചാമ്പ്യന്‍ഷിപ് മെഡലാണ് ലവ്‌ലിന നേടിയത്. കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡലുകാരി മൊസാംബിക്കിന്റെ റാഡി ഗ്രമാനെയെ ഇരുപത്തഞ്ചുകാരി 5-0 ന് തോല്‍പിച്ചു. സെമി ഫൈനലില്‍ ലവ്‌ലിനക്ക് നേരിടേണ്ടത് കരുത്തയായ എതിരാളിയെയാണ്. 2018 ലെ ലോക ചാമ്പ്യനും രണ്ട് ഒളിംപിക് മെഡലിനുടമയുമായ ചൈനയുടെ ലി ക്വിയാനെ. നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ നീതു 48 കിലൊ വിഭാഗത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ലോക മെഡലിനുടമയായ ജപ്പാന്റെ മദോക്ക വാദയെ നീതു ഇടിച്ചു മുന്നേറിയപ്പോള്‍ റഫറി ഇടപെട്ട് പോരാട്ടം നിര്‍ത്തി. ലോക ചാമ്പ്യന്‍ഷിപ് ഫൈനലിസ്റ്റും നിലവിലെ ഏഷ്യന്‍ ചാമ്പ്യനുമായ കസാക്കിസ്ഥാന്റെ അലൂവ ബാല്‍കിബെകോവയെയാണ് നീതു സെമിയില്‍ നേരിടുക. 
നിലവിലെ ലോക ചാമ്പ്യന്‍ നിഖാത് 50 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്‌ലന്റുകാരി ചുതാമത് റസ്‌കത്തിന്റെ ശക്തമായ വെല്ലുവിളിയാണ് അതിജീവിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡുകള്‍ നേടിയ താരമാണ് തായ്‌ലന്റുകാരി. കൊളംബിയയുടെ ഒളിംപിക് മെഡലുകാരി ഇന്‍ഗ്രിറ്റ് വലന്‍സിയയാണ് സെമിയിലെ എതിരാളി. സവീതി 2018 ലെ ലോക ചാമ്പ്യന്‍ഷിപ് വെങ്കല മെഡലുകാരി ബെലാറൂസിന്റെ വിക്ടോറിയ കെബികാവയെ 5-0 ന് തകര്‍ത്തു. 

Latest News