Sorry, you need to enable JavaScript to visit this website.

അവരെ തെറി വിളിക്കുന്നതിനുമുമ്പ് ഇതൊന്നു വായിക്കണം

കേരളത്തില്‍ കാലവര്‍ഷം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. പലയിടത്തും മരങ്ങള്‍ കടപുഴകിയും മറ്റും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. പലയിടത്തും അതിവേഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്തുത്യര്‍ഹമായ സേവനമാണനുഷ്ടിക്കുന്നത്.
എന്നാല്‍ കെ.എസ്.ഇ.ബിക്കാരോടുള്ള നമ്മുടെ സമീപനം ശരിയാണോ എന്നു ചോദിക്കുകയാണ് കെ.എസ്.ഇ.ബി കോഴിക്കോട് ചേളന്നൂര്‍ ഓഫീസില്‍ സീനീയര്‍ അസിസ്റ്റന്റായ സുരേഷ്‌കുമാര്‍.
 
സമൂഹമാധ്യമങ്ങളില്‍ രണ്ട് തെറി പോസ്റ്റ് ഇടുന്നതുകൊണ്ട് പോയ കരണ്ട് വരുമോഎന്നും തെറി വിളിക്കുന്നതിന് മുമ്പ് അല്‍പം ക്ഷമ കാണിക്കണ്ടേ എന്നുമാണ് സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കാറുള്ള മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കുമാറിന്റെ ചോദ്യം.
 
ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം
 
ജനസേവനതല്‍പരരായ രാഷട്രീയക്കാര്‍ മുതല്‍ വീട്ടില്‍ നാമജപവും സീരിയലുമായി കഴിയുന്ന അമ്മമ്മമാര്‍ വരെ ഒട്ടും സഭ്യമല്ലാത്ത ഭാഷയില്‍ തെറി വിളിക്കുന്ന ഒരു വിഭാഗമുണ്ടെങ്കില്‍ അത് കെ.എസ്.ഇ.ബി ജീവനക്കാരാണ്.
 
കുറച്ചു ദിവസങ്ങളായി കാലവര്‍ഷത്തോടൊപ്പം ഉശിരന്‍ കാറ്റും അരങ്ങു തകര്‍ക്കുന്നതോടെ വൈദ്യുതി മുടക്കം പതിവായി. കുറച്ചു നേരം കരണ്ട് പോയാല്‍ നിലച്ചുപോവും വിധം ദുര്‍ബലമായ ഒരു സെറ്റപ്പാണ് മലയാളിയുടെ വീടും കുടുംബവും എന്നുള്ളതിനാല്‍ ഓഫീസുകളിലേക്ക് തുരുതുരാ ഫോണ്‍ വിളിയാണ്. ഇങ്ങനെ വിളിക്കുന്നതില്‍ ചെറിയ ശതമാനം ആളുകള്‍ മനോഹരമായ ഭാഷ കൈവശമുള്ളവരാണ്. അവര്‍ ജീവനക്കാരന്റെ പിതൃസ്മരണ പുതുക്കിയാണ് അരിശം തീര്‍ക്കുന്നത്.
 
അതെന്തെങ്കിലും ആവട്ടെ, കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ ഓരോ സെക്്ഷന്‍ ഓഫീസിനു കീഴിലും ഒരു പാട് പോസ്റ്റുകള്‍ പൊട്ടി വീണു. മരം വീണ് ലൈനുകള്‍ അറ്റുപോയി. കെ.എസ്.ഇ.ബി  ജീവനക്കാരും കരാര്‍ തൊഴിലാളികളും 24 മണിക്കൂറും കിണഞ്ഞു ശ്രമിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുകൊണ്ട് വരികയാണ്. എന്നാല്‍ ജനം അക്ഷമരാണ്. അവര്‍ക്ക് എത്രയും പെട്ടെന്ന് കരണ്ട് വന്നിരിക്കണം. രാത്രി കാലങ്ങളില്‍ പോസ്റ്റില്‍ കയറി പണിയെടുക്കുന്നതിലെ പ്രയാസങ്ങളെപ്പറ്റി അറിയാത്തവരല്ല ഇവര്‍. എന്നാലും 'എങ്ങനെയെങ്കിലും ഇങ്ങള് കരണ്ട് വരുത്തി ' എന്നാണ് അവരുടെ അപേക്ഷ.
 
പലരുടെയും ഫ്രിഡ്ജില്‍ ഇറച്ചിയും മീനും കിലോക്കണക്കിന് സൂക്ഷിച്ചിട്ടുണ്ട്. പലര്‍ക്കും എ.സിയും ഫാനും ഇല്ലാതെ ഉറക്കം വരില്ല... ന്യായമാണ് അവരുടെ ആവശ്യങ്ങള്‍.... തടസ്സമില്ലാത്ത വൈദ്യുതിയാണ് നമുക്ക് ആവശ്യം. പക്ഷെ, പ്രകൃതി ഒന്ന് കോപിച്ചാല്‍, ശക്തമായ കാറ്റ് അഞ്ച് മിനിറ്റ് വീശിയടിച്ചാല്‍ തീര്‍ന്നു പോവുന്നതേ ഉള്ളു നമ്മുടെ സംവിധാനം .പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ ഒന്നും നിലനില്‍ക്കില്ലെന്ന സത്യവും മനസ്സിലാക്കുമ്പോള്‍, കെ.എസ്.ഇ.ബി  ജീവനക്കാരാട് അല്‍പം കൂടി ക്ഷമിക്കണം. കാര്യം മനസ്സിലാക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ജീവനക്കാരെ അപഹസിക്കരുത്. ജീവന്‍ പണയം വെച്ചാണ് നഷ്ടപ്പെട്ട വൈദ്യുതി ബന്ധം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാന്‍ അവര്‍ നെട്ടോട്ടമോടുന്നത്. കാരണം അത്രമേല്‍ സമ്മര്‍ദമാണ് അവര്‍ക്കു മേലുള്ളത്. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന സഹായം ചെയ്തു കൊടുക്കുകയാണ് നാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. വിളിച്ചാല്‍ ഓഫീസില്‍ ഫോണെടുക്കില്ലെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ ആ ഓഫീസില്‍ നേരിട്ടൊന്ന് ചെന്നു നോക്കുക. കാര്യം അപ്പോള്‍ മനസ്സിലാകും.
 

Latest News