ജോസൂട്ടി മാണി കോണ്‍ഗ്രസിലെ രാഹുല്‍; പരിഹാസവുമായി ജയശങ്കര്‍

തിരുവനന്തപുരം- കോട്ടയത്ത് കെ.എം മാണിയുടെ മകനെ കാലുവാരി തോല്‍പിക്കാമെന്ന് മനപ്പായസം ഉണ്ട കോണ്‍ഗ്രസുകാര്‍ ബ്ലീച്ചായെന്ന് അഡ്വ.ജയശങ്കറിന്റെ പരിഹാസം. മാണിസാറിന്റെ കഴിവും സാമര്‍ത്ഥ്യവും പരോപകാര വ്യഗ്രതയും അതേ അളവില്‍, അല്ലെങ്കില്‍ ഒരല്‍പം കൂടിയ തോതില്‍ ജോസൂട്ടിക്കും കിട്ടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധി എന്നു വിളിക്കുന്നത് വെറുതെയല്ല. രാഹുല്‍ഗാന്ധി നയിക്കുന്ന മൂന്നാം യു.പി.എ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയല്ലെങ്കില്‍ സ്വതന്ത്ര ചുമതലയുളള സഹമന്ത്രി എങ്കിലും ആകാന്‍ സാധ്യതയുളളയാളാണ് ജോസ് കെ മാണിയെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനനുവദിച്ച രാജ്യസഭാ സീറ്റില്‍ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജോസഫ് എം പുതുശ്ശേരി മുതല്‍ സജി മഞ്ഞക്കടമ്പന്‍ വരെ പല പേരുകളും പരിഗണിക്കപ്പെട്ടിരുന്നു. ഗാഢമായ ആലോചനകള്‍ക്കൊടുവില്‍, രാജ്യസഭാംഗമാകാന്‍ ഏറ്റവും യോഗ്യന്‍ ജോസൂട്ടിയാണെന്ന് കണ്ടെത്തി. ലോക്‌സഭാംഗത്വം ത്യജിച്ചിട്ടാണ് ജോസ് രാജ്യസഭാംഗമാകുന്നത്. അതും കാലാവധി തീരാന്‍ കഷ്ടിച്ച് ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍. കോട്ടയത്ത് മാണിയുടെ മകനെ കാലുവാരി തോല്‍പിക്കാമെന്ന് മനപ്പായസം ഉണ്ട കോണ്‍ഗ്രസുകാര്‍ ബ്ലീച്ചായി. മാണിസാറിന്റെ കഴിവും സാമര്‍ത്ഥ്യവും പരോപകാര വ്യഗ്രതയും അതേ അളവില്‍, അല്ലെങ്കില്‍ ഒരല്പം കൂടിയ തോതില്‍ ജോസൂട്ടിക്കും കിട്ടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും നല്ല പാര്‍ലമെന്റേറിയനുളള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. കേരള കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധി എന്നു വിളിക്കുന്നത് വെറുതെയല്ല. രാഹുല്‍ഗാന്ധി നയിക്കുന്ന മൂന്നാം യുപിഎ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയല്ലെങ്കില്‍ സ്വതന്ത്ര ചുമതലയുളള സഹമന്ത്രി എങ്കിലും ആകാന്‍ സാധ്യതയുളളയാളാണ് നിതാന്ദ്യവന്ദ്യ ദിവ്യശ്രീ ജോസ് കെ മാണി. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
 

Latest News