ന്യൂദല്‍ഹി- ഇടിഞ്ഞു താഴ്ന്ന അദാനി ലോക ശതകോടീശ്വരന്മാരില് 23-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് മുകേഷ് അംബാനി. 2023ലെ ലോക സമ്പന്നരെ പട്ടികപ്പെടുത്തിയുള്ള ഹുറൂണ്‍ റിച്ച് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ ആസ്തി 82 ബില്യണ്‍ യു. എസ് ഡോളര്‍.
അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ ആസ്തിയില്‍ 28 ബില്യന്‍ കുറഞ്ഞ് 53 ബില്യനായി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദാനിയുടെ ഓഹരി നിക്ഷേപത്തില്‍ വന്‍ ഇടിവുണ്ടായത്. ഇന്ത്യയിലെ ധനികരില്‍ അദാനി രണ്ടാമനായി.
മുകേഷ് അംബാനിയുടെ ആസ്തിയിലും 20 ശതമാനം കുറവുണ്ടായിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പദവി നേടാനായി. ഏഷ്യയിലെ സമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് ചൈനീസ് വ്യവസായി ഴോങ് ഷാന്‍ഷാനാണ്.
ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര് ചൈനയിലും യു എസിലുമാണുള്ളത്. അതിനു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
ഹുറൂണ്‍ പട്ടികയില്‍ സൈറസ് പൂനാവാല 46-ാം സ്ഥാനത്തും ശിവ് നാടാര്‍ ഫാമിലി 50-ാം സ്ഥാനത്തുമാണുള്ളത്. ഈ പട്ടികയില്‍ 15 പേരാണ് ഇന്ത്യയില്‍ നിന്നും പുതിയതായി എത്തിയിരിക്കുന്നത്. എന്നാല്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്.
കഴിഞ്ഞ വര്‍ഷം 3384 പേര്‍ക്ക് 100 കോടി ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 3112 പേരായി കുറഞ്ഞു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് 70 ബില്യണ്‍ ഡോളറിന്റെ കുറവും ഇലോണ്‍ മസ്കിന് 48 ബില്യണിന്റെ കുറവുമുണ്ട്.






