Sorry, you need to enable JavaScript to visit this website.

ആവേശരാവില്‍ ജിദ്ദ, വേഗപ്പോരില്‍ എഫ്-1 

ജിദ്ദ - യോഗ്യതാ റൗണ്ട് തുടങ്ങാനിരിക്കെ ഫോര്‍മുല വണ്‍ കാര്‍ റെയ്‌സിന്റെ ആവേശക്കാഴ്ചകള്‍ക്കൊരുങ്ങി സൗദി അറേബ്യയുടെ തുറമുഖ നഗരം. മൂന്ന് പ്രാക്ടീസ് സെഷനുകളും അവസാനിച്ചതോടെ പോരാട്ടത്തിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായി. ഫോര്‍മുല വണ്ണിലെ ഏറ്റവും വേഗമേറിയ സ്ട്രീറ്റ് സര്‍ക്യൂട്ടില്‍ ഞായറാഴ്ച പത്തരക്കാണ് പ്രധാന മത്സരം ആരംഭിക്കുക. 
കഴിഞ്ഞ തവണ സീസണിലെ അവസാന മത്സരങ്ങളിലൊന്നിന് സാക്ഷിയായ ജിദ്ദയില്‍ ഇത്തവണ സീസണിലെ രണ്ടാമത്തെ റെയ്‌സാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാക്‌സ് വെര്‍സ്റ്റാപ്പനും ചാള്‍സ് ലെക്ലാര്‍ക്കും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജിദ്ദയില്‍ കണ്ടത്. ഇത്തവണയും ആവേശം വാനോളമുയരാനാണ് സാധ്യത. അപകടങ്ങള്‍ തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. 
ബഹ്‌റൈനിലെ ആദ്യ ഗ്രാന്റ്പ്രിയില്‍ റെഡ് ബുള്‍ ഡ്രൈവര്‍മാരായ വെര്‍സ്റ്റാപ്പനും സെര്‍ജിയൊ പെരേസുമായിരുന്നു ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്. ആസ്റ്റണ്‍ മാര്‍ടിന്റെ നാല്‍പത്തൊന്നുകാരന്‍ ഫെര്‍ണാണ്ടൊ അലോണ്‍സൊ ഏറെക്കാലത്തിനു ശേഷം വിജയപീഠം കയറിയത് ആവേശം സൃഷ്ടിച്ചിരുന്നു. രണ്ടു തവണ ലോക ചാമ്പ്യനായ അലോണ്‍സൊ കരിയറിലെ നൂറാമത്തെ പോഡിയം ഫിനിഷാണ് ജിദ്ദയില്‍ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ചയിലെ ആദ്യ പരിശീലന സെഷനില്‍ വെര്‍സ്റ്റാപ്പന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു അലോണ്‍സോ്. റെഡ് ബുള്ളിന്റെ തന്നെ സെര്‍ജിയൊ പെരസ് മൂന്നാം സ്ഥാനത്തെത്തി. പുതിയ സീസണിനായി അലോണ്‍സൊ കഠിനമായി ഒരുങ്ങിയിട്ടുണ്ടെന്ന് കാമുകിയും ടി.വി ജേണലിസ്റ്റുമായ ആന്ദ്രെ ഷഌഗര്‍ പറഞ്ഞു. 
എന്നാല്‍ മെഴ്‌സിഡസിന്റെയും ഏഴു തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ടന്റെയും മോശം പ്രകടനമാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. പരിശീലന സെഷനില്‍ ഹാമില്‍ടണ്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു. മെഴ്‌സിഡസ് കഴിഞ്ഞ സീസണില്‍ ഒരു റെയ്‌സ് മാത്രമേ ജയിച്ചിരുന്നുള്ളൂ. തന്റെ ദീര്‍ഘകാല പെര്‍ഫോമന്‍സ് കോച്ച് എയ്ഞ്ചല കല്ലനുമായി വേര്‍പിരിഞ്ഞതായി വെള്ളിയാഴ്ച ഹാമില്‍ടണ്‍ വെളിപ്പെടുത്തിയിരുന്നു. 
ഫെരാരിയുടെ ചാള്‍സ് ലെക്ലാര്‍ക്കിന് 10 പോയന്റ് ഗ്രിഡ് പെനാല്‍ട്ടി നല്‍കിയത് ജിദ്ദയില്‍ റെഡ് ബുള്ളിന് കൂടുതല്‍ മേധാവിത്തം നല്‍കും. വയറ് വേദന കാരണം ജിദ്ദയില്‍ വൈകിയാണ് എത്തിയതെങ്കിലും കഴിഞ്ഞ രണ്ടു സീസണിലും ചാമ്പ്യനായ വെര്‍സ്റ്റാപ്പന്‍ പരിശീലന സെഷനുകളില്‍ ഫോം പ്രകടിപ്പിച്ചു.
 

Latest News