Sorry, you need to enable JavaScript to visit this website.

ട്രീസ-ഗായത്രി കുതിപ്പ് സെമിയില്‍ നിലച്ചു

ബേമിംഗ്ഹാം - മലയാളി താരം ട്രീസ ജോളിയുടെയും ദേശീയ കോച്ച് പി. ഗോപിചന്ദിന്റെ പുത്രി ഗായത്രിയുടെയും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ കുതിപ്പ് നിലച്ചു. തുടര്‍ച്ചയായും വനിതാ ഡബ്ള്‍സില്‍ ഇരുവരും സെമി ഫൈനലില്‍ തോറ്റു. ലോക ഇരുപതാം നമ്പര്‍ തെക്കന്‍ കൊറിയയുടെ ബെക് നാ ഹാ-ലീം സോംഗ് ഹീ ജോഡിക്കു മുന്നില്‍ ഇരുവരും പൊരുതിനില്‍ക്കാനായില്ല (10-21, 10-21).
കൊറിയന്‍ ജോഡിയുടെ നിരന്തരമായ ആക്രമണത്തിനു മുന്നില്‍ അല്‍പം പകച്ചുപോയെന്ന് ഗായത്രി ഗോപിചന്ദ് പറഞ്ഞു. പഴുതു കിട്ടിയപ്പോള്‍ ആക്രമിച്ചെങ്കിലും അവരുടെ പ്രതിരോധം മികച്ചതായിരുന്നുവെന്ന കണ്ണൂര്‍ ചെറുപുഴ സ്വദേശി ട്രീസ കൂട്ടിച്ചേര്‍ത്തു. ഗായത്രിയുടെ പിതാവ് ഗോപിചന്ദാണ് അവസാനമായി ഓള്‍ ഇംഗ്ലണ്ട് കിരീടം നേടിയ ഇന്ത്യന്‍ താരം, 2001 ല്‍. 1980 ല്‍ ആദ്യമായി ഈ ടൂര്‍ണമെന്റില്‍ കിരീടം നേടിയത് പ്രകാശ് പദുക്കോണായിരുന്നു. 
പത്തൊമ്പതുകാരി ട്രീസയും ഇരുപതുകാരി ഗായത്രിയും കൂടുതല്‍ ഉയര്‍ന്ന സീഡുള്ള കളിക്കാരികളെ തോല്‍പിച്ചാണ് ഇത്രയും മുന്നേറിയത്. ആദ്യ റൗണ്ടില്‍ ഏഴാം സീഡ് തായ്‌ലന്റിന്റെ ജോംഗോല്‍ഫാന്‍ കിതിതറക്കുല്‍-രവീന്ദ പ്രജോംഗ്ജായ് സഖ്യത്തെയും പ്രി ക്വാര്‍ട്ടറില്‍ ലോക ഒമ്പതാം നമ്പര്‍ ജപ്പാന്റെ യൂകി ഫുകുഷിമ-സയാക ഹിരോത ജോഡിയെയും ഇരുവരും കീഴടക്കിയിരുന്നു. ഫുകുഷിമയും ഹിരോതയും മുന്‍ ഒന്നാം നമ്പര്‍ ജോഡിയാണ്. അതേസമയം ഗായത്രിയും ട്രീസയും ലോക പതിനേഴാം നമ്പറാണ്. 
സെമി ഫൈനലില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ് മെഡല്‍ നേടിയ ലീ സോംഗ് ഹീയുടെ പരിചയസമ്പത്ത് പ്രകടമായിരുന്നു. ലീക്ക് ഇത് പ്രതികാരം കൂടിയാണ്. ലീ-ഷിന്‍ സ്യുംഗ് ചാന്‍ സഖ്യത്തെ ഗായത്രിയും ട്രീസയും കഴിഞ്ഞ വര്‍ഷം സെമിയിലേക്കുള്ള വഴിയില്‍ തോല്‍പിച്ചിരുന്നു. 
2021 ല്‍ മാത്രമാണ് ഗായത്രിയും ട്രീസയും ഒരുമിച്ചു കളിക്കാന്‍ തുടങ്ങിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ ഈ ജോഡി ഇക്കഴിഞ്ഞ ഏഷ്യന്‍ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ ലോക ഏഴാം നമ്പര്‍ ടാന്‍ പേളി-തിന്ന മുരളീധരന്‍ സഖ്യത്തെ തോല്‍പിച്ചിരുന്നു. 
പി.വി. സിന്ധു, ലക്ഷ്യ സെന്‍, എച്ച്.എസ് പ്രണോയ്, കിഡംബി ശ്രീകാന്ത്, സത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി, ധ്രുവ് കപില-എം.ആര്‍.അര്‍ജുന്‍ എന്നിവരെല്ലാം ആദ്യ രണ്ട് റൗണ്ട് പിന്നിടും മുമ്പെ പുറത്തായിരുന്നു.
 

Latest News