- നദാൽ-ദെൽപോട്രൊ സെമി
പാരിസ് - മുൻ ചാമ്പ്യൻ ഗർബീൻ മുഗുരുസയെ 6-1, 6-4 ന് തകർത്ത് ടോപ് സീഡ് സിമോണ ഹാലെപ് മൂന്നാം തവണ ഫ്രഞ്ച് ഓപൺ ടെന്നിസിന്റെ വനിതാ ഫൈനലിലെത്തി. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി യെലേന ഓസ്റ്റാപെങ്കോയോട് ഫൈനലിൽ തോൽക്കുകയായിരുന്നു. 2014 ലും ഫൈനലിൽ തോറ്റു. റുമാനിയക്കാരി ഇതുവരെ ഗ്രാന്റ്സ്ലാം നേടിയിട്ടില്ല. ഫൈനലിലെത്തിയതോടെ ഹാലെപ് ഒന്നാം റാങ്ക് നിലനിർത്തി. മുഗുരുസക്കാണ് ഹാലെപ്പിനെ മറികടക്കാനുള്ള അവസരമുണ്ടായിരുന്നത്.
അമേരിക്കക്കാരികൾ തമ്മിലുള്ള പോരാട്ടത്തിൽ മാഡിസൻ കീസിനെ 6-4, 6-4 ന് തകർത്ത സ്ലോൻ സ്റ്റീഫൻസുമായാണ് ഹാലെപ് ഫൈനൽ കളിക്കുക. കഴിഞ്ഞ യു.എസ് ഓപൺ ഫൈനലിന്റെ ആവർത്തനമായിരുന്നു സ്ലോനും കീസും തമ്മിലുള്ള പോരാട്ടം. ഈ വിജയത്തോടെ സ്ലോൻ ലോക റാങ്കിംഗിൽ ആദ്യ അഞ്ചിലെത്തി. 2006 ൽ ലിന്റ്സെ ഡാവൻപോർടാണ് ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ച അവസാനത്തെ അമേരിക്കക്കാരി. ഇപ്പോൾ കീസിന്റെ കോച്ചാണ് ഡാവൻപോർട്.
പുരുഷ സെമിയിൽ റഫായേൽ നദാലും യുവാൻ മാർടിൻ ദെൽപോട്രോയും ഏറ്റുമുട്ടും. മൂന്നാം സീഡ് മാരിൻ സിലിച്ചിനെ 7-6 (7-5), 5-7, 6-3, 7-5 ന് മിറകടന്ന ദെൽപോട്രൊ ആനന്ദക്കണ്ണീരുമായാണ് കോർട് വിട്ടത്. ഒമ്പതു വർഷത്തിനു ശേഷമാണ് അർജന്റീനക്കാരൻ റോളാങ്ഗാരോയിൽ സെമി ഫൈനൽ കാണുന്നത്. സിലിച്ചിനെ തുടർച്ചയായ എട്ടാം തവണയാണ് ദെൽപോട്രൊ കീഴടക്കുന്നത്.
കഴിഞ്ഞ ദിവസം ആദ്യ സെറ്റ് നഷ്ടപ്പെട്ടു നിൽക്കേ മഴ തടസ്സപ്പെടുത്തിയ കളിയിൽ നദാൽ അർജന്റീനയുടെ ഡിയേഗൊ ഷ്വാർട്സ്മാനെ കീഴടക്കി (4-6, 6-3, 6-2, 6-2). പത്തു തവണ ചാമ്പ്യനായ നദാലിനെ ആദ്യ ദിനം വെള്ളം കുടിപ്പിച്ച അർജന്റീനക്കാരൻ ഇന്നലെ മുൻ ചാമ്പ്യന്റെ കരുത്തിനു മുന്നിൽ നിഷ്പ്രഭനായി.