വാഷിംഗ്ടണ്‍- ലോസ്ഏഞ്ചല്‍സിലെ മുന്‍ മേയറും 52കാരനുമായ എറിക് ഗാര്‍സെറ്റിയെ ഇന്ത്യയില്‍ അംബാസഡറായി നിയമിക്കാന്‍ അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം. രണ്ടു വര്‍ഷമായി ഇന്ത്യയില്‍ യു. എസിന് അംബാസഡര്‍ ഉണ്ടായിരുന്നില്ല. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് കെന്‍ ജസ്റ്ററായിരുന്നു ഇന്ത്യയില്‍ ഒടുവില്‍ ്അംബാസഡറായി സേവനം അനുഷ്ഠിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഭാഗം തലവനായിരുന്നു ഗാര്‍സെറ്റി. ഇദ്ദേഹത്തെ ഇന്ത്യയില്‍ അംബാസഡറാക്കാന്‍ 2021ലാണ് പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍ തന്റെ സഹായിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ മേയര്‍ കൈകാര്യം ചെയ്ത രീതിയെ ചൊല്ലിയുണ്ടായ വിവാദം അദ്ദേഹത്തിന് അനുകൂലമായ തീരുമാനമെടുക്കുന്നത് വൈകിക്കുകയായിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി യു. എസില്‍ അംബാസഡര്‍മാരെ നിയമിക്കാന്‍ സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്.
കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബി. എയും എം. എയും നേടിയ ഗാര്‍സെറ്റി ഓക്‌സ്‌ഫോര്‍ഡിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും ഓക്‌സിഡന്റല്‍ കോളജിലും യു. എസ്. സി. യിലുമായാണ് വിദ്യാഭ്യാസം നടത്തിയത്. പന്ത്രണ്ട് വര്‍ഷം യു. എസ് നേവി റിസര്‍വിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2017ല്‍ ലഫ്റ്റനന്റ് ആയാണ് വിരമിച്ചത്. ജാസ് പിയാനിസ്റ്റും ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. ആമി എലൈന്‍ വേക്ക്‌ലാന്‍ഡാണ് ഭാര്യ. ഇവര്‍ക്ക് ഒരു മകളുണ്ട്.






