രണ്ടു ദിവസത്തിനകം എയര്‍ ഇന്ത്യയിലെ മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍

ന്യൂദല്‍ഹി- സാങ്കേതിക തകരാറുകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ട എയര്‍ ഇന്ത്യയില്‍ രണ്ടു ദിവസത്തിനകം മുടങ്ങിയത് മൂന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍. സാങ്കേതിക തകരാറുകള്‍ കാരണം വിമാനം നിലത്തിറക്കിയതിനെ തുടര്‍ന്ന് ഷിക്കാഗോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നത്. രണ്ട് വിമാനങ്ങളും ബോയിംഗ് 777 ആണെന്ന് അധികൃതര്‍ അറിയിച്ചു. 

മൂന്നാമത്തെ വിമാനം പാരീസിലാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കുടുങ്ങിയത്. പാരീസില്‍ നിന്ന് ദല്‍ഹിയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

വിമാനത്തിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്രയ്ക്ക് പ്രശ്‌നങ്ങള്‍ നേരിട്ട എല്ലാ യാത്രക്കാര്‍ക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതായും അവരെ ഇതര വിമാനങ്ങളില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ശ്രമങ്ങളും നടത്തിയതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

Latest News