Sorry, you need to enable JavaScript to visit this website.

കാണിച്ച ആഭരണങ്ങള്‍ സഹോദരിമാരില്‍നിന്ന് ഊരിവാങ്ങിയത്; ഇ.ഡിക്കെതിരെ തേജസ്വി യാദവ്

ന്യൂദല്‍ഹി- വീട്ടില്‍നിന്ന് പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രദര്‍ശിപ്പിച്ച ആഭരണങ്ങള്‍ സഹോദരിമാരുടെയും അവരുടെ ഭര്‍ത്താക്കന്മാരുടെ ബന്ധുക്കളുടെയും ആഭരണങ്ങള്‍ ഊരിവാങ്ങിയതാണെന്ന്  ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വസതിയില്‍നിന്ന് 600 കോടിയുടെ  അഴിമതി തെളിവുകള്‍ കണ്ടെടുത്തെന്ന ഇ.ഡി വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷാ ആയാലും മറ്റ് ആരെങ്കിലും ആയാലും ശരി, ഈ ഏജന്‍സികള്‍ക്കു വേണ്ടി ഒരേ തിരക്കഥ എഴുതുന്നത് നിര്‍ത്തണമെന്നും വേറെ എഴുതണമെന്നും തേജസ്വി പറഞ്ഞു. ഞങ്ങള്‍ ആര്‍ജെഡിക്കാര്‍  ബിജെപിയെയോ ആര്‍എസ്എസിനെയോ പോലെ രാഷ്ട്രീയമീമാംസ വിദ്യാര്‍ത്ഥികളല്ല. പ്രയോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളും അതിനായി ജനപിന്തുണ ഉള്ളവരുമാണ്. ബിജെപിക്കാര്‍ രാഷ്ട്രീയ പോരാട്ടത്തില്‍നിന്ന് ഒളിച്ചോടുന്നവരാണ്- തേജസ്വി യാദവ് പറഞ്ഞു.  
ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത ഒരു കോടി രൂപയും 600 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തതായി ഇ.ഡി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട  അഴിമതിക്കേസിലായിരുന്നു ഇ.ഡി റെയ്ഡ്.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇ. ഡി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്നേയും കുടുംബത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച തേജസ്വി യാദവ് അദാനിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷണം പ്രഖ്യാപിക്കാന്‍ മോഡി തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. നൂറു കോടിയുടെ കണക്ക് പറയുന്നതിന് മുമ്പ് എട്ടായിരം കോടിയുടെ കണക്കാണ് പരിശോധിക്കേണ്ടത്. 2017ലും ഇതേപോലെ പരിശോധനയുമായി ഇവര്‍ രംഗത്തെത്തിയിരുന്നുവെന്നും എന്നിട്ടെന്തായെന്നും അദ്ദേഹം ചോദിച്ചു. തന്റെ വീട്ടില്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പറച്ചില്‍ കേട്ടാല്‍ തോന്നുകയെന്നും അവര്‍ക്ക് വേണ്ടത് അവര്‍ ചെയ്യട്ടെയെന്നും പറഞ്ഞ തേജസ്വി തങ്ങള്‍ക്ക് പറ്റുന്നത് തങ്ങളും ചെയ്യാമെന്നും പറഞ്ഞു.
തന്റെ മുഖം കണ്ടിട്ട് അവര്‍ അദാനിയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചെന്നാണ് തോന്നുന്നതെന്ന് തേജസ്വി യാദവ് പരിഹസിച്ചു. തങ്ങള്‍ക്കെതിരെ കള്ളക്കഥകളുണ്ടാക്കി നാടുമുഴുവന്‍ പറഞ്ഞു നടക്കാനാണ് ശ്രമിക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ കണക്ക് പുറത്തുവിടട്ടെയെന്നും റെയില്‍വേ കഥ എത്ര കാലമായി പറഞ്ഞു നടക്കുന്നുവെന്നും പുതിയ കഥയൊന്നും കയ്യിലില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News