രക്ഷക്കെത്തുന്നത് ജിന്നുകളല്ല, മനുഷ്യര്‍ തന്നെയാണ്; സൗദി അനുഭവം

ഇന്ത്യക്കാരനെ സഹായിച്ച ഹീറോ. ഹാദി അല്‍ ഖഹ്താനി

അര്‍ധ രാത്രി വാഹനം കേടായി വിജന പ്രദേശത്ത് കുടുങ്ങിയപ്പോള്‍ എങ്ങുനിന്നോ ഒരാള്‍ വാഹനത്തിലെത്തി സഹായിച്ച അനുഭവങ്ങള്‍ പലരും പങ്കുവെക്കാറുണ്ട്. ഒന്നും രണ്ടുമല്ല സൗദിയില്‍ ജീവിക്കുന്ന ധാരാളം പ്രവാസികള്‍ ഇത്തരം കഥകള്‍ പറയുന്നു. പാതി രാത്രി സമയത്ത് വാഹനം ശരിയാക്കാന്‍ സഹായിച്ചിട്ടും നേരെയായില്ലെന്നും തുടര്‍ന്ന് രക്ഷകനായി വന്നയാള്‍ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും അന്ന് രാത്രി കുടുംബ സമേതം അവിടെ തങ്ങിയെന്നും അനുഭവങ്ങള്‍ പങ്കിട്ടവരുണ്ട്. അടുത്ത ദിവസം ഇതേയാള്‍ തന്നെയാണ് മെക്കാനിക്കിനെ കൊണ്ടുവന്ന് വാഹനം ശരിയാക്കി യാത്ര അയച്ചതെന്നും അവര്‍ പറയും.

പലരും ഒരേ കഥ ആവര്‍ത്തിക്കുകയല്ല. റോഡുകളും സ്ഥലവും സമയവുമൊക്കെ വ്യത്യാസപ്പെട്ടിരിക്കും. വഴി തെറ്റി എവിടെയോ എത്തിയപ്പോള്‍ സ്വന്തം പിക്കപ്പ് മുന്നിലോടിച്ച് പരിചിതമായ റോഡിലെത്താന്‍ സഹായിച്ച കഥകളും പറയും.
ജിന്നിനെ പോലെ ഒരാളെത്തി സഹായിച്ചുവെന്നാണ് പലരും പറയുക. മറ്റുള്ളവര്‍ക്ക് ഇത്തിരിയൊക്കെ സഹായം നല്‍കുന്നതുകൊണ്ടാണ് ആപത് കാലത്ത് ഇങ്ങനെയുള്ള സഹായം ലഭിക്കുന്നതെന്ന് അവിശ്വസനീയമെന്ന് അവര്‍ക്കും കേള്‍ക്കുന്നുവര്‍ക്കും തോന്നുന്ന സംഭവ വിവരണങ്ങള്‍ക്കുശേഷം കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.

അന്നം തേടിയെത്തിയ നാട്ടില്‍ കഫീലുമാരുടെ ഉപദ്രവങ്ങളെ കുറിച്ച് പ്രവാസികള്‍ക്ക് ധാരാളം പേര്‍ക്ക് പറയാനുള്ളപ്പോള്‍ തന്നെയാണ് പല കാര്യങ്ങളിലും ജിന്നിനെ പോലെയെത്തി സഹായം നല്‍കുന്ന സൗദികളെ കുറിച്ചും ആളുകള്‍ക്ക് നൂറു നാവോടെ പറയാനുള്ളത്.
അവിചാരിതമായി സഹായവുമായി മുന്നിലെത്തുന്ന സൗദികള്‍ ജിന്നുകളല്ല, മനുഷ്യര്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമാണ് കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടെ ഒരാള്‍  ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനെ ഓര്‍ത്ത് സങ്കടപ്പെടുകയും അയാളെ ജയില്‍മോചിതനാക്കി നാട്ടിലേക്ക് അയക്കണമെന്ന ദൃഡനിശ്ചയത്തിലെത്തുകയും ചെയ്തു.
തന്നെ പോലെ തന്ന സഹജീവി സ്‌നേഹമുള്ളവരെമ്പാടും ചുറ്റുമുണ്ടെന്ന തോന്നല്‍ അദ്ദേഹത്തെ പത്ത് ദിവസം കൊണ്ട് ആ മാജിക്ക് പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. രണ്ടു കോടി രൂപയോളം വരുന്ന റിയാലാണ് ഹാദി ബിന്‍ ഹമൂദ് ബിന്‍ ഹാദി അല്‍ഖഹ്താനി സ്വരൂപിച്ചത്.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഇന്ത്യക്കാരനു വേണ്ടി, പോലീസുകാര്‍ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാദി ഈ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. സൗിയില്‍ ജയിലുകളിലും ആശുപത്രികളിലും കുടങ്ങുന്നവരെ സഹായിക്കാന്‍ നമ്മുടെ സംഘടനകള്‍ മത്സരിക്കാറുണ്ടെങ്കിലും ഇവിടെ മറ്റൊരു ലക്ഷ്യവും കാണാനില്ല.
സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭ്യര്‍ഥനയിലൂടെ ആവശ്യമായ തുക കണ്ടെത്തിയ ഉടന്‍ സൗദി പൗരന്‍ അക്കൗണ്ട് ക്ലോസ് ചെയ്യുയും ചെയ്തു.
നാലു പേര്‍ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഉത്തരേന്ത്യക്കാരന്‍ അവദേശ് സാഗറിന്റെ  മോചനത്തിനുവേണ്ടി രംഗത്തുവന്ന സൗദി പൗരനെ നമുക്ക് എങ്ങനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയും.  റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അല്‍ഹസാത്ത് റോഡിലുണ്ടായ  അപകടത്തിലാണ് സൗദി യുവാവും കുടുംബവും മരിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴി 9,55,000 റിയാല്‍ മോചനദ്രവ്യം കണ്ടെത്തിയ ഹാദി റിയാദ് ഗവര്‍ണറേറ്റ് വഴി കുടുംബത്തിന് പണം കൈമാറി അവദേശിനെ ഉടന്‍ മോചിപ്പിക്കും.
2021 മെയ് 14 നായിരുന്നു അവദേശ് ജയിലിലായ അപകടം. ബീശക്കും മുസാഹ്മിയക്കുമിടയില്‍ അല്‍ഹസാത്ത് റോഡിലെ ഖൈമില്‍ അവദേശ് ഓടിച്ചിരുന്ന ടാങ്കര്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന പിക്കപ്പിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് റോഡില്‍ നിന്ന് തെറിച്ചുപോവുകയും ഡ്രൈവറും അദ്ദേഹത്തിന്റെ മാതാവും രണ്ടു സഹോദരിമാരും മരിക്കുകയും ഒരു സഹോദരി പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
ഹൗസ് െ്രെഡവര്‍ വിസയിലായിരുന്ന അവദേശിന് ലൈസന്‍സോ വാഹനത്തിന് ഇന്‍ഷുറന്‍സോ ഉണ്ടായിരുന്നില്ല. വെള്ളം കൊണ്ടുപോകുന്ന ടാങ്കറാണ് ഓടിച്ചിരുന്നത്. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇദ്ദേഹത്തിനാണെന്നായിരുന്നു ട്രാഫിക് പോലീസ് റിപ്പോര്‍ട്ട്.
കേസ് അല്‍ഖുവയ്യാ പബ്ലിക് കോടതിയിലെത്തുകയും കോടതി മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് 7,50,000 റിയാലും പരിക്കേറ്റ സ്ത്രീക്ക് 1,55,000 റിയാലും നല്‍കാന്‍ ഉത്തരവിട്ടു. പണം നല്‍കുന്നത് വരെ ഇദ്ദേഹത്തെ അല്‍ഹസാത്ത് ട്രാഫിക് ജയിലിലേക്ക് അയച്ചു.
സ്വന്തമായി വീടുപോലുമില്ലാത്തവരാണ് അവദേശിന്റെ ഭാര്യ സുശീല ദേവിയും 10 മക്കളുമടങ്ങുന്ന കുടുംബം. അവദേശിന്റെ മോചനത്തിന് കുടുംബം സര്‍ക്കാറുകളെയും മറ്റും സമീപിച്ചിരുന്നെങ്കിലും ഫലവുമുണ്ടായിരുന്നില്ല.
ഇതിനിടെ ചില പോലീസുകാര്‍ വഴിയാണ്  അവദേശിന്റെ വിവരം ഹാദി അല്‍ഖഹ്താനി അറിഞ്ഞതും ഒരിക്കല്‍ കൂടി സൗദികളുടെ കാരുണ്യം പ്രവാസികളെ ബോധ്യപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചതും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News