ഗള്‍ഫിലേക്ക് വിമാനം കയറുംമുമ്പ് മോഷണം, ബാധ്യത തീര്‍ക്കാനെന്ന് കള്ളന്‍

കോഴിക്കോട്- സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീയുടെ കഴുത്തില്‍നിന്ന് സ്വര്‍ണ മാല പിടിച്ചുപറിച്ചതിനെ തുടര്‍ന്ന് പിടിയിലായ യുവാവ് നല്‍കിയ മൊഴി പോലീസുകാര്‍ക്ക് അവിശ്വസനീയമായി.
ഗള്‍ഫിലേക്ക് വിമാനം കയറാനിരിക്കെയാണ് കോഴിക്കോട് കല്ലായി കട്ടയാട്ടുപറമ്പ് സ്വദേശി സിക്കന്ദര്‍ മിര്‍സ (30) പിടിച്ചുപറിക്കിറങ്ങിയത്. ഗള്‍ഫില്‍ പോകുന്നതിനു മുമ്പ് നാട്ടിലെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ചക്കിറങ്ങിയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. വിദേശ യാത്ര മുടങ്ങിയ യുവാവ് ജയിലില്‍ റിമാന്‍ഡിലായി.
വിദേശത്തു ജോലിക്കു പോകുന്നതിന്റെ തലേദിവസമാണ് സ്‌കൂട്ടറില്‍ കറങ്ങി സ്വര്‍ണ മാല പിടിച്ചുപറിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായത്.
വിദേശത്തേക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതി മോഷണത്തിനിറങ്ങിയത്.
ചക്കുംകടവില്‍ നിന്നു ബന്ധുവിനെ കണ്ടുമടങ്ങുകയായിരുന്ന കൊളത്തറ സ്വദേശിനി സരോജിനിയുടെ രണ്ടുപവന്‍ തൂക്കം വരുന്ന താലിമാലയാണ് സ്‌കൂട്ടറിലെത്തിയ സിക്കന്ദര്‍ പിടിച്ചുപറിച്ചത്.
വീട്ടമ്മയുടെ  പരാതിയെത്തുടര്‍ന്ന് പന്നിയങ്കര പോലീസ് അന്വേഷണം നടത്തിവരവേ രാത്രി ഏഴുമണിയോടെ കല്ലായി ഭാഗത്തുവച്ച് സംശയാസ്പദ സാഹചര്യത്തില്‍ സിക്കന്ദറിനെ കാണുകയും ചോദ്യം ചെയ്യുകയുമായിരുന്നു.
ഇയാള്‍ സ്‌കൂട്ടറിലെത്തുന്ന സി.സി.  ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഇതും പ്രതിയെ തിരിച്ചറിയാന്‍ സഹായമായി.
ബാങ്കില്‍ സ്വര്‍ണാഭരണം പണയം വച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും ഇത് തീര്‍ത്ത ശേഷം വിദേശത്തേക്കു പോകാനാണ് കവര്‍ച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു. വിദേശത്തേക്ക് പോയാല്‍ ആര്‍ക്കും സംശയമുണ്ടാകില്ലെന്ന കണക്കുകൂട്ടലും പ്രതിക്ക് പ്രേരണ ആയെന്ന്  പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News