Sorry, you need to enable JavaScript to visit this website.

ഇറാനുമായി എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നിട്ടില്ല; അതിനുള്ള വഴിയാണ് കരാര്‍-സൗദി വിദേശമന്ത്രി

റിയാദ്-ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും ഭിന്നതകള്‍ പരിഹരിക്കണമെന്ന സൗദി അറേബ്യയുടേയും ഇറാന്റേയുംതാല്‍പര്യപ്രകാരമാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്ന് ഇതിനര്‍ഥമില്ലെന്ന് അേേദ്ദാഹം കൂട്ടിച്ചേര്‍ത്തു.
ചൈന നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിലെത്തിയത്. ഏഴ് വര്‍ഷം നീണ്ട സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും എംബസികള്‍ തുറക്കാനും സമ്മതിച്ചിട്ടുണ്ട്.
കരാര്‍ പ്രകാരം ഉടന്‍ തന്നെ ഇറാന്‍ വിദേശമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന്  ശര്‍ഖുല്‍ ഔസത്ത് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളില്‍  നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. സ്വാഭാവികമായും  ഭാവിയില്‍ ഇരുരാജ്യങ്ങളിലേക്കും സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മതം, സംസ്‌കാരം, ചരിത്രം തുടങ്ങി നിരവധി പൊതു സ്വഭാവമുള്ള അയല്‍ രാജ്യങ്ങളാണ് സൗദി അറേബ്യയും ഇറാനുമെന്ന് സൗദി വിദേശ മന്ത്രി എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള  അഭിപ്രായവ്യത്യാസങ്ങള്‍ ക്ക് പരിഹാരം കാണാന്‍ കരാര്‍ സഹായിക്കും. ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും സമാധാനപരമായ വഴികളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഭിന്നതകള്‍ പരിഹരിക്കാനുള്ള ആഗ്രഹമാണ് കരാറിലെത്തിച്ചത്.  ഇറാനുമായി ഒരു പുതിയ അധ്യായമാണ് തുറക്കപ്പെടുന്നത്.  സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിലും വികസനത്തിനും സമൃദ്ധിക്കും ഉതകുന്ന തരത്തിലും സഹകരണത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടേയും മാത്രമല്ല, മൊത്തം മേഖലയുടെ കാര്യത്തില്‍തന്നെ ഇത് വികസനവും സമൃദ്ധിയും കൊണ്ടുവരുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News