VIDEO അല്ലാഹു ബധിരനാണോ; ബാങ്ക് വിളി ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ്

മംഗളൂരു- ബാങ്ക് വിളി പ്രാര്‍ഥന അല്ലാഹു മൈക്കിലൂടെ മാത്രമാണോ കേള്‍ക്കുകയെന്ന ചോദ്യവുമായി കര്‍ണാടക മുന്‍ മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ കെ.എസ്. ഈശ്വരപ്പ. ദക്ഷിണ കന്നഡയില്‍ വിജയ് സങ്കല്‍പ യാത്രയുട ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് ഈശ്വരപ്പയുടെ വിവാദ പരാമര്‍ശം. പ്രാര്‍ഥനകള്‍ ഉച്ചഭാഷണിയിലൂടെ നടത്തിയാല്‍ മാത്രമേ അല്ലാഹു കേള്‍ക്കുകയുള്ളൂവെന്ന അദ്ദേഹത്തിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എവിടെ ഞാന്‍ പോയാലും ഈ ഉച്ചഭാഷണി തലവേദനയായിരിക്കയാണെന്ന് മംഗളൂരുവിനു സമീപം കവൂരില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഉച്ചഭാഷണിയിലൂടെ മാത്രം കേള്‍ക്കുന്നവരെ നാം ബധിരന്മാരെന്നാണ് വിളിക്കാറുള്ളത്. ഇതുസംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് നല്‍കിയിട്ടുള്ളതാണ്. ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുകയാണ്. അതില്‍ ആര്‍ക്കും സംശയം വേണ്ട-ഈശ്വരപ്പ പറഞ്ഞു. എല്ലാ മതങ്ങളേയും ആദരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തിട്ടുണ്ട്. പക്ഷേ, അല്ലാഹു ഉച്ചഭാഷണികളിലൂടെ നടത്തിയാല്‍ മാത്രമേ പ്രാര്‍ഥനകള്‍ കേള്‍ക്കുന്നുള്ളൂ-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മളും ക്ഷേത്രങ്ങളില്‍ പ്രാര്‍ഥന നടത്തുന്നുണ്ട്. ശ്ലോകങ്ങളും ഭജനകളും പാടുന്നു. ഇവരേക്കാള്‍ നമ്മള്‍ക്കാണ് ദൈവത്തോട് ഭക്തിയുള്ളത്. മതങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വിവാദമായതിനെ തുടര്‍ന്ന് ഈശ്വരപ്പ വിശദീകരണം നല്‍കിയിട്ടുണ്ട്. മതത്തെ അപലപിക്കാനായിരുന്നില്ല തന്റെ പ്രസ്താവനയെന്നും അല്ലാഹു കേള്‍ക്കുമെന്നും ഈ മുസ്ലിംകളാണ് മൂന്നും നാലും മൈക്ക് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ശല്യമാകുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു.  

 

Latest News