അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ സമ്മതം; സുരേഷ് ഗോപിക്ക് മറുപടിയുമായി എം.വി.ഗോവിന്ദന്‍

ആലപ്പുഴ- സുരേഷ് ഗോപി സിനിമാ ഡയലോഗുകള്‍ തട്ടിവിട്ടതുകൊണ്ടൊന്നും ബി.ജെ.പി കേരളത്തില്‍ രക്ഷപ്പെടില്ലെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ജയിക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളം പിടിച്ചടക്കുമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനാണ് എം.വി.ഗോവിന്ദന്റെ മറുപടി. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പകുതി സമ്മതമാണ്. ആര്‍ക്ക്?  കെട്ടാന്‍ തീരുമാനിച്ചയാള്‍ക്ക്. പക്ഷെ ബീവിക്ക് സമ്മതമല്ല. അതാണ് കാര്യം. ഇമ്മാതിരി ഡയലോഗുകൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ല- എം വി ഗോവിന്ദന്‍ പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ബിജെപി പറയാറുണ്ട്. അവരിവിടെ ജയിക്കുമെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുപ്പത് സീറ്റ് പിടിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ്. എന്നിട്ട് ഉണ്ടായിരുന്ന ഒരു സീറ്റുംപോയി. വോട്ട് ശതമാവും കുറഞ്ഞു. സുരേഷ് ഗോപിയെപ്പോലുളളവര്‍ കുറച്ച് സിനിമാ ഡയലോഗുകള്‍ തട്ടിവിട്ടാല്‍, അതൊക്കെയാണ് കേരളത്തില്‍ ജയിക്കാനുളള മാര്‍ഗമെന്ന് പറഞ്ഞാല്‍ കേരളം അത് അംഗീകരിക്കാന്‍ പോകുന്നില്ല- എം വി ഗോവിന്ദന്‍ പറഞ്ഞു.
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന ജനശക്തിറാലിക്കിടെയായിരുന്നു സുരേഷ് ഗോപി തൃശൂര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞത്. ഏത് ഗോവിന്ദന്‍ വന്നാലും ഹൃദയംകൊണ്ട് തൃശൂര്‍ എടുക്കുമെന്നും കേരളം ബിജെപി പിടിച്ചെടുക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
തൃശൂര്‍ നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും. ഒരു നരേന്ദ്രന്‍ വടക്കുനിന്ന് ഇറങ്ങിവന്ന് കേരളം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കും. ഈ വാക്കുകള്‍ സിപിഎമ്മിന്റെ കൂലിയെഴുത്തുകാരായ ട്രോളന്മാര്‍ക്കുവേണ്ടിയാണ്. സര്‍ക്കാര്‍ നിയോഗിച്ച അന്തംകമ്മിക്കൂട്ടങ്ങള്‍, ചൊറിയന്‍മാക്രി കൂട്ടങ്ങള്‍..വരൂ എന്നെ ട്രോള്‍ ചെയ്ത് വളര്‍ത്തൂ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News