സൗദികളുടെ ജീവകാരുണ്യം; ഇന്ത്യക്കാരന്റെ ജയില്‍ മോചനത്തിന് 9,45,000 റിയാല്‍ സംഭാവന

ഹാദി ബിന്‍ ഹമൂദ് ബിന്‍ ഹാദി അല്‍ ഖഹ്താനി

റിയാദ്- സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്റെ മോചനത്തിന് സ്വദേശി പൗരന്‍ 9,45,000 റിയാല്‍ സ്വരൂപിച്ച് നല്‍കി.
റിയാദ് സ്വദേശിയായ ഹാദി ബിന്‍ ഹമൂദ് ബിന്‍ ഹാദി അല്‍ ഖഹ്താനിയാണ് ജീവകാരുണ്യത്തിന്റെ വലിയ മാതൃക കാണിച്ചിരിക്കുന്നതെന്ന് ഒ.ഐ.സി.സി പ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു.
മൂന്ന് വനിതകളടക്കം നാല് സൗദികള്‍ മരിച്ച വാഹനാപകടത്തെ തുടര്‍ന്നാണ് ഇന്ത്യക്കാരന്‍ ജയിലിലായത്. അപകടത്തില്‍ ഒരു സൗദി വനിതക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോടതി 9,45,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

നാലുവര്‍ഷമായി അല്‍ഹസാത്ത് ജയിലില്‍ കഴിയുന്ന അവദേഷ് സാഗറിന്റെ മോചനത്തിനാണ് ഹാദി ബിന്‍ ഹമൂദ് രംഗത്തുവന്നത്. ദിയ നല്‍കാനാവാതെ ഒരു ഇന്ത്യക്കാരന്‍ ജയിലില്‍ കഴിയുന്നുവെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ഹാദി തന്റെ ദൗത്യം ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പത്ത് ദിവസം കൊണ്ട് ഹാദി രണ്ടു കോടിയോളം രൂപ സ്വരൂപിച്ചതെന്ന് അഷ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു.

നമ്മള്‍ ജോലിയെടുത്ത് ജീവിക്കുന്ന സൗദിയില്‍ ഇത്തരത്തില്‍ ഇന്ത്യക്കാരോട് അനുകമ്പ കാണിക്കുന്ന ധാരാളം സ്വദേശികളുണ്ടെന്നും വലിയ മാതൃക കാണിച്ച ഹാദി ബിന്‍ ഹമൂദിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News