Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നീതിയുടെ വെളിച്ചം എത്ര അകലെ...?

അബ്ദുന്നാസർ മഅ്ദനിയുടെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിൽ, അത്യന്തം ക്ഷീണിതനായി, ഏറെ ഇടറിയ സ്വരത്തിലുള്ള വാക്കുകൾ കേട്ട് വീണ്ടും കേരളത്തിലെ നല്ലവരായ ആളുകൾ അദ്ദേഹത്തിന് വേണ്ടി ശബ്ദമുയർത്തുകയാണ്. മാനുഷിക പരിഗണന നൽകി, ഒട്ടുമിക്ക പേരും മഅ്ദനിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോൾ, ഒറ്റപ്പെട്ടതെങ്കിലും, അതിനെതിരെ സ്വരമുയർത്തുന്നവരും ഉണ്ട്. മഅ്ദനിയുടെ പൂർവ്വകാല നിലപാടുകളോട് പൂർണമായി വിയോജിപ്പുള്ളവർ പോലും, അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്ന നീതിലംഘനത്തോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, പുതിയ പല ആരോപണങ്ങളും, സോഷ്യൽമീഡിയ ബോധപൂർവ്വം അദ്ദേഹത്തിന് മേൽ ചാർത്തുന്നുമുണ്ട്. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ട് സംഭവം, മഅ്ദനി ആഹ്വാനം നടത്തിയത് മൂലമാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലരുടെ കണ്ടെത്തൽ. അദ്ദേഹത്തിന് എതിരെ വ്യാജമായ പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പറയപ്പെടുന്നു. സാമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗത്തുള്ള ഒട്ടേറെ പേർ മഅ്ദനിയ്ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി  ഉന്നയിക്കുന്നുണ്ട്. 

മഅ്ദനിയും ജയിൽവാസവും
1990കളിൽ, എൽ.കെ അഡ്വാനി നടത്തിയ രഥയാത്രയ്‌ക്കെതിരെയും, ഹിന്ദുത്വ വാദികളുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾക്കെതിരേയും ഘനഗംഭീര മുഴക്കത്തോടെ ശബ്ദിച്ച് കൊണ്ടാണ് മഅ്ദനി കേരളത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. വിശിഷ്യാ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് വൻ സ്വീകാര്യതയുമുണ്ടായി. മഅ്ദനി പ്രസംഗിക്കുന്നിടത്തെല്ലാം വൻ ജനാവലിയും തടിച്ച് കൂടി. ബാബ്‌രി മസ്ജിദ് തകർച്ചയെ തുടർന്ന്, മുസ്‌ലിംലീഗിൽ പിളർപ്പുണ്ടാവുകയും, യശശ്ശീരനായ ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ അധ്യക്ഷതയിൽ ഐ.എൻ.എൽ രൂപമെടുക്കുകയും ചെയ്തതോടെ, സുലൈമാൻ സേട്ടുവുമായി അബ്ദുന്നാസർ മഅ്ദനി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. ഇത് 
ലീഗിനെ  വലിയ തോതിൽ അസ്വസ്ഥമാക്കിയിരുന്നു. സേട്ടുവും മഅ്ദനിയും ഇടത്പക്ഷത്തോടൊപ്പം നിലകൊള്ളണമെന്ന്  ഇ.എം.എസ് അഭിപ്പായപ്പെടുന്ന രാഷ്ട്രീയ സാഹചര്യം പോലുമുണ്ടായി. എന്നിരുന്നാലും വിവിധ കോണുകളിൽ നിന്നായി മഅ്ദനിക്ക് അതിശക്തമായ എതിർപ്പുകളും നേരിടേണ്ടതായി വന്നു. തന്റെ 27ാം വയസ്സിൽ കൊല്ലത്ത് വെച്ച് ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ബോംബാക്രമണത്തെ തുടർന്ന് മഅ്ദനിയുടെ വലത് കാൽ മുറിച്ച് മാറ്റി. ഒരു കാലുമായാണ് ഇത്രയും കാലം അദ്ദേഹം ജിവിക്കുന്നത്.
മഅ്ദനി എന്ന വ്യക്തിയും, ന്യൂനപക്ഷദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി എന്ന നിലയിൽ അദ്ദേഹം രൂപീകരിച്ച പാർട്ടിയും, കൂടുതലായും വെല്ലുവിളി ഉയർത്തിയത് മുസ്‌ലിംലീഗിനാണ്. മഅ്ദനിയെ പ്രത്യക്ഷത്തിൽ എതിർത്ത പ്രഥമ രാഷ്ട്രീയ കക്ഷി ലീഗായതിനാൽ, സ്വാഭാവികമായും, യു.ഡി.എഫിന്റെ എതിർപ്പും മഅ്ദനി നേരിടേണ്ടിവന്നു. തീവ്രവാദ പ്രസംഗങ്ങളിലൂടെ, മുസ്‌ലിം യുവതയെ രാജ്യദ്രോഹികളാക്കി മാറ്റുകയാണെന്ന പ്രചാരണവും ഇതിനകം ശക്തമായി. യഥാർത്ഥത്തിൽ സംഘ്പരിവാർ ശക്തികളായിരുന്നില്ല ഈ പ്രചാരണത്തിന് പിന്നിൽ. 'തീവ്രവാദ പ്രസംഗം നടത്തി' എന്ന കുറ്റത്തിനാണ് കോഴിക്കോട് കസബ പോലീസ് മഅ്ദനിയെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ആ അറസ്റ്റുമായി ബന്ധപ്പെട്ട് പല കൈവഴികളും രൂപപ്പെട്ടു. കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്ത മഅ്ദനിയെ,  കോയമ്പത്തൂർ സ്‌ഫോടനക്കേസ്സിൽ  പ്രതി ചേർക്കപ്പെട്ട്, സംസ്ഥാന പോലീസ് തമിഴ്‌നാട് പോലീസിന് കൈമാറി.
കോയമ്പത്തൂർ സ്‌ഫോടനകേസിൽ പ്രതിയായി ചേർക്കപ്പെട്ട് എൻ.എസ്.എ നിയമം ചുമത്തി, വധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികൾ ഉൾപ്പടെയുള്ളവരെ പാർപ്പിക്കുന്ന സേലം ജയിലിലും, കോയമ്പത്തൂർ ജയിലിലുമായി ഒമ്പതര വർഷക്കാലം ശാരീരികവും, മാനസികവുമായ പീഡനങ്ങളേറ്റ് മഅ്ദനി വിചാരണത്തടവുകാരനായി കഴിഞ്ഞു. വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോയ ശേഷം, പിന്നീട് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയ കോടതി 2007 ഓഗസ്റ്റ് 1ന് അദ്ദേഹത്തെ ജയിൽ മോചിതനാക്കി. മഅ്ദനിയിൽ ആരോപിക്കപ്പെട്ട തീവ്രവാദ പ്രസംഗങ്ങളോ, പൂർവ്വകാല പ്രവർത്തന രീതികളോ അദ്ദേഹം ജയിൽ മോചിതനായ ശേഷം പിന്നീടാരും കണ്ടില്ല. താൻ രൂപീകരിച്ച, പീപ്പിൾസ് ഡൊമോക്രാറ്റിക് പാർട്ടിയുമായി തികഞ്ഞ പക്വതയോടെയാണ്  രാഷ്ടീയസാമൂഹിക മണ്ഡലങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തത്. ജയിൽ മോചിതനായ ശേഷം അദ്ദേഹത്തിന് 'ബി കാറ്റഗറി' സുരക്ഷയും  കേരള സർക്കാർ ഏർപ്പെടുത്തിയിരുന്നു. ബി കാറ്റഗറി സുരക്ഷയിൽ സായുധരായ അംഗരക്ഷകഷകർ കൂടെയുണ്ടാകും. മാത്രമല്ല, അദ്ദേഹത്തിന്റെ യാത്രാ വിവരങ്ങളെല്ലാം തന്നെ ഇൻറലിജൻസ് രേഖപ്പെടുത്തുകയും ചെയ്യും.

രണ്ടാം ജയിൽവാസം
2010 ഓഗസ്റ്റ് 17ന് കർണാടക പോലീസ്, കൊല്ലം കരുനാഗപ്പള്ളിയിൽ വെച്ച് മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്തു. 2008ൽ ബംഗളൂരു നഗരത്തിലെ ഒമ്പത് ഇടങ്ങളിൽ ഉണ്ടായ സ്‌ഫോടനത്തിൽ മഅ്ദനിയ്ക്ക് പങ്കുണ്ടെന്നായിരുന്നു കർണാടക പോലീസിന്റെ ഭാഷ്യം. എന്നാൽ, ബംഗലൂരു സ്‌ഫോടനക്കേസിൽ രണ്ട് കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചതിന് ശേഷം, മൂന്നാം കുറ്റപത്രത്തിലാണ് മഅ്ദനിയുടെ പേര് വരുന്നതെന്നും, അതിനായി സാക്ഷികളും, മൊഴികളും കെട്ടിച്ചമച്ചതായും 'തെഹൽക' ഉൾപ്പടെയുള്ള മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ലഷ്‌കറെ ത്വയ്ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറെന്ന് പൊലീസ് പറയുന്ന കണ്ണൂർ സ്വദേശി, തടിയന്റവിട നസീറുമായി കുടകിലും, എറണാകുളത്തും വെച്ച് ഗൂഢാലോചന നടത്തി എന്നാണ് മഅ്ദനിയ്‌ക്കെതിരെയുള്ള ആരോപണം. എന്നാൽ ഇത് തെളിയിക്കാൻ ഇത്രയും വർഷമായിട്ടും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കെട്ടിച്ചമച്ചുണ്ടാക്കിയ തെളിവുകൾ പലതും  കോടതിയിൽ പ്രോസിക്യൂഷന് തിരിച്ചടിയാവുകയും ചെയ്തു. പോലീസ് പ്രധാന സാക്ഷിയായി  അവതരിപ്പിച്ച റഫീക്ക് എന്നയാൾ, പോലീസിന്റെ നിർബന്ധ പ്രകാരമാണ് താൻ മൊഴി നൽകിയതെന്ന് വിചാരണ വേളയിൽ കോടതിക്ക് മുന്നിൽ തിരുത്തി മൊഴി നൽകി.
എറണാകുളത്ത് വെച്ച് നടന്നു എന്ന് പോലീസ് പറയുന്ന ഗൂഢാലോചനയുടെ  സാക്ഷി ഇടപ്പള്ളി സ്വദേശി മജീദ് എന്ന ആളായിരുന്നു. 2009 ഡിസംബർ 11ന് കണ്ണൂരിൽ വെച്ച് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് കുറ്റപത്രത്തിലുള്ളത്. 
എന്നാൽ, പോലീസ് സാക്ഷിയായി അവതരിപ്പിച്ച മജീദ് ഡിസംബർ 4 മുതൽ 16 വരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർബുദ രോഗം കലശലായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ഡിസംബർ 16ന് ഇയാൾ മരണപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച രേഖകൾ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് കർണാടക പോലീസിന്റെ ആ വാദം കോടതി തള്ളിയതും. എറണാകുളത്ത് മഅ്ദനി താമസിച്ചിരുന്ന വാടക വീടിന്റെ ഉടമ ജോസ് വർഗീസിനേയും പോലീസ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ തെറ്റായ മൊഴിയാണ് തന്റെ പേരിൽ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന്, അദ്ദേഹവും കോടതിയിൽ ബോധിപ്പിച്ചതോടെ, പോലീസ് അവതരിപ്പിച്ച സാക്ഷികളെല്ലാം ദുർബലമായി.

അനന്തമായി നീളുന്ന വിചാരണ
ആളപായമില്ലാത്ത സ്‌ഫോടനം എന്ന നിലയിൽ, കോയമ്പത്തൂർ സ്‌ഫോടനക്കേസ്സിനെ അപേക്ഷിച്ച് എത്രയോ ചെറുതാണ് ബംഗളൂരു സ്‌ഫോടനക്കേസ്സ്. എന്നിരിക്കെ, പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ കേസ്സിൽ സാങ്കേതിക വിഷയങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി കുരുക്കിയിട്ടത് കാരണം കേസ് എവിടെയുമെത്താതെ അനന്തമായി നീണ്ട് പോവുകയാണ്. കേസിൽ മഅ്ദനിയ്‌ക്കെതിരെ തെളിവുകൾ ഒന്നും ഇല്ലാതിരുന്നിട്ടും, വിചാരണയുടെ പേരിൽ, ഒരു ദശാബ്ദക്കാലമാണ് അദ്ദേഹം ജയിലിലും, ബംഗളൂരുവിലെ വാടക വീട്ടിലുമായി തടങ്കലിൽ കഴിഞ്ഞത്. 'ഒരേ കുറ്റകൃത്യവും, ഒരേ പ്രതികളും, ഒരേ സാക്ഷികളും' ഉള്ള കേസ്സുകൾ ഒറ്റക്കേസായാണ് പരിഗണിയ്ക്കുക. എന്നാൽ ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പത് കേസ്സുകളിലായാണ് വിചാരണ. 
അത് കൊണ്ട് തന്നെ വിധി വരാൻ ഇനിയും എത്ര കാലം വേണ്ടി വരുമെന്നും പറയാനാകില്ല. എൻ.ഐ.എ കോടതിയുടെ വിചാരണ അനന്തമായി നീണ്ട് പോകുന്ന കാര്യം, സുപ്രീം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, നാല് മാസത്തിനകം കേസ് തീർക്കാമെന്ന് 2014ൽ അന്വേഷണ സംഘം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഒരു ഫലവും അതിന് ഉണ്ടായില്ല. അത് നടപ്പായതുമില്ല. 
മാനുഷിക പരിഗണന പോലും നൽകാതിരുന്ന വിചാരണ കോടതിയുടെ നടപടിക്കെതിരെ പല തവണ സുപ്രീംകോടതിയെ അദ്ദേഹത്തിന് സമീപിക്കേണ്ടതായും വന്നു. 
ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നാല് വർഷം മഅ്ദനി കിടന്നു. പിന്നീട്, സുപ്രീം കോടതിയുടെ കാരുണ്യത്തിൽ 2014 ജൂലൈ 14ന് ഒരു മാസത്തേക്ക് ആദ്യ ജാമ്യം ലഭിച്ചു. ഇത് ഓരോ തവണയും നീട്ടി നൽകിയ സുപ്രീം കോടതി, നവംബറിൽ കർശന ഉപാധികളോടെ ജാമ്യം സ്ഥിരപ്പെടുത്തി. ബംഗളൂരു നഗര പരിധി വിട്ട് പോകരുതെന്നും, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല എന്നുമായിരുന്നു കോടതിയുടെ നിബന്ധനകൾ.  2018ൽ, കോടതിയുടെ പ്രത്യേക അനുമതിയോടെ മാതാവിന്റെ മരണവേളയിലാണ് അദ്ദേഹം അവസാനമായി കേരളത്തിലെത്തിയത്. പിന്നീടിങ്ങോട്ട്,  സുപ്രീം കോടതി അനുവദിച്ച നിബന്ധനകളോടെ ബംഗളൂരുവിലെ വാടക വീട്ടിൽ രോഗങ്ങളോട് മല്ലിട്ടാണ് അദ്ദേഹം കഴിയുന്നത്. 2010ൽ കരുനാഗപ്പള്ളിയിൽ വെച്ച് കർണ്ണാടക പോലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകവെ, തിങ്ങിക്കൂടിയ മാധ്യമ പ്രവർത്തകരോട് അദ്ദേഹം ഒരു കാര്യം പറഞ്ഞിരുന്നു. ''ഈ അപകടം ഞാൻ മുൻകൂട്ടി കണ്ടതാണ്. എന്നെ, ഇപ്പോൾ അറസ്റ്റ് ചെയ്യുന്നത് കോടതിയിൽ വിചാരണ നടത്തി വിട്ടയക്കാനല്ല. കോയമ്പത്തൂരിനേക്കാളും, വലിയ കുരുക്കാണ് എനിയ്ക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്... മറ്റൊരു തുടക്കം കൂടിയാണിത്..!'' തീർത്തും യാഥാർത്ഥ്യമായി മാറിയ വാക്കുകൾ.

മഅ്ദനിയുടെ വീഡിയോ സന്ദേശം.
'ഒരു പക്ഷെ, ഇതെന്റെ അവസാന വാക്കുകളാകും, എന്റെ ആരോഗ്യത്തിന്റെ അവസ്ഥ ഏറ്റവും മൂർദ്ധന്യത്തിലാണ്' എന്ന ആശങ്കയോടെയാണ് മഅ്ദനി, ഏറെ ആയാസപ്പെടുന്ന വാക്കുകളിലൂടെ വീഡിയോവിൽ കാര്യങ്ങൾ വ്യക്തമാക്കുന്നത്. മുറിച്ച് മാറ്റിയ കാൽമുട്ടിന് മുകളിലേക്കുള്ള ഭാഗത്ത് സ്പർശന ശേഷി ഇല്ലാതായി. പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചതോടെ, ഒരു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. അടുത്ത കണ്ണിനും കാഴ്ച മങ്ങിത്തുടങ്ങിയിട്ടുണ്ട്. തലച്ചോറിലേക്ക് രക്തം പ്രവഹിക്കുന്ന 'ഇന്റേണൽ കരോട്ടിഡ് ആർട്ടറിയിൽ' ബ്ലോക്ക് വന്നത് കാരണം തുടർച്ചയായി സ്‌ട്രോക്ക് അനുഭവപ്പെടുകയാണ്. ചുണ്ടുകൾ ഒരു വശത്തേയ്ക്ക് കോടി, സംസാര ശേഷി നഷ്ടപ്പെടുന്ന അവസ്ഥയുമാണ്.
ഇടയ്ക്ക് മോഹാലസ്യപ്പെട്ട് വീഴുന്നുമുണ്ട്. വിചാരണക്കിടെ, ഒരിക്കൽ കോടതിയിൽ വെച്ചും മോഹാലസ്യപ്പെട്ട് കുഴഞ്ഞ് വീണു. ഏക പോംവഴി അടിയന്തര ശസ്ത്രക്രിയയാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ക്രിയാറ്റിനിൻ 6.6 എം.ജി നിലയിലാണ്. 
രക്തസമ്മർദം ഉയർന്ന അളവിൽ തുടരുന്നത് മൂലം കിഡ്‌നിയുടെ പ്രവർത്തനത്തെ അത് പ്രതികൂലമാക്കും എന്നല്ല, ചിലപ്പോൾ കിഡ്‌നി തീർത്തും പ്രവർത്തനരഹിതമാകാനുള്ള സാധ്യതയും ഏറെയാണെന്ന് ഡോക്ടർമാർ കുടുംബത്തോട് സൂചിപ്പിച്ചിട്ടുണ്ട്. തലയ്ക്ക് സർജറി നടത്തണമെങ്കിൽ, നെഫ്രോട്ടിക് വിഭാഗം, ന്യൂറോ സർജറി വിഭാഗത്തിന് രേഖാമൂലം അനുമതി നൽകണം.  
നെഫ്രോട്ടിക് വിഭാഗം സർജറിയ്ക്ക് അനുമതി നൽകുന്നുമില്ല. ഈ സാഹചര്യത്തിൽ, എപ്പോൾ വേണമെങ്കിലും, എന്തും സംഭവിച്ചേക്കാമെന്ന്, ഡോക്ടർമാർ അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 'മരണത്തെ താൻ ഭയക്കുന്നില്ലെന്നും, ദൈവ വിശ്വാസത്തിലൂടെയും, പ്രാർത്ഥനയിലൂടെയുമാണ് ശാരീരിക പ്രയാസങ്ങളെ താൻ മറി കടക്കുന്നതെന്നും' അദ്ദേഹം പറയുന്നു. ശാരീരിക വിഷമതകൾ ഇല്ലാതിരിക്കാൻ, വിശ്വാസികൾ എല്ലാവരും തനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

സർക്കാരിന്റെ ഉത്തരവാദിത്തം
മഅ്ദനിയ്ക്ക് വേണ്ടി ശബ്ദിച്ചാൽ, സംഘ്പരിവാർ ഭീകരവാദപട്ടം ചാർത്തുമെന്നാണ് പലരും ഭയപ്പെടുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കേണ്ടവർ പലരും മൗനത്തിലാണ്. മെഡിക്കൽ വിഭാഗങ്ങളിലെ വ്യത്യസ്ത വിദഗ്ധർ ഒരുമിച്ച് നടത്തുന്ന ക്രോസ്സ് കൺസൾട്ടേഷനിലൂടെ മാത്രമേ ഇനി മഅ്ദനിയ്ക്ക് ചികിത്സ തുടരാനാകൂ. വിദഗ്ധ ഡോക്ടർമാരുടെ സേവനം അനിവാര്യമായിരിക്കുകയാണ്. കർണ്ണാടക സർക്കാറിന്റെ നിലപാടാണ് സുപ്രീം കോടതി വിധിയെ സ്വാധീനിക്കുക. കർണ്ണാടക സർക്കാറിനെ സ്വാധീനിക്കാൻ കേരള സർക്കാറിന് സാധിയ്ക്കും. അത് കൊണ്ട് തന്നെ കേരളാ സർക്കാർ ഈ കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. രാജീവ്ഗാന്ധി വധക്കേസ്സിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാൻ തമിഴ്‌നാട് ഡി.എം.കെ സർക്കാറിന്റെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങാതെ ഗവർണ്ണർ വിരുദ്ധ നിലപാട് എടുത്തപ്പോൾ, ഒടുവിൽ ഡി.എം.കെ സർക്കാറിന്റെ അനുകൂല നിലപാടിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു 31 വർഷത്തിന് ശേഷം പേരറിവാളൻ മോചിതനായത്. 
ഇപ്പോൾ കേരളം ഭരിക്കുന്നവർക്കൊപ്പം, തെരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമായി വേദി പങ്കിട്ട നേതാവാണ് അബ്ദുന്നാസർ മഅ്ദനി. അദ്ദേഹം നേരിടുന്ന കടുത്ത നീതി നിഷേധത്തിനെതിരെ കേരളത്തിൽനിന്ന് ശക്തമായ പ്രതിഷേധവും ആവശ്യവും ഉയരുന്നില്ല എന്നത് എത്രമാത്രം ക്രൂരമാണ്. എന്താണ് ഇതിന് കാരണം.? അത് ദുരൂഹവുമാണ്. 
മഅ്ദനി ഇപ്പോൾ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയ്ക്ക് പരിഹാരം അനിവാര്യമാണ്. അതിനായി കൂട്ടായ ശബ്ദങ്ങൾ ഉയരേണ്ടതുണ്ട്. പല കേന്ദ്രങ്ങളിൽ നിന്നുമായി ഉയരുന്ന ശബ്ദങ്ങൾക്ക് സർക്കാറും, പ്രതിപക്ഷവും പിന്തുണ നൽകണം. 
മഅ്ദനി ഉയർത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകൾക്കപ്പുറം മറ്റൊരു 'സ്റ്റാൻസ്വാമി'യായി അദ്ദേഹവും ഇല്ലാതാകും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ്  കാണിക്കണം. അബ്ദുന്നാസർ മഅ്ദനി തീവ്രവാദിയാണ്, ഭീകരനാണ്, മതമൗലിക വാദിയാണ് എന്നൊക്കെയുള്ള വിശേഷണങ്ങൾ ലൈവാക്കി നിർത്തിയത് പലരുടേയും ആവശ്യമായിരുന്നു. 90കളിൽ മഅ്ദനിയെ, തീവ്രവാദി ആക്കിയില്ലായിരുന്നുവെങ്കിൽ, കേരള രാഷ്ട്രീയത്തിൽ ഇന്ന് കാണുന്ന ചില, കിംഗ്‌മേക്കർമാർ ഒരു പക്ഷെ ഉണ്ടാകുമായിരുന്നില്ല. മുൻകാലങ്ങളിലെ തന്റെ തീപ്പൊരി പ്രസംഗങ്ങളിൽ പൊതുസമൂഹത്തോട് മഅ്ദനി പലതവണ ഖേദം പ്രകടിപ്പിച്ചതാണ്.
 90കളിൽ മഅ്ദനി പറഞ്ഞതിന്റേയും, പ്രസംഗിച്ചതിന്റേയുമെല്ലാം പേരിൽ ഒരു മനുഷ്യായുസ്സ് മുഴുവൻ അദ്ദേഹം അനുഭവിച്ച് കഴിഞ്ഞു. 

പൊതുസ്വരം ഉയരുന്നു
മഅ്ദനിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നതോടെ, അദ്ദേഹത്തിന് പ്രാപ്തമായ ചികിത്സയും, അടിയന്തര സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, സെക്രട്ടറിയേറ്റിലേക്കും, കേരളത്തിലെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും മാർച്ച് നടത്തിയിരുന്നു. എറണാകുളത്ത് ഡോ. സെബാസ്റ്റ്യൻ പോളും, മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും, കോഴിക്കോട്ട് റസൽ നന്തിയും, കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും ധർണ്ണ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ഏകോപന സമിതി തിരുവന്തപുരം സെക്രട്ടറിയേറ്റ് നടയിൽ ധർണയും നടത്തിയിരുന്നു.
'സിറ്റിസൺ ഫോറം ഫോർ മഅ്ദനി' ചെയർമാൻ  ഡോ. സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവർത്തകർ മന്ത്രി പി. രാജീവിനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിവേദനം സമർപ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകരായ സി.ആർ  നീലകണ്ഠൻ, ഫോറം എറണാകുളം ജില്ല കോഓഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ, ആം ആദ്മി പാർട്ടി പ്രതിനിധി റിയാസ് യൂസുഫ്, അഷറഫ് വാഴക്കാല, ജമാൽ കുഞ്ഞുണ്ണിക്കര എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. മഅ്ദനിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി രാഷ്ട്രപതി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി രാഷ്ട്രപതി ഭവനിലേക്ക് ഇമെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. 
 

Latest News