അതിതീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോയി അതിജീവനം നേടുന്ന പ്രവാസികളുടെ മനസ്സ് കണ്ടിട്ടുണ്ടോ? അത് ചുട്ടുപഴുത്ത ലോഹംപോലിരിക്കും. പ്രതീക്ഷകളുടെ നേരിയ ജലകണം പോലും ആ മനസ്സിൽ വീണു നീരാവിയാകും. തന്റെ ആവാസവ്യവസ്ഥയിൽ കാണുന്നതിലൊക്കെ രക്ഷപെടലിന്റെ നേരിയ വെളിച്ചം പ്രതീക്ഷിക്കുന്ന പ്രവാസികൾ എത്രയാണ് നമുക്ക് ചുറ്റും?
പറ്റിക്കപെടലിലൂടെ വന്നുപെടുകയും, പിന്നെ ജീവിതക്രമവും, മാനസിക സന്തുലനവും എന്തിനു ശാരീരിക ഘടനകൾ വരെ മാറ്റപ്പെട്ടു ജീവിക്കേണ്ടിവരുന്ന ചില പ്രവാസികൾ. കേട്ടുകേൾവിപോലുമില്ലാത്ത ജീവിതാനുഭവങ്ങളുടെ തമോഗർത്തങ്ങളിൽ മരിക്കാൻ പോലും കഴിയാതെ ജീവിക്കേണ്ടി വരുന്നവർ. അത്തരമൊരു ജീവിതത്തിന്റെ നേർക്കാഴ്ചയാണ് 'മസ്രയിലെ സുന്ദരി' എന്ന തന്റെ കടിഞ്ഞൂൽ നോവലിലൂടെ അബ്ദിയ ഷെഫീന എന്ന പ്രവാസികൂടിയായ എഴുത്തുകാരി അനാവരണം ചെയ്യുന്നത്.
അസർജാനും അവന്റെ ചുറ്റുപാടും മിക്ക പ്രവാസികൾക്കും പരിചിതമാണ്. എന്നാൽ അവൻ എടുത്തെറിയപ്പെടുന്ന ജീവിതപ്പാത അത്ര പരിചിതമല്ല എന്ന് മാത്രമല്ല അത്ഭുതവുമാണ് വായനക്കാർക്കു സമ്മാനിക്കുന്നത്. പ്രാരബ്ധങ്ങളുടെയും പറ്റിക്കപ്പെടലിന്റെയും ബാക്കിപത്രമാണ് അസർജാന് പ്രവാസം. ലോകത്തൊരു പുരുഷനും ഇത്ര കരഞ്ഞിട്ടുണ്ടാവില്ല എന്ന് പറയുമ്പോൾ തന്നെ ആ ജീവിതവേദനകളുടെ ആഴം വായനക്കാരുടെ മനസ്സിനെയും സ്പർശിക്കുന്നു. ലളിതമായ ഭാഷയിലൂടെ വായനക്കാരെ എളുപ്പത്തിൽ മസ്രയിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു അബ്ദിയ ഷെഫീന. ആത്മകഥാംശം ലയിപ്പിച്ചുള്ള തുടക്കം ഒട്ടും മടുപ്പിക്കാതെ തന്നെ അസർജാനിലെക്കും അവൻ ജീവിക്കേണ്ടി വരുന്ന മസ്രയിലേക്കും (കൃഷിത്തോട്ടം) കാരുണ്യ രഹിതനായ യജമാനനിലേക്കും, പ്രതീക്ഷയുടെ തുരുത്തായ ചാച്ചായിലേക്കും തുറന്നിടുന്നു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള അസർജാനിന്റെ പ്രയാണം ആകാംക്ഷയുടെ ചരടുപൊട്ടിക്കാതെതന്നെ ചിട്ടയോടെയുള്ള എഴുത്തു മനസ്സ് നീറ്റുന്ന വായനാനുഭവം സമ്മാനിക്കുന്നു. ചുട്ടു പൊള്ളുന്ന അനുഭവങ്ങൾ ഉള്ളുപൊള്ളിക്കുന്ന അക്ഷരങ്ങളായി അനുവാചകരിൽ തങ്ങിനിൽക്കുന്നു ഈ നോവലിൽ.
പ്രകൃതിയുടെ തുലന വ്യവസ്ഥക്ക് വിപരീതമായി ആധുനിക സമൂഹത്തിൽ പോലും വ്യാപിക്കുന്ന സ്വവർഗ വൈകൃതങ്ങളുടെ മാനസിക തകരാറുകളെ സധൈര്യം തുറന്നു കാട്ടുന്നുണ്ട് നോവലിൽ. ഇന്നത്തെ സമൂഹത്തിൽ, അതും ഉൽകൃഷ്ടരെന്നു വീമ്പിളക്കുന്ന മലയാളികളിൽ വരെ ഇത്തരം വൈകൃത സംസ്‌കാരങ്ങൾ വളരുന്നത് ഏറെ ദുഃഖകരം. മാറിടം മുറിച്ചുകളഞ്ഞു പുരുഷ വേഷധാരിയായി ഗർഭമേറി പ്രസവിച്ചു കൊണ്ട്, ആ കുഞ്ഞിന് മുലപ്പാൽ പോലും നിഷേധിക്കുന്ന ആധുനിക മനുഷ്യ കാപട്യങ്ങളെ, മാനസിക വൈകൃതങ്ങളെ, പ്രകൃതി വിരുദ്ധതകളെ തിരിച്ചറിയാൻ സമൂഹം തയ്യാറാവണം. പ്രകൃതി പ്രമാണങ്ങളെ നിഷേധിക്കാതെ മനോഹരമാക്കാൻ കഴിയുന്ന ജീവിതങ്ങൾ എന്നും തിളക്കമുള്ളതായി തന്നെ നിലനിൽക്കും.
'വരും തലമുറക്കെങ്കിലും ബോധം വളർത്താൻ
കൈകോർക്കാം നമുക്കീ മണ്ണിന്റെ മാറിൽ'
എന്ന കവിതാ ശകലത്തോടെ, വരുംതലമുറക്ക് വേണ്ടി തമോ സംസ്‌കാരങ്ങളിൽ നിന്നും ജ്യോതിർ സംസ്‌കാരത്തിലേക്ക് പ്രതീക്ഷയർപ്പിച്ചു കൊണ്ട് നോവൽ അവസാനിപ്പിക്കുന്നു പ്രിയ എഴുത്തുകാരി അബ്ദിയാ ഷെഫീന.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ട ഈ നോവൽ, അവിടെയും പിന്നെ കേരളത്തിലെ വിവിധ പുസ്തകമേളകളിലും വായനക്കാരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയുണ്ടായി. അറിയപ്പെടാത്ത അത്ഭുതജീവിതങ്ങൾ അക്ഷരങ്ങളിൽ കൊരുത്തു മലയാള സാഹിത്യ കലവറയിൽ മാത്സര്യരഹിതമായ ഒരിടം കണ്ടെത്താൻ അബ്ദിയാ ഷെഫീനക്കു കഴിയട്ടെ എന്നാശംസിക്കുന്നു.
മസ്രയിലെ സുന്ദരി
അബ്ദിയാ ഷെഫീന
നോവൽ - ഹരിതം ബുക്‌സ്






