ഐക്യരാഷ്ട്രസഭ ഒരു മഹാ സംഭവമാണെന്ന് ധരിച്ചുവെച്ചവരാണ് നമ്മളിൽ പലരും.
കഥയറിയാതെ ഇടക്കിടെ യു.എന്നെ വിമർശിക്കാറുമുണ്ട്. അഫ്ഗാനിസ്ഥാനിൽ രണ്ടു ദശകങ്ങളായി അമേരിക്ക അധിനിവേശം നടത്തി. ഇറാഖിൽ ഇല്ലാത്ത രാസായുധം തേടി നാട് കുട്ടിച്ചോറാക്കി. ഇറാഖിലേക്ക് ബ്രിട്ടനേയും കൂട്ടി വരുമ്പോൾ തന്നെ ഭാഗം വെക്കൽ വരെ പൂർത്തീകരിച്ചിരുന്നു. ബഗ്ദാദും പരിസരങ്ങളും ഞങ്ങളെടുക്കും. ബസറ നിങ്ങളെടുത്തോളൂ എന്നാണ് യു.എസ് ബ്രിട്ടനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ഒരു വർഷമായി റഷ്യയിലെ പുട്ടേട്ടൻ ഉക്രൈൻ എന്ന ചെറിയ രാജ്യത്തെ ഇടിച്ച് പപ്പടമാക്കുകയാണ്. ഇതിനിടയ്ക്ക് മൂപ്പര് നേരം പോക്കിനായി ഗേൾ ഫണ്ടിനേയും കൂട്ടി വനത്തിലെ ആഡംബര കൊട്ടാരത്തിലേക്ക് പോയിരിക്കുകയാണെന്ന് ന്യൂയോർക്ക് പോസ്റ്റ് മുതൽ ടൈംസ് നൗ പോലുള്ള സകല ബൂർഷ്വാ പിന്തിരിപ്പൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. അഫ്ഗാൻ മുതൽ ഉക്രൈൻ വരെ വിഷയങ്ങളിൽ അമ്പാഴങ്ങ വിഴുങ്ങിയ പോലെ തീരെ പ്രതികരിക്കാതെ ഇരിക്കുകയാണ് യു.എൻ. ലീഗ് ഓഫ് നേഷൻസിനേക്കാൾ മോശമായ സ്ഥിതിയ്ക്ക് ഇതങ്ങ് പിരിച്ചു വിട്ടാൽ പോരായിരുന്നുവോ എന്ന് ചോദിക്കുന്നവരുമുണ്ട്. ജനീവയിൽ അടുത്തിടെ നടന്ന ഒരു യു.എൻ യോഗത്തിന്റെ കാര്യം ദേശീയ പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തത് കണ്ടപ്പോഴാണ് ഇത് ഇത്രക്കും തരം താഴ്ന്നുവെന്ന് തിരിച്ചറിഞ്ഞത്. ഫെബ്രുവരി 22-ന് നടന്ന യുണൈറ്റഡ് നാഷൻസ് മീറ്റിംഗിൽ ഒരു സുന്ദരി പങ്കെടുത്തതാണ് വിഷയം.
വിവാദ ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസിന്റെ പ്രതിനിധിയായാണ് പ്രതിനിധി വിജയപ്രിയ പങ്കെടുത്തത്. കിട്ടിയ ചാൻസിന് ഇന്ത്യയെ നന്നായി വിമർശിക്കുകയും ചെയ്തു. സ്വദേശമായ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുകയാണ്. തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദ പീഡനം ഏറ്റുവാങ്ങുകയാണെന്നും സ്വന്തം നാട്ടിൽ നിന്നും നാടുകടത്തപ്പെട്ടതായും അവർ പറഞ്ഞു. ഹിന്ദുത്വത്തിന്റെ ആദ്യ രാജ്യമായ കൈലാസത്തിലേയ്ക്കുള്ള കടന്നുകയറ്റ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കാവി വസ്ത്രം, ജഡകെട്ടിയ മുടി, വലിയ പൊട്ട്, രുദ്രാക്ഷമാല, ആഭരണങ്ങൾ എന്നിവ അണിഞ്ഞാണ് ജനീവയിൽ യു എൻ മീറ്റിംഗിൽ ഇംഗഌഷിൽ സംസാരിച്ചത്. ഇതിന്റെ വീഡിയോ ഏറെ പ്രചരിക്കപ്പെട്ടു. സീ ന്യൂസ്, ടൈംസ് നൗ തുടങ്ങിയ ചാനലുകൾ ഇത് സംപ്രേഷണം ചെയ്തതോടെ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ ആഗോള പ്രശസ്തയായി.
നിത്യാനന്ദയുടെ മധുരമുള്ള പ്രതികാരം കൂടിയാണിത്. സ്ത്രീകളുടെ ഒരു സംഘത്തെ യു എന്നിലേയ്ക്ക് അയച്ച നിത്യാനന്ദ ട്വിറ്ററിലൂടെ തന്റെ പ്രതിനിധികളെ ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു. ലാറ്റിൻ അമേരിക്ക, മെക്സിക്കോ, കാനഡ, സ്‌ളോവാക്യ, ഫ്രാൻസ്, മലേഷ്യ, ആഫ്രിക്ക, സ്വിറ്റ്സർലൻഡ്, ന്യൂസിലൻഡ്, കരീബിൻ മേഖല എന്നിവിടങ്ങളിലെ കൈലാസയുടെ അംബാസിഡർമാരുൾപ്പെടെ ആറ് സ്ത്രീകളാണ് യു എന്നിലെ മീറ്റിംഗിൽ പങ്കെടുത്തത്.
നിത്യാനന്ദ തന്റെ ട്വിറ്റർ പോസ്റ്റിൽ 'കൈലാസയുടെ സ്ഥിരം അംബാസിഡർ' എന്നാണ് മാ വിജയപ്രിയ നിത്യാനന്ദയെ വിശേഷിപ്പിച്ചത്. കൈലാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും ഇത് വ്യക്തമാക്കി. കൈലാസത്തിലെ നയതന്ത്രജ്ഞ എന്നും വിശേഷിപ്പിക്കപ്പെടുന്നു. കൈലാസയുടെ വെബ്സൈറ്റ് പ്രകാരം മറ്റ് സ്ഥാപനങ്ങളുമായി കരാറുകൾ ഉണ്ടാക്കുന്നതിന്റെ ചുമതലയും വിജയപ്രിയയ്ക്കാണ്. അമേരിക്കയിലെ വാഷിംഗ്ടൺ ഡി സിയാണ് വിജയപ്രിയയുടെ സ്വദേശം.
യു എൻ മീറ്റിംഗിൽ വിജയപ്രിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികളുമായി സംവദിക്കുകയും ഇതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഒരു വീഡിയോയിൽ ചില അമേരിക്കൻ ഉദ്യോഗസ്ഥരുമായി വിജയപ്രിയ കരാറുകൾ ഒപ്പിടുന്നതും കാണാം. നിരവധി രാജ്യങ്ങളിൽ കൈലാസ തങ്ങളുടെ എംബസികളും എൻ ജി ഒകളും തുറന്നതായും വിജയപ്രിയ അവകാശപ്പെടുന്നു.
നിത്യാനന്ദ തന്റെ ഗുരു ആണെന്നാണ് വിജയപ്രിയ വിശേഷിപ്പിക്കുന്നത്. തനിക്കുവേണ്ടി നിരവധി കാര്യങ്ങൾ നിത്യാനന്ദ ചെയ്തുവെന്നും ഇവർ പറയുന്നു. നമസ്‌കാരം എന്നതിന് പകരം നിത്യാനന്ദം എന്നാണ് വിജയപ്രിയ അഭിവാദ്യം ചെയ്യുന്നത്.
ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം നിത്യാനന്ദ താവളമാക്കിയ തന്നാൽ സ്ഥാപിക്കപ്പെട്ട രാജ്യമെന്ന് അവകാശപ്പെടുന്ന ദ്വീപാണ് കൈലാസ. ഇവിടെ സ്വന്തമായി നാണയം അടക്കം പരമാധികാരിയായ നിത്യാനന്ദ പുറത്തിറക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ തടവിൽ പാർപ്പിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നിത്യാനന്ദ 2020ൽ രാജ്യം വിട്ടത്. 2012ൽ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാവുകയും ചെയ്തിരുന്നു. നിത്യാനന്ദ അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറയുകയും ചെയ്തു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം നിത്യാനന്ദയുടെ ആശ്രമത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ആരോപണം.
പാവം നിത്യാനന്ദ പീഡനം സഹിക്ക വയ്യാതെ പുറത്തു പോയി സ്വന്തം രാജ്യം സ്ഥാപിച്ചപ്പോഴും സോഷ്യൽ മീഡിയയിൽ ചില ദുഷ്ടന്മാർ പറയുന്നത് ഇയാൾ എങ്ങും പോയിട്ടില്ല, കർണാടകയിലെവിടെയെങ്കിലും കാണുമെന്നാണ്. അത്തരക്കാർക്കെല്ലാം ഇപ്പോൾ തൃപ്തിയായി കാണുമല്ലോ. ഇതേസമയം, സൗദി അറേബ്യയിൽ മറ്റൊരു വിശേഷമുണ്ടായി. കേരളത്തിലെ വയനാട്ടിൽ ചുരത്തിന് മുകളിലെ റിസോർട്ട് ഉടമയെ വധിച്ച ശേഷം പ്രതികളിലൊരാൾ മുങ്ങി. ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ സൗദി പോലീസ് പിടികൂടി. ഇയാളെ അടുത്ത ദിവസം നാട്ടിലെത്തിക്കും. വേണമെങ്കിൽ ചക്ക
യു.എന്നിലും പ്രസംഗിക്കുമെന്നല്ലാതെന്ത് പറയാൻ?
ഹോളിവുഡ് അടക്കം വിദേശ സിനിമകളും സീരിസുകളും കാണുന്ന കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പുമായി ഉത്തര കൊറിയ. നിയമം ലംഘിച്ച് കുട്ടികൾ ഹോളിവുഡ് ചിത്രങ്ങൾ കണ്ടാൽ, അതിന് ഇടവരുത്തിയ മാതാപിതാക്കളെ ആറ് മാസം ലേബർ ക്യാമ്പിൽ പാർപ്പിക്കുമെന്നും കുട്ടികൾ അഞ്ചു വർഷം വരെ തടവുശിക്ഷ നേരിടേണ്ടി വരുമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയൻ സിനിമകളും നിയന്ത്രണത്തിന്റെ പരിധിയിൽ വരും. വിദേശ മാധ്യമങ്ങൾക്കും കലാസൃഷ്ടികൾക്കും നേരത്തെ തന്നെ രാജ്യത്ത് വിലക്കുണ്ട്. കുട്ടികൾ വിദേശ സിനിമകളും മറ്റും കണ്ടാൽ രക്ഷിതാക്കൾക്ക് കടുത്ത താക്കീതായിരുന്നു ഇതിന് മുമ്പ് നൽകിയിരുന്നത്. നിയമം ലംഘിച്ച് വിദേശ സിനിമകൾ രാജ്യത്തേക്ക് കടത്തുന്നവർക്ക് വധശിക്ഷ വരെ ഉത്തര കൊറിയയിൽ ലഭിച്ചേക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
-----------------------------------------------------------------------------------
വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ചയിൽ ബിബിസി ഓഫിസിലെ റെയ്ഡ് വിഷയം ഉന്നയിച്ച് ബ്രിട്ടൻ. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവർലിയാണ് ഇക്കാര്യം ഉന്നയിച്ചത്. ജി 20 വിദേശ മന്ത്രിതല ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ക്ലവർലി ഇന്ത്യയിൽ എത്തിയത്.
ബിബിസി റെയ്ഡ് വിഷയം ബ്രിട്ടൻ ഉന്നയിച്ചതായാണ് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതു സ്ഥാപനവും ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമാണെന്ന് എസ് ജയശങ്കർ വ്യക്തമാക്കിയതായി ഉന്നതവൃത്തങ്ങൾ പറഞ്ഞു.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി സംപ്രേഷണം ചെയ്ത പശ്ചാത്തലത്തിൽ ആദായനികുതി വകുപ്പ് ബിസിസി ഓഫിസുകളിൽ റെയ്ഡ് നടത്തിയതു വിവാദമായിരുന്നു. ദൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലായിരുന്നു പരിശോധന. ഇന്ത്യയിലെ പ്രവർത്തനത്തിന് ആനുപാതികമായ വരുമാനം ബിബിസി കാണിക്കുന്നില്ലെന്ന് പിന്നീട് ധനവകുപ്പ് പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരുന്നു. ബിബിസിയും സിഎൻഎന്നും അൽ ജസീറയുമൊന്നുമില്ലേലും നമുക്ക് പ്രശ്‌നമില്ല. സത്യം മാത്രം പുറത്തെത്തിക്കാറുള്ള എഎൻഐ ഉണ്ടല്ലോ. അതു മതി, നമ്മുടെ കാര്യങ്ങൾ ഭംഗിയായി നടക്കും.
---------------------------------------------
ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിയുന്നു. പ്രമുഖ അടിവസ്ത്ര ബ്രാൻഡുകളായ രൂപ അൺഡിഫൈൻഡ്, പേജ് ഇൻഡസ്ട്രീസ് എന്നിവയുടെ വിൽപന നിരക്കെല്ലാം വൻ തോതിൽ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി അടിവസ്ത്ര കമ്പനികളെല്ലാം ഓഹരി വിപണിയിൽ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്.
മുൻ ഫെഡറൽ റിസർവ് മേധാവി അലൻ ഗ്രീൻസ്പാന്റെ ഒരു സിദ്ധാന്തമുണ്ട്. പുരുഷന്മാരുട അടിവസ്ത്രമാണ് ഏറ്റവും സ്വകാര്യമായ വസ്ത്രം. അതുകൊണ്ട് തന്നെ സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കുന്നൊരു വ്യക്തി പഴയ അടിവസ്ത്രം മാറ്റി പുതിയത് വാങ്ങില്ല. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുറയുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, ഡിസംബർ 2022 ന്റെ അവസാനത്തോടെ 55% ന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോക്കിയുടെ ഉടമകളായ പേജ് ഇൻഡസ്ട്രീസ്, ലക്‌സ് ഇൻഡസ്ട്രീസ് എന്നിവയുടെ വിൽപന കഴിഞ്ഞ പാദത്തിൽ നിന്ന് ഇക്കുറി താഴേക്ക് വീണപ്പോൾ, രൂപ അൺഡിഫൈൻഡിന്റേയും ലക്‌സ് ഇൻഡ്‌സ്ട്രീസിന്റേയും ഓഹരി വില 4,647 രൂപയിൽനിന്ന് 70 പോയന്റ് ഇടിഞ്ഞിരിക്കുകയാണ്. കോവിഡ് കാലം മുതൽക്കിങ്ങോട്ട് വ്യാപകമായ വർക്ക് അറ്റ് ഹോം രീതിയും ഇതിന്റെ വിൽപന കുറയാൻ കാരണമായിട്ടുണ്ടാവില്ലേ. സാധാരണ അടിവസ്ത്രത്തിന്റെ മൂന്നും നാലും ഇരട്ടിയൊക്കെയല്ലേ ജോക്കി പോലുള്ള ബ്രാൻഡുകളുടെ വില.
-----------------------------------------------------------------------------------
കറുപ്പിനോട് വിരോധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വർദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഷാഫി പറമ്പിൽ എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമരം ആസൂത്രിതമാണെന്നും ഓടുന്ന വാഹനത്തിന് മുന്നിലേയ്ക്ക് എടുത്തുചാടി അപകടമുണ്ടാക്കാൻ ശ്രമം നടത്തിയതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല, സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കുറച്ച് മാദ്ധ്യമങ്ങൾ ശ്രമിക്കുകയാണ്. ഇതിനുവേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഇന്ധന സെസ്സിനെ ന്യായീകരിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തിൽ യുഡിഎഫ്, ബിജെപി സമരങ്ങളുടെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസാണ് അവർ കാരണമായി പറയുന്നത്. കേന്ദ്രസർക്കാർ 13 തവണ നികുതിയും സെസും കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പ്രതിഷേധിക്കുന്നവർ ഇതിനെതിരെ ഒന്നും ചെയ്തില്ല. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാപ്രകൾ പറയുന്നത് കേട്ട് മുഖ്യമന്ത്രിയെ വെറുതെ തെറ്റിദ്ധരിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് പരിപാടികളിൽ പെട്ടെന്നെത്താനുള്ളത് കൊണ്ട് ഹെലികോപ്ടർ വാങ്ങാനുള്ള തീരുമാനം എന്തു കൊണ്ടും സ്വാഗതാർഹമാണ്.
-----------------------------------------------------------------------------------
സിദ്ദിഖ് അടക്കം 14 പേർക്കെതിരെ മീടു ആരോപണം ഉന്നയിച്ച നടിയാണ് രേവതി സമ്പത്ത്. മീടു ആരോപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും താരം മാറി നിന്നിരുന്നു. മീടു ആരോപിച്ചതിനെ തുടർന്ന് അടുത്ത സുഹൃത്തുക്കൾ വരെ തന്റെ ശത്രുക്കളായി മാറി എന്ന് രേവതി തുറന്നു പറഞ്ഞിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കൾ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകർഷിക്കാനാണ് താൻ വെളിപ്പെടുത്തൽ നടത്തുന്നത് എന്നു വരെ കേൾക്കേണ്ടി വന്നു. ഫേക്കാണ് വിശ്വസിക്കാൻ കൊള്ളില്ല, ശ്രദ്ധയാകർഷിക്കൽ രോഗമാണെന്ന പഴിയും കേൾക്കേണ്ടി വന്നു. മൂന്ന് സിനിമയാണ് മീ ടുവിന് ശേഷം നഷ്ടപ്പെട്ടത്. ആരൊക്കയോ സംവിധായകനെ വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് സിനിമ നഷ്ടപ്പെട്ടത്. അവളെ സെറ്റിലേക്ക് വിളിക്കരുത്, പ്രശ്നക്കാരിയാണെന്ന പൊതുസ്വരം രൂപപ്പെട്ടു. ഒരേസമയം പതിനാല് പേർക്കെതിരെ മീടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല എന്ന റിയാലിറ്റിയിലേക്ക് എത്താൻ വൈകി. രേവതി സമ്പത്ത് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തനിക്കാരോടും ക്ഷമിക്കാൻ തോന്നിയിട്ടില്ല. നല്ല ദേഷ്യമുണ്ട് പലരോടും. എന്നാലും മനസ്സമാധാനവും സന്തോഷവും ആത്മാഭിമാനവുമുണ്ട്. മീ ടുവിന്റെ പേരിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വരെ അകന്നപ്പോഴും അച്ഛനും അമ്മയും എനിക്കൊപ്പം ഉറച്ചു നിന്നുവെന്നാണ് രേവതി പറയുന്നത്.
----------------------------------------------------------------------------------
തെന്നിന്ത്യൻ താരം സംയുക്തയെ ചീത്ത വിളിക്കാനുള്ള തിരക്കാണ് എവിടേയും. കോടികളുടെ ബിഗ് ബിസിനസ് ചെയ്യുന്ന തെലുങ്കിലാണ് ഇനി ശ്രദ്ധിക്കുകയെന്ന് നടി പറഞ്ഞതോടെ വിമർശകർക്ക് വെച്ച നിലയായി. എന്നാൽ സംയുക്തയുടെ പ്രത്യേക ഗുണം എടുത്തു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ സാന്ദ്ര തോമസ്. സംയുക്ത എടക്കാട് ബെറ്റാലിയൻ സിനിമയുടെ സമയത്ത് തന്നെ സപ്പോർട്ട് ചെയ്ത അനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ചിത്രം ഒരു വൻ വിജയം ആകാതിരുന്ന സാഹചര്യത്തിൽ തന്റെ ബാക്കി പ്രതിഫലം സംയുക്ത വേണ്ടെന്ന് വെച്ചെന്നാണ് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചത്.
'എടക്കാട് ബറ്റാലിയൻ സിനിമക്കു മുമ്പ് എട്ട് ചിത്രങ്ങളും അതിന് ശേഷം രണ്ട് ചിത്രങ്ങളും നിർമ്മിച്ച ഒരു നിർമ്മാതാവാണ് ഞാൻ. എടക്കാട് ബറ്റാലിയൻ സിനിമയിൽ നായികയായി തീരുമാനിച്ചത് സംയുക്ത ആയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ആദ്യമായി ആ കുട്ടിയെ ഞാൻ കാണുന്നത്. മാസങ്ങൾ കഴിഞ്ഞ് സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്കു കൊടുക്കാൻ സാധിച്ചിട്ടൊള്ളു. ഞാൻ സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു. ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ് അയച്ചു . ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ എനിക്ക് വേണ്ട. ചേച്ചി എത്ര നിർബന്ധിച്ചാലും അത് ഞാൻ വാങ്ങില്ല. നമ്മുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം.ആ കുട്ടിയുടെ വലിയ മനസിന് മുന്നിൽ എനിക്ക് തലകുനിക്കേണ്ടി വന്നു- സാന്ദ്ര അനുഭവം വിവരിച്ചു. പണ്ടു കാലത്ത് പ്രേംനസീർ ഇതു പോലെ നിർമാതാക്കളെ സഹായിച്ചതായി കേട്ടിട്ടുണ്ട്.






