രണ്ടു വയസ്സുവരെ ഒരേ കിടപ്പായിരുന്നു ആദിത്യൻ. സമപ്രായക്കാർ പിടിച്ചുനിൽക്കുന്നതും നടന്നുതുടങ്ങുന്നതുമെല്ലാം ആ അമ്മ ദുഃഖത്തോടെയാണ് കണ്ടത്. തറയിൽ കിടക്കുമ്പോഴും ടെലിവിഷനിലെ പാട്ടുകൾ കേൾക്കാനും ചിത്രങ്ങൾ ആസ്വദിക്കാനും അവൻ ശ്രമിച്ചുതുടങ്ങിയിരുന്നു. ഇതിനിടയിലാണ് അവൻ വട്ടം കറങ്ങാനും അനങ്ങാനും തുടങ്ങിയത്. ഇത്തരം ചലനങ്ങളിലൂടെ അവന്റെ അസ്ഥികൾ ഒടിഞ്ഞുതൂങ്ങുകയായിരുന്നു. എട്ടുവയസ്സിനിടയിൽ ഇരുപതോളം തവണ അവന്റെ അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.
ചെറിയ ഉടലും വലിയ തലയുമായി ജനിച്ച്, അസ്ഥികൾ നുറുങ്ങുന്ന വേദനയും സഹിച്ച് ആദിത്യൻ വേദികളിൽ പാടുന്നതു കാണുമ്പോൾ ആരുടേയും കണ്ണു നനയും. വേദന കടിച്ചമർത്തി പുഞ്ചിരി തൂകുന്ന മുഖവുമായി ആസ്വാദകരെ സംഗീതത്തിന്റെ ആനന്ദ സാഗരത്തിലാറാടിക്കുകയാണ് ഈ പതിനാറുകാരൻ. വൈദ്യശാസ്ത്രത്തിനുപോലും ഇന്നും ചോദ്യചിഹ്നമായി നിലകൊള്ളുമ്പോഴും നിശ്ചയദാർഢ്യവും മനക്കരുത്തുമായി തന്റെ ചക്രക്കസേരയിൽ വേദികളിൽനിന്നും വേദികളിലേക്ക് സഞ്ചരിച്ച് പാട്ടിന്റെ സർഗപ്രപഞ്ചം തീർക്കുകയാണ് ഈ ബാലൻ.
കൊല്ലം ജില്ലയിലെ പോരുവഴിയിൽ അലൂമിനിയം ഫാബ്രിക്കേറ്ററായ സുരേഷിന്റെയും വീട്ടമ്മയായ രഞ്ജിനിയുടെയും രണ്ടാമത്തെ മകനായി ജനിച്ച ആദിത്യൻ സുരേഷ്, ഇന്ന് എത്തിനിൽക്കുന്ന ഉയരങ്ങൾ ആരും ഔദാര്യമായി നൽകിയതല്ല. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കലാരംഗത്തെ മികവിന് പ്രധാനമന്ത്രിയുടെ രാഷ്്ട്രീയ ബാലപുരസ്‌കാർ അവാർഡ് ആദിത്യനെ തേടിയെത്തുകയുണ്ടായി. ചക്രക്കസേരയിലിരുന്ന് രാഷ്ട്രപതിയിൽനിന്നും അംഗീകാരം ഏറ്റുവാങ്ങുമ്പോൾ വിധിയെ പൊരുതിത്തോൽപിച്ച ഒരു യോദ്ധാവിന്റെ ഭാവമായിരുന്നു ആ മുഖത്തുണ്ടായിരുന്നത്. സമപ്രായക്കാർ പിച്ച വെച്ചു നടന്നപ്പോൾ വീടിന്റെ സ്വീകരണമുറിയിൽ ചലിക്കാൻ പോലുമാകാതെ കിടക്കുകയായിരുന്നു ആദിത്യൻ. അപ്പോഴും അവന് ആശ്വാസമായിരുന്നത് പൂമുഖത്തുണ്ടായിരുന്ന ടെലിവിഷനായിരുന്നു. ടെലിവിഷനിലെ മിന്നിമറയുന്ന ദൃശ്യങ്ങളും സംഗീതപരിപാടികളും ആ മനസ്സിൽ എന്തെന്നില്ലാത്ത ആഹഌദം തീർത്തു. പാട്ടിനെ ഹൃദയത്തോടു ചേർത്തുനിർത്തിയതുവഴി പ്രധാനമന്ത്രിയുടെ ബാലപുരസ്‌കാർ ലഭിക്കുന്ന ഏകമലയാളിയെന്ന അംഗീകാരത്തിനാണ് ഈ കൊച്ചുമിടുക്കൻ അർഹനായത്.
ഗർഭപാത്രത്തിൽ കുഞ്ഞിന് യാതൊരു വളർച്ചക്കുറവും വൈദ്യശാസ്ത്രം കണ്ടെത്തിയിരുന്നില്ല. എന്നാൽ ആദിത്യനെ പ്രസവിച്ചപ്പോഴാണ് കുഞ്ഞിന്റെ രൂപം കണ്ട് ആ അമ്മ തളർന്നുപോയത്. വലിയ തലയും മെലിഞ്ഞ ശരീരപ്രകൃതിയുമായി ജനിച്ച മകനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ വിദഗ്ധ പരിശോധനയിൽ ഡോക്ടർമാരുടെ വെളിപ്പെടുത്തലാണ് ആ അമ്മയെ കൂടുതൽ വിഷമിപ്പിച്ചത്. തൊട്ടാൽ അസ്ഥികൾ ഒടിയുന്ന ഓസ്റ്റിയോ ജനിസിസ് ഇമ്പെർഫെക്ട എന്ന ജനിതകരോഗമാണ് മകനെ ബാധിച്ചിരിക്കുന്നതെന്ന സത്യം അവർ മനസ്സിലാക്കി. ആ ഇളംപ്രായത്തിൽ രോഗത്തിന്റെ ഭീകരാവസ്ഥഥയെക്കുറിച്ച് ആ മാതാപിതാക്കൾ മനസ്സിലാക്കിയിരുന്നില്ല. ഒരിക്കൽ പനി ബാധിച്ച് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി ഇഞ്ചക്ഷൻ എടുക്കുന്നതിനിടയിൽ കൈത്തണ്ടയുടെ അസ്ഥി ഒടിഞ്ഞത് അവരെ കൂടുതൽ വേദനിപ്പിക്കുന്നതായിരുന്നു. അപ്പോഴാണ് രോഗത്തിന്റെ ഭീകരാവസ്ഥ അവർ തിരിച്ചറിഞ്ഞത്.
മകനെ നന്നായി ശ്രദ്ധിക്കണമെന്ന ഡോക്ടർമാരുടെ വാക്കുകൾ അവർ അനുസരിച്ചുതുടങ്ങി. തിരുവനന്തപുരത്ത് എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ ജീവിതം മകനായി സമർപ്പിക്കാൻ ആ അമ്മ തയ്യാറായി. വരും നാളുകളിൽ കാഴ്ചശക്തിക്കോ കേൾവിശക്തിക്കോ തകരാറ് സംഭവിക്കാനിടയുണ്ടെന്നുമുള്ള ഡോക്ടർമാരുടെ വാക്കുകൾ നിസ്സഹായതയോടെ അവർ ശ്രവിച്ചത്. എന്തിനേയും നേരിടാനുള്ള കരളുറപ്പുമായി അവർ ആ കുഞ്ഞിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടു വയസ്സുവരെ ഒരേ കിടപ്പായിരുന്നു ആദിത്യൻ. സമപ്രായക്കാർ പിടിച്ചുനിൽക്കുന്നതും നടന്നുതുടങ്ങുന്നതുമെല്ലാം ആ അമ്മ ദുഃഖത്തോടെയാണ് കണ്ടത്. തറയിൽ കിടക്കുമ്പോഴും ടെലിവിഷനിലെ പാട്ടുകൾ കേൾക്കാനും ചിത്രങ്ങൾ ആസ്വദിക്കാനും അവൻ ശ്രമിച്ചുതുടങ്ങിയിരുന്നു. ഇതിനിടയിലാണ് അവൻ വട്ടം കറങ്ങാനും അനങ്ങാനും തുടങ്ങിയത്. അവന്റെ ഓരോ ചലനവും ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന അവർക്കത് വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. എങ്കിലും ഇത്തരം ചലനങ്ങളിലൂടെ അവന്റെ അസ്ഥികൾ ഒടിഞ്ഞുതൂങ്ങുകയായിരുന്നു. എട്ടുവയസ്സിനിടയിൽ ഇരുപതോളം തവണ അവന്റെ അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.
ടെലിവിഷനിൽ പാട്ടുകേൾക്കുമ്പോഴുണ്ടാകുന്ന അവന്റെ ചലനങ്ങൾ അവരിൽ പ്രത്യാശ ജനിപ്പിക്കുന്നതായിരുന്നു. സംഗീതത്തോടുള്ള അവന്റെ താൽപര്യം അവർ കണ്ടറിയുകയായിരുന്നു. മൂന്നു വയസ്സായപ്പോൾ ചെറിയ രീതിയിൽ കമിഴ്ന്നു വീഴുകയും തല ഉയർത്താൻ ശ്രമിക്കുകയും ചെയ്തത് ശുഭലക്ഷണമായി അവർ കണ്ടു. അക്ഷരവെളിച്ചം പകർന്നുനൽകാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് നടന്നത്. കിടന്നുകൊണ്ടുതന്നെ അവനെ എഴുത്തിനിരുത്തി. ഒരു കുടുംബസുഹൃത്തിന്റെ ഉപദേശപ്രകാരമാണ് അവനെ ചങ്ങനാശ്ശേരിയിലുള്ള ഹോമിയോ ഡോക്ടറായ ബൈജുവിനെ സമീപിക്കാൻ ഇടയാക്കിയത്. ഹോമിയോ ചികിത്സയിലൂടെ ഗുണപരമായ മാറ്റമാണ് അവനിൽ കണ്ടത്. തല ഉയർത്തിപ്പിടിക്കാനും സംസാരിക്കാനുമുള്ള ശ്രമങ്ങളും അവനിൽ കണ്ടുതുടങ്ങി.
അഞ്ചുവയസ്സായപ്പോൾ അടൂർ ബി.ആർ.സിയിലെ അധ്യാപകരാണ് ആദിത്യനെ അക്ഷരം പഠിപ്പിക്കാൻ വീട്ടിലെത്തിയത്. അവരുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ശിവഗിരി എൽ.പി സ്‌കൂളിൽ ചേർത്തു. അമ്മയുടെ മടിയിൽ കിടന്നാണ് അവൻ കഌസുകൾ കേട്ടുകൊണ്ടിരുന്നത്. അമ്മയുടെ ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കിയ അധ്യാപകർ വീട്ടിലെത്തി അവനെ പഠിപ്പിക്കാമെന്നേറ്റു. ആഴ്ചയിൽ ഒരു ദിവസം ബി. ആർ.സിയിലെ അധ്യാപകനും വിദ്യാർഥികളും വീട്ടിലെത്തി അവനോടൊപ്പം കൂട്ടുകൂടിയതോടെ അവനിൽ എന്തെന്നില്ലാത്ത ആത്മവിശ്വാസം വർദ്ധിച്ചു. കഌസിലെ കൂട്ടുകാരെയെല്ലാം നേരിട്ടു കണ്ടപ്പോൾ അവന്റെ മുഖത്തെ സന്തോഷം മാത്രമല്ല, മനസ്സിലും പുതിയൊരാവേശം കടന്നുവരികയായിരുന്നു. മൂന്നു വർഷത്തോളം ഇത്തരം ക്ലാസുകൾ തുടർന്നു. ഇതിനിടയിൽ ടി.വിയിലെ പാട്ടുകൾക്കൊപ്പം ചുണ്ടുകൾ അനക്കുന്നതും പാട്ടുകൾ മൂളാൻ ശ്രമിക്കുന്നതുമെല്ലാം അവർ നേരിട്ട് കണ്ടറിഞ്ഞു.
സംഗീതത്തോടുള്ള അവന്റെ താല്പര്യം കണ്ടറിഞ്ഞ മാതാപിതാക്കൾ ടിവിയിൽ നിരന്തരം പാട്ടുകൾ വച്ചുകൊടുത്തു. മാത്രമല്ല, രണ്ടാം കഌസിലും മൂന്നാം കഌസിലുമെല്ലാം വീട്ടിലിരുന്ന് പഠിച്ച അവന് അക്ഷരങ്ങളോടുള്ള താല്പര്യം കൂടുതൽ അടുത്തറിയാൻ ടെലിവിഷനിൽ എഴുതിക്കാണിക്കുന്ന അക്ഷരങ്ങൾ സഹായിച്ചു. സീരിയലുകളുടെ പേരുകളാണ് അവൻ ആദ്യമായി എഴുതിപ്പഠിച്ചത്. ഓരോ വാക്കുകളുടെയും അർഥം അമ്മയോടും അമ്മൂമ്മയോടും ചോദിച്ചറിയാനും അവൻ ഉത്സാഹം കാണിച്ചു. നാലാം കഌസിൽ ചേർക്കുന്നതിനുമുൻപുതന്നെ അവൻ എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞിരുന്നു.
നാലാം കഌസിലേയ്ക്കുള്ള പ്രവേശനത്തിന് അമ്മയോടൊപ്പം എത്തിയ ആദിത്യനെ സ്‌കൂൾ അധികൃതർ സ്വീകരിച്ചത് അവന് ചാരിയിരുന്ന് പഠിക്കാനായി ഒരു പ്രത്യേക കസേര ഒരുക്കിക്കൊണ്ടായിരുന്നു. അക്കൊല്ലത്തെ സ്‌കൂൾ വാർഷികത്തിന് സ്‌റ്റേജിൽ കയറി പാട്ടുപാടാനും അവന് കഴിഞ്ഞു. മീടു മിടുക്കൻ മുയലച്ചൻ... എന്നു തുടങ്ങുന്ന ഗാനത്തിന് ആദ്യമായി സമ്മാനവും നേടിയെടുത്തു. എല്ലാ ദിവസവും അമ്മ എടുത്തുകൊണ്ടാണ് കഌസിലെത്തിക്കുന്നത്. ആദിത്യനോടൊപ്പം അമ്മയുമിരുന്ന് അവന്റെ നോട്ട്‌സെല്ലാം എഴുതിയെടുക്കും. അധ്യാപകരില്ലാത്ത അവസരങ്ങളിൽ അമ്മയാണ് അധ്യാപികയാവുന്നത്. പഠനത്തോട് കൂടുതൽ താല്പര്യമുണ്ടാക്കാൻ ഇതവനെ സഹായിച്ചു. പാട്ടിൽ മാത്രമല്ല, കവിതയിലും ക്വിസ് മത്സരങ്ങളിലുമെല്ലാം അവൻ പങ്കെടുത്തുതുടങ്ങി.
ടെലിവിഷനിലെ സംഗീത പരിപാടികൾ സ്ഥിരമായി കണ്ടു തുടങ്ങിയ ആദിത്യൻ പാട്ടുകൾ പാടാൻ തുടങ്ങി. അഞ്ചാം കഌസിൽ മറ്റു കുട്ടികളോടൊപ്പം കലോത്സവ വേദിയിലെത്തി. ബാലകലോത്സങ്ങളിൽ കവിതാലാപനത്തിലും പാട്ടിലും മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങി. ആദിത്യന്റെ കഴിവ് മനസ്സിലാക്കിയ അധ്യാപകരാണ് അവനെ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിക്കാൻ നിർദ്ദേശിച്ചത്. അച്ഛന്റെ ജന്മനാടായ പന്തളത്തുനടന്ന കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ കവിതാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് അവന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. മത്സരഫലം ചാനലുകൾ സംപ്രേഷണം ചെയ്തതോടെ നാടറിയുന്ന കലാകാരനായി മാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആദിത്യന്റെ ആലാപനമികവ് കണ്ടറിഞ്ഞ സംഗീത സംവിധായകൻ മുരളി അപ്പാത്ത് തന്റെ സംഗീത ആൽബമായ നീലാംബരിയിൽ പാടുവാനുള്ള അവസരം നൽകിയതും പ്രചോദനമായി.
നെടിയവിള പുരന്ദരദാസൻ സംഗീത വിദ്യാലയത്തിലെ ശോഭന ടീച്ചറുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചുവരുന്ന ആദിത്യൻ സംഗീതലോകത്ത് കൂടുതൽ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ചാനലുകളിലെല്ലാം ആദിത്യന്റെ പാട്ടുകൾ നിറയുകയാണ്. ഫഌവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം, മഴവിൽ മനോരമയിലെ തകർപ്പകർ കോമഡി, ഏഷ്യാനെറ്റിലെ സകലകലാ വല്ലഭൻ തുടങ്ങിയ പരിപാടികളിലൂടെയും തന്റെ കഴിവുകൾ തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ് ഈ ഗായകൻ.
നെടിയവിള അംബികോദയം ഹയർ സെക്കണ്ടറി സ്‌കൂളിലെ പഌസ് വൺ വിദ്യാർഥിയായ ആദിത്യന് ഇക്കഴിഞ്ഞ ആറുവർഷത്തിനകം ആയിരത്തിൽപ്പരം വേദികളിൽ ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞു. മാത്രമല്ല, ഒരു ക്രിസ്മസ് ആൽബത്തിലും രണ്ട് ടെലിഫിലിമിലും ഒരു സിനിമയിലും ആ സ്വരസാന്നിധ്യം കടന്നുചെന്നു. മൈക്രോ ബയോളജിയിൽ മാസ്റ്റർ ബിരുദം നേടിയെങ്കിലും ജോലിയൊന്നും സ്വീകരിക്കാതെ മകന്റെ കാര്യത്തിൽ ദത്തശ്രദ്ധയായി കഴിയുന്ന അമ്മയാണ് അവന്റെ സൂപ്പർ ഹീറോ. അവർ ഇപ്പോഴും എടുത്തുകൊണ്ടുപോയാണ് അവനെ കഌസിലെത്തിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ഇംഗഌഷിലും വേണ്ടത്ര അവഗാഹം നേടാൻ അവന് കഴിഞ്ഞു.
പതിനാറു വയസ്സിനിടയിൽ നിരവധി പുരസ്‌കാരങ്ങളാണ് ആദിത്യനെ തേടിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാലപുരസ്‌കാർ അവാർഡിനു പുറമെ, സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്‌കാരത്തിനും ആദിത്യൻ അർഹനായി. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാപട്ടം അവാർഡ്, ഡോ. അബ്ദുൾകലാം ബാലപുരസ്‌കാരം, ദേശീയ ബാലതരംഗം ശലഭമേളയുടെ ശലഭരാജ പുരസ്‌കാരം... തുടങ്ങിയവയും നേടി. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിരവധി പുരസ്‌കാരങ്ങളും ആദിത്യനെ തേടിയെത്തിയിട്ടുണ്ട്.
കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അമ്മയുടെ ഒക്കത്തിരുന്ന് എത്തിയ ആദിത്യൻ മലയാളം പദ്യം ചൊല്ലലിന് എ ഗ്രേഡും സംസ്‌കൃത പദ്യപാരായണം, സംസ്‌കൃത ഗാനാലാപനം, മാപ്പിളപ്പാട്ട് എന്നിവയ്ക്ക് രണ്ടാം സമ്മാനവും നേടിയാണ് മടങ്ങിയത്. അച്ഛനും അമ്മയും ചേട്ടനും നൽകുന്ന പിന്തുണയാണ് തനിക്ക് കലാരംഗത്ത് കരുത്ത് പകരുന്നതെന്നും ആദിത്യൻ കൂട്ടിച്ചേർക്കുന്നു. ചേട്ടൻ അശ്വിൻ ചേർത്തല എസ്.എൻ കോളേജിൽ നാലാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥിയാണ്.
തന്നെ പോലെ അവശത അനുഭവിക്കുന്നവർക്കായി ഒരു സംഗീത വിദ്യാലയം സ്വപ്‌നം കാണുന്ന ആദിത്യന് ഒട്ടേറെ പാവങ്ങളെ സഹായിക്കണമെന്ന ലക്ഷ്യവും മുന്നിലുണ്ട്.






