ഫേസ്ബുക് ഇടപെടലുകള്‍ തുടങ്ങിയ കാലം മുതല്‍ക്ക് ലഭിച്ചിട്ടുള്ള ചില നല്ല സൗഹൃദങ്ങളുണ്ട്. അക്കൂട്ടത്തില്‍ തുടക്കത്തിലേ ഒപ്പമുള്ള പേരാണ് നാമൂസിന്റേത് (Naamoos Peruvalloor). പിന്നീട് ദോഹയില്‍ വെച്ച് നേരിട്ട് കണ്ടു. നാമൂസിന്റെ യഥാര്‍ത്ഥ പേരെന്താണെന്ന് അറിയാനുള്ള ഒരു കൗതുകം ഉണ്ടായിരുന്നു. സത്യത്തില്‍ അദ്ദേഹം തന്നെ മറന്നു പോയ ഒരു പേരാണ് മന്‍സൂര്‍ എന്നത്.
അറിഞ്ഞേടത്തോളം മതരഹിതനായി ജീവിക്കുന്ന ഒരാളാണ് നാമൂസ്. എന്നാല്‍ വിശ്വാസത്തെ നിരാകരിക്കുന്നതോ വിശ്വാസിയായി ജീവിക്കാനുള്ള തീരുമാനത്തെ പരിഹസിക്കുന്നതോ മതത്തെ വിമര്‍ശിക്കുന്നതോ ഇതുവരെ കണ്ടിട്ടില്ല. ഒരാള്‍ എന്താവണം എന്ന് തീരുമാനിക്കേണ്ടത് അയാള്‍ തന്നെയാവണം എന്ന് ചിന്തിക്കുന്നയാള്‍. അന്നിലക്ക് മതരഹിതനായി ജീവിക്കാനുള്ള അയാളുടെ തീരുമാനത്തെ ആദരിക്കാനുള്ള ബാധ്യത മതവിശ്വാസികള്‍ക്കുമുണ്ട് എന്ന് ഞാന്‍ കരുതുന്നു.
ധാരാളം യാത്രകള്‍ നടത്തുന്നുണ്ട് നാമൂസ്. ആ യാത്രകളിലും രാഷ്ട്രീയമുണ്ട്. ഹിന്ദുത്വ ഫാഷിസം അടിച്ചേര്‍പിക്കാന്‍ ശ്രമിക്കുന്ന ഏകാത്മക ദേശീയതക്കെതിരെ ഇന്ത്യയിലെ പ്രാദേശിക സംസ്കൃതികളെയും അവയിലെ വൈജാത്യങ്ങളെയും അറിയുക എന്ന താല്‍പര്യത്തിന്റെ ഭാഗമായി അജ്മീരില്‍ പോയിട്ടുണ്ട്. കുശാല്‍ നഗറും ഗോള്‍ഡന്‍ ടെംപിളും സന്ദര്‍ശിച്ചിട്ടുണ്ട്. കുശാല്‍ നഗറില്‍നിന്ന് വാങ്ങിച്ച ഒരു മാലയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ചിലര്‍ ആയുധമാക്കിയിരിക്കുന്നത്.
നാമൂസ് ബുദ്ധമതവിശ്വാസിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഇനി അങ്ങനെയാവണം എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ അത് തെറ്റാണെന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് കരുതുന്ന ചിലര്‍ അദ്ദേഹത്തെക്കുറിച്ച് വ്യാജവര്‍ത്തമാനങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിന് റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂട്ടു ചേര്‍ക്കുന്നത് വൈകാരികോദ്ദീപനത്തിന് വേണ്ടി, ചേകനൂരിനെ ഓര്‍മിപ്പിക്കുന്നതാകട്ടെ ഭീഷണിപ്പെടുത്തലായും.
അല്ലെങ്കിലും കൃശഗാത്രനായ ഒരു ചെറുപ്പക്കാരന്‍ ബുദ്ധചിത്രമുള്ള ഒരു മാലയിടുമ്പോഴേക്ക് യുവാക്കളൊക്കെയും 'വഴി തെറ്റും' എന്ന് ചിന്തിക്കുന്നവര്‍ക്ക് ആ "വഴി"യിലുള്ള വിശ്വാസം എത്രത്തോളമാണ്? ഇസ്‌ലാമും ഈമാനും നല്‍കുന്ന ആത്മവിശ്വാസത്തിന്റെ കണികയെങ്കിലും ഉള്ളിലുള്ളവര്‍ക്ക് ഇങ്ങനെയൊരു പേടിയുടെ കാര്യമെന്ത്? സത്യത്തില്‍ അവനവന് തന്നെ വിശ്വാസം വേണ്ടത്രയില്ലാത്തതിന്റെ, വിശ്വാസം കൈവരാത്തതിന്റെ ഇച്ഛാഭംഗമാണ് ഇക്കാണിച്ചു കൂട്ടുന്നതെല്ലാം എന്ന് കരുതാവുന്നതാണ്.
ഒരു ഇസ്‌ലാം മതവിശ്വാസി എന്ന നിലക്ക് ഇതില്‍ എന്റെ നിലപാട് വ്യക്തമാണ്. നാമൂസിന്റെ മതവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ നിര്‍ണയമാണ്. അതില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല. ഇന്നു വരെ വിശ്വാസികളുടെ വിശ്വാസത്തെ അവമതിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഒരു നിലപാടും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നിരിക്കെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അസ്വസ്ഥത പരത്തുന്നത് സാമൂഹികവിരുദ്ധവും ഇസ്‌ലാമിക വിരുദ്ധവുമായ നടപടിയാണ്. ഇതിന് തുടക്കമിട്ടവര്‍ കാര്യം തുറന്നു പറഞ്ഞ് പിന്തിരിയണം എന്ന് മാത്രമേ ഇതുവരെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് എന്റെ അറിവ്. അതാകട്ടെ തികച്ചും ന്യായമായ ആവശ്യമാണ് താനും.






