ലോകകപ്പുകൾ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമ്പോൾ ഗോൾകീപ്പർമാർക്ക് നെഞ്ചിടിപ്പേറും. പിന്നെ ഷൂട്ടൗട്ടുകളുടെ കാലമാണ്. ഓരോ ഗോളിയും ലോകത്തെ തനിച്ചു നേരിടേണ്ട ഘട്ടം. കിക്കെടുക്കുന്ന ഓരോ കളിക്കാരനും ലോകത്തോട് തനിച്ച് യുദ്ധം പ്രഖ്യാപിക്കേണ്ട സമയം. പിഴച്ചാൽ ഒരു രാജ്യത്തോട് മുഴുവൻ സമാധാനം പറയേണ്ടി വരും. രക്ഷപ്പെടുത്തിയാൽ ഒറ്റക്ക് ഹീറോ ആവാം.
സമനിലയാവുന്ന നോക്കൗട്ട് മത്സരങ്ങളുടെ കുരുക്കഴിക്കാൻ ഷൂട്ടൗട്ട് ഏർപ്പെടുത്തിയത് 1978 ലാണ്. എന്നാൽ ആ ലോകകപ്പിൽ ഷൂട്ടൗട്ട് വേണ്ടിവന്നില്ല. 1982 ലാണ് ആദ്യ പെനാൽട്ടി ഷൂട്ടൗട്ട് അരങ്ങേറിയത്. ഇതുവരെ 26 ഷൂട്ടൗട്ടുകൾ ഉണ്ടായി. 1982 ലെ സെമി ഫൈനലിൽ പശ്ചിമ ജർമനിയും ഫ്രാൻസും തമ്മിലായിരുന്നു ആദ്യ ഷൂട്ടൗട്ട്. സഡൻഡെത്ത് വരെ ആ ഷൂട്ടൗട്ട് നീണ്ടു. പശ്ചിമ ജർമനി 5 4 ന് ജയിച്ചു. 1994 ലെ സ്വീഡനും റുമാനിയയും തമ്മിലുള്ള ക്വാർട്ടർ ഫൈനലും സഡൻഡെത്തിലാണ് വിധിയായത്. മറ്റു 24 ഷൂട്ടൗട്ടുകളിലും ആദ്യ അഞ്ച് വീതം കിക്കുകളിൽ തന്നെ ഫലം കണ്ടു.
ജർമനി ആദ്യ ഷൂട്ടൗട്ടിന്റെ തന്നെ ഭാഗമായതും ജയിച്ചതും ഒരു സൂചനയായിരുന്നു. ഷൂട്ടൗട്ടിന്റെ രാജാക്കന്മാരാണ് അവർ. നാലു തവണ അവർ ഷൂട്ടൗട്ടിൽ പങ്കെടുത്തു. നാലു തവണയും ജയിച്ചു. 18 കിക്കുകൾ ജർമനി എടുത്തു. പാഴായത് ഒന്നു മാത്രം. അതും ആദ്യത്തേതിൽ യൂളി സ്റ്റീലികെക്ക്. പിന്നീടവർക്ക് പിഴച്ചിട്ടില്ല. ഏറ്റവുമധികം ഷൂട്ടൗട്ടുകളെ നേരിടേണ്ടി വന്നത് അർജന്റീനക്കാണ്, അഞ്ചു തവണ. ജർമനിയും ഫ്രാൻസും ഇറ്റലിയും ബ്രസീലും നാലു തവണ വീതം ഷൂട്ടൗട്ടുകൾ കളിച്ചു. അർജന്റീനക്കും ബ്രസീലിനും ഒരിക്കൽ ഷൂട്ടൗട്ടിൽ അടിപതറി. ഇംഗ്ലണ്ട് മൂന്നു തവണയാണ് ഷൂട്ടൗട്ട് നേരിട്ടത്, മൂന്നും തോറ്റു. ഇറ്റലി നാലു തവണ ഷൂട്ടൗട്ടിലൂടെ കടന്നുപോയതിൽ ഒരിക്കലേ ജയിച്ചുള്ളൂ, 2006 ൽ ഫ്രാൻസിനെതിരായ ഫൈനലിൽ. 1994 ൽ ബ്രസീലിനെതിരായ ഫൈനലിലെ ഷൂട്ടൗട്ട് അവർ തോൽക്കുകയായിരുന്നു.
ജർമനിയുടെ ഗോൾകീപ്പർ ടോണി ഷുമാക്കറായിരുന്നു ആദ്യ ഷൂട്ടൗട്ട് ഹീറോ. രണ്ട് കിക്കുകൾ രക്ഷിച്ചു. ഷൂട്ടൗട്ടിന് ഷുമാക്കർ കളത്തിലുണ്ടാവേണ്ടതായിരുന്നില്ല. നിശ്ചിത സമയത്ത് ഫ്രാൻസിന്റെ പാട്രിക് ബാറ്റിസ്‌റ്റോണിനെ ചവിട്ടി പല്ല് തെറിപ്പിച്ചതിന് ചുവപ്പ് കാർഡ് കാണേണ്ടതായിരുന്നു. അദ്ഭുതമെന്ന് പറയാം, ആ ഫൗൾ റഫറി കണ്ടില്ല. ലോകകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഫൗളാണ് അത്. ബാറ്റിസ്‌റ്റോണിന്റെ വാരിയെല്ലിലെ പരിക്ക് ഇന്നും ഭേദമായിട്ടില്ല.
ജർമനി അവസാനം ഷൂട്ടൗട്ട് നേരിട്ടത് 2006 ൽ അർജന്റീനക്കെതിരെ ക്വാർട്ടർ ഫൈനലിലായിരുന്നു. ഒലിവർ കാനും യെൻസ് ലേമനുമായിരുന്നു ജർമൻ ഗോൾകീപ്പർമാർ. 2002 ലോകകപ്പിലെ മികച്ച കളിക്കാരനായിരുന്നു കാൻ. എന്നാൽ 2006 ൽ കാനെ മറികടന്ന് ലേമൻ ഒന്നാം ഗോളിയായി. ഇരുവരും തമ്മിൽ ബദ്ധശത്രുതയായിരുന്നു. എന്നാൽ ഷൂട്ടൗട്ടിന് മുമ്പ് ലേമനെ കാൻ ഹസ്തദാനം ചെയ്ത് വിജയമാശംസിച്ചത് ആതിഥേയ കാണികളുടെ മനസ്സ് കുളിർപ്പിച്ചു. ലേമൻ അർജന്റീനയുടെ റോബർടൊ അയാളയുടെയും എസ്തബാൻ കാംബിയാസോയുടെയും കിക്കുകൾ രക്ഷിച്ചു. കിക്കുകളെക്കാൾ കാണികളെ അമ്പരപ്പിച്ചത് സമാന്തരമായി നടന്ന മറ്റൊരു സംഭവമായിരുന്നു. ഓരോ കിക്കിനും അർജന്റീന കളിക്കാർ നടന്നടുക്കുമ്പോൾ ലേമൻ സോക്‌സിൽ നിന്ന് ഒരു പേപ്പറെടുത്ത് സൂക്ഷ്മമായി വായിച്ചു. ഗോൾകീപ്പർ കോച്ച് ആൻഡി കോപ്‌കെയുടെ കുറിപ്പായിരുന്നു അത്. അർജന്റീനയുടെ ഓരോ കളിക്കാരനും എങ്ങോട്ടേക്കായിരിക്കും അടിക്കുകയെന്നതായിരുന്നു കുറിപ്പ്. യഥാർഥത്തിൽ ലേമന് പെൻസിൽ കൊണ്ട് എഴുതിയ നിർദേശം വായിക്കാൻ സാധിച്ചിരുന്നില്ല. കാംബിയാസൊ കിക്കെടുക്കാൻ വരുമ്പോൾ താൻ കോപ്‌കെയെ ശപിക്കുകയായിരുന്നുവെന്ന ലേമൻ പിന്നിട് വെളിപ്പെടുത്തി. ആ കുറിപ്പ് പിന്നീട് ലേലത്തിൽ വിൽക്കുകയും തുക ചാരിറ്റിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഷൂട്ടൗട്ടിലെ മറ്റൊരു കഥാപാത്രമാണ് അർജന്റീനയുടെ സെർജിയൊ ഗൊയ്‌കോചിയ. റിവർപ്ലേറ്റ് ക്ലബ്ബിലും അർജന്റീന ദേശീയ ടീമിലും നെറി പുംപിഡോയുടെ അസിസ്റ്റന്റായി കാലം കഴിക്കാനായിരുന്നു ഗൊയ്‌കോചിയയുടെ വിധി. 1990 ലെ ലോകകപ്പിൽ വിധി വഴിമാറി. പുംപിഡോക്ക് രണ്ടാം മത്സരത്തിൽ പരിക്കേറ്റു. പിന്നീട് അർജന്റീന ഫൈനലിലെത്തുന്നത് ഗൊയ്‌കോചിയയുടെ ചുമലുകളിലാണ്. ബ്രസീലിനെതിരെ 1 0 വിജയത്തിൽ ഗോൾ വീഴാതെ കാത്തു. ക്വാർട്ടർ ഫൈനലിൽ യൂഗോസ്ലാവ്യക്കെതിരെയും സെമി ഫൈനലിൽ ഇറ്റലിക്കെതിരെയും ഷൂട്ടൗട്ടുകളിൽ രണ്ടു വീതം കിക്കുകൾ രക്ഷിച്ച് ടീമിന്റെ രക്ഷകനായി. യൂഗോസ്ലാവ്യക്കെതിരെ ഡിയേഗൊ മറഡോണയും പെഡ്രൊ ട്രോഗ്‌ലിയോയും കിക്ക് പാഴാക്കിയ ഘട്ടത്തിലാണ് ഗൊയ്‌കോചിയ ഹീറോ ആയത്. ഫൈനലിൽ ജർമനിയുടെ ആന്ദ്രെ ബ്രഹ്മെയാണ് ഒടുവിൽ പെനാൽട്ടിയിൽ നിന്ന് ഗൊയ്‌കോചിയയെ കീഴടക്കിയത്. ഷൂട്ടൗട്ടുകൾക്ക് ഗൊയ്‌കോചിയ ഒരുങ്ങിയ രീതിയും രസകരമാണ്. മൈതാനമധ്യത്തിൽ മറ്റു കളിക്കാരെ ചുറ്റും നിർത്തി ഗാലറി കാണാതെ ഗോളി മൂത്രമൊഴിക്കും. സുന്ദരനായ ഗൊയ്‌കോചിയ മോഡൽ കൂടിയായിരുന്നു.
ലോകകപ്പിൽ അനുവദിക്കപ്പെട്ട പെനാൽട്ടികളിൽ 80 ശതമാനവും ഗോളായിട്ടുണ്ട്. എന്നാൽ 2006 ലെ സ്വിറ്റ്‌സർലന്റ് ഉക്രൈൻ മത്സരത്തിലെ ഷൂട്ടൗട്ട് രസകരമായിരുന്നു. ഇരു ടീമിലെ കളിക്കാരും പന്ത് വലയിലെത്തിക്കാൻ പാടുപെട്ടു. ഏഴ് കിക്ക് കഴിഞ്ഞപ്പോൾ മൂന്നെണ്ണമാണ് ഗോളായത്, അത് മൂന്നും ഉക്രൈന്റേതായിരുന്നു. സ്വിറ്റ്‌സർലന്റിന്റെ നാലു കിക്കും പാഴായി. ലോകകപ്പിലെ പെനാൽട്ടി ഷൂട്ടൗട്ടിൽ ഒരു ഗോളുമില്ലാതെ പുറത്തായ ഏക ടീമാണ് സ്വിറ്റ്‌സർലന്റ്. കൗതുകമെന്ന് പറയാം, ആ ലോകകപ്പിൽ ഷൂട്ടൗട്ടിലൊഴികെ ഒരു ഗോളും വഴങ്ങാതെ പുറത്തായ ഏക ടീമായിരുന്നു സ്വിറ്റ്‌സർലന്റ്. അതേ ലോകകപ്പിലെ പോർചുഗൽ ഇംഗ്ലണ്ട് ഷൂട്ടൗട്ടിലും ആദ്യ മൂന്നു കിക്കുകളിൽ ഒരെണ്ണം വീതമേ ടീമുകൾക്ക് ഗോളാക്കാനായുള്ളൂ.