മോഡിക്കെതിരായ പരാമര്‍ശം; പവന്‍ ഖേരയുടെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി

ന്യൂദല്‍ഹി- വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിതാവിന്റെ  പേര് തെറ്റായി പരാമര്‍ശിച്ച സംഭവത്തില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആറുകള്‍ സംയയോജിപ്പിക്കണമെന്ന കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ ആവശ്യത്തെ അസം, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു.
സുപ്രീം കോടതി മുമ്പാകെയുള്ള വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനിടെ ഖേരയുടെ അഭിഭാഷകന്‍ ക്ഷമാപണം നടത്തിയത് ആത്മാര്‍ഥമല്ലെന്നും അനുകൂലമായ തീരുമാനം നേടാനുള്ള തന്ത്രം മാത്രമാണെന്നും അസം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) പ്രകാരമുള്ള  കേസില്‍ നടപടിക്രമങ്ങള്‍ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് വക്താവ് ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച കേസ് പരിഗണിച്ച സുപ്രീകോടതി എതിര്‍ സത്യവാങ്മൂലങ്ങള്‍ പഠിച്ചിട്ടില്ലെന്ന് വ്യാക്തമാക്കി കേസ് ഈ മാസം  17 ലേക്ക് നീട്ടി. ഖേരയുടെ അറസ്റ്റിനുള്ള  ഇടക്കാല സ്റ്റേ അതുവരെ നീട്ടിയതായും  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനിക്കെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷണം ആവശ്യപ്പെട്ട് അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖേര പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ  പേര് തെറ്റായി പറഞ്ഞത്.
നരസിംഹറാവുവിന് ജെപിസി രൂപീകരിക്കാമെങ്കില്‍, അടല്‍ ബിഹാരി വാജ്‌പേയിക്ക് ജെപിസി രൂപീകരിക്കാന്‍ കഴിയുമെങ്കില്‍, നരേന്ദ്ര ഗൗതം ദാസിന് എന്താണ് പ്രശ്‌നം... ക്ഷമിക്കണം ദാമോദര്‍ദാസ് മോദിക്ക്.. ഇതായിരുന്നു ഖേരയുടെ പരാമര്‍ശം.
ഖേര പ്രധാനമന്ത്രിയുടെ പേര്  മനഃപൂര്‍വം തെറ്റായി പറഞ്ഞുവെന്നാണ് ബിജെപിയുടെ വാദം. ഇതിനുശേഷം യുപിയിലും അസമിലുമായി ഖേരക്കെതിരെ രണ്ട് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു.

 

Latest News