കാന്താരയിലെ ഗാനം: പൃഥ്വിരാജിനെതിരായ നടപടികൾക്ക് സ്റ്റേ നീട്ടി

 കൊച്ചി- കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന്റെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരായുള്ള എഫ്.ഐ.ആറിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേയുടെ കാലാവധി നീട്ടി.  ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരന്‍ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരായ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിതരണക്കാരനെ കേസിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
കോഴിക്കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരെ പൃഥ്വിരാജ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹരജി മാര്‍ച്ച് 8 ന് വീണ്ടും പരിഗണിക്കും.
പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കാന്താര സിനിമ കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

 

Latest News