ചെങ്ങന്നൂരിലെ വന്‍ പരാജയം കോണ്‍ഗ്രസിലുണ്ടാക്കിയത് വലിയ നടുക്കമാണ്. തോറ്റതല്ല, ആ തോല്‍വിയുടെ ആഴമാണ് കോണ്‍ഗ്രസിന് ആഘാതമായത്. പരസ്പരം പഴി പറയുന്നതിന് പകരം സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് സാധാരണയില്‍നിന്ന് വ്യത്യസ്തമായി നേതാക്കള്‍. കോണ്‍ഗ്രസിലെ യുവ നേതാക്കളാകട്ടെ, പതിവില്ലാത്തവിധം ശക്തമായി മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രംഗത്തുവരികയും ചെയ്തിരിക്കുന്നു.
ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകൊടനും നേതൃസ്ഥാനത്ത് എത്തുന്നതിനാലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതെന്ന് പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണം മുഖപ്രസംഗമെഴുതിയത് നേതാക്കള്‍ക്ക് ആഘാതമായി. പാര്‍ട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. ഗ്രൂപ്പ് വേണ്ട എന്ന് പറയുന്നത് കൈയടി നേടാനുള്ള വികലമായ അഭിപ്രായമാണ്. ജനാധിപത്യമെന്നത് ബഹുസ്വരതയാണ്. വ്യത്യസ്ത ശബ്ദങ്ങളുടെ കൂട്ടായ്മയാണ് വലിയ കോറസായി തീരുന്നത്. നേതാക്കളെത്തുമ്പോള്‍ വെണ്മയും ഇസ്തിരി വടിവും മായാത്ത വസ്ത്രങ്ങളിഞ്ഞ് മുഖം കാണിച്ചും ചെവി തിന്നും പെട്ടി പേറിയും നടക്കുന്നവര്‍ പാര്‍ട്ടിയിലെ പതിരും കളകളുമാണ്. ഈ കള പറിച്ചും പതിരുകളഞ്ഞും മാത്രമേ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കാനാവൂ. നേതാക്കളെ പുകഴ്ത്തുന്നവര്‍ക്ക് അമിതമായ പ്രാധാന്യം ലഭിക്കുന്നു. നേതാക്കള്‍ക്ക് ഛത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാര്‍ട്ടിയുടെ മുന്‍നിരയിലെന്നുള്ള വിമര്‍ശവും വീക്ഷണം നടത്തുന്നു.
ചിന്തയിലും പ്രവര്‍ത്തനത്തിലും വന്ധ്യതയും ആന്ധ്യവും ബാധിച്ച ജൈവശേഷിയില്ലാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറരുത്. മതസമുദായ നേതാക്കളുടെ കരം ചുംബിക്കുന്നതും കാലില്‍ നമിക്കുന്നതും കോണ്‍ഗ്രസിന് വേണ്ടിയാകരുത്. വിശ്വാസികളുടേയും അവിശ്വാസികളുടേയും താല്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസ് മര്‍ക്കസുകളിലും മഠങ്ങളിലും കയറിയിറങ്ങുന്നത് അവസാനിപ്പിക്കണം. 2019 ലേക്ക് ഇനി അധികം ദൂരമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അത് കളഞ്ഞുകുളിച്ചു. ആ വീഴ്ചയില്‍നിന്ന് യു.ഡി.എഫ് പാഠം പഠിച്ചില്ല. ഇനിയും ഗ്രൂപ്പുകളുടെ പോരാട്ടം മാത്രമായാല്‍ പാര്‍ട്ടി കൂടുതല്‍ ക്ഷയിക്കുമെന്ന മുന്നറിയിപ്പും നേതാക്കള്‍ക്ക് വീക്ഷണം നല്കുന്നു.
പ്രതിയോഗികള്‍ ശക്തരാണ്. അവരോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്നും വീക്ഷണം പരിഹസിക്കുന്നു.
ചെങ്ങന്നൂരിലെ ഞെട്ടിക്കുന്ന പരാജയം കോണ്‍ഗ്രസിന് പകരുന്ന പാഠങ്ങള്‍ എന്താണ്. ആരാണ് വീക്ഷണം പറയുന്ന അണ്ടനും മൊശകോടനും... വായനക്കാര്‍ക്ക് പ്രതികരിക്കാം.






