മികച്ച ഫുട്‌ബോൾ താരമായി മെസി; ഇതിഹാസത്തിന് വീണ്ടും ചരിത്രനേട്ടം

പാരീസ്- ഫുട്‌ബോൾ ഇതിഹാസത്തിന് ഒരിക്കൽ കൂടി പട്ടാഭിഷേകം. ലോക ഫുട്‌ബോളിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊന്നായ അർജന്റീനയുടെ നായകൻ ലിയണൽ മെസി പുരുഷ ഫുട്‌ബോളിലെ മികച്ച താരം. കഴിഞ്ഞ ഡിസംബറിൽ ഖത്തറിലെ ലൂസൈൽ സ്‌റ്റേഡിയത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് ലോക കിരീടത്തിൽ മുത്തമിട്ട അർജന്റീനയുടെ നായകന്റെ നെറ്റിയിൽ രണ്ടു മാസത്തിന് ശേഷം വിജയത്തിന്റെ മറ്റൊരു തിലകക്കുറി.  ലോകകപ്പിൽ രണ്ടു ഗോളുകൾ നേടിയ മെസി അർജന്റീനയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, കരീം ബെൻസെമ എന്നിവരാണ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നത്.  പുതിയ നേട്ടത്തിന് ആരാധകരോട് താരം നന്ദി പറഞ്ഞു. കുടുംബം നൽകിയ പിന്തുണയിൽ സന്തോഷം അറിയിച്ചു. ലോകകപ്പ് നേടുക എന്നതായിരുന്നു തന്റെ എക്കാലത്തെയും സ്വപ്‌നമെന്നും ആ നേട്ടത്തെ കവച്ചുവെക്കുന്ന മറ്റൊന്നുമില്ലെന്നും മെസി പറഞ്ഞു. ഈ വേദിയിൽ എത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദവും മെസി മറച്ചുവെച്ചില്ല. 

തുടർച്ചയായ രണ്ടാം വർഷവും സ്പെയിനിന്റെ അലക്സിയ പുട്ടെല്ലസാണ് മികച്ച വനിതാ താരം. ബെത്ത് മീഡ്, അലക്‌സ് മോർഗൻ, അലക്‌സിയ പുട്ടെല്ലസ് മികച്ച വനിതാ താരത്തിനുള്ള അന്തിമ അവാർഡ് പട്ടികയിൽ ഉണ്ടായിരുന്നത്. 

 

അർജന്റീന കോച്ച് ലയണൽ സ്‌കലോണിയെ മികച്ച പുരുഷ ഫുട്‌ബോൾ പരിശീലകനായി തിരഞ്ഞെടുത്തു. വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച സറീന വിഗ്മാനാണ് വനിതാ പരിശീലക പുരസ്‌കാരം. വനിതാ ഗോൾകീപ്പർ അവാർഡ് യൂറോ ജേതാവ് ഇംഗ്ലണ്ടിന്റെ മേരി ഇയർപ്‌സിനും മികച്ച പുരുഷ ഗോൾകീപ്പർ അർജന്റീനയുടെ ലോകകപ്പ് ജേതാവ് എമിലിയാനോ മാർട്ടിനസിനുമാണ്.

മികച്ച ആരാധകനുള്ള അവാർഡ് അർജന്റീനയുടെ തുലാ ബോംബക്ക്. തന്റെ പ്രശസ്തമായ ഡ്രം വായിക്കുന്നതിന് മുമ്പ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ജനക്കൂട്ടത്തെ രസിപ്പിക്കുന്നു.
 

Latest News