അത്യപൂര്‍വ ക്ലബ്ബിലാണ് റഫായേല്‍ മാര്‍ക്വേസ്. ലോകകപ്പില്‍ ഒരു തവണ ഗ്രൗണ്ടിലിറങ്ങാന്‍ നോമ്പ് നോറ്റു നടക്കുന്നവരാണ് എല്ലാ കളിക്കാരും. രണ്ടു ലോകകപ്പ് കളിക്കാന്‍ കഴിയണമെങ്കില്‍ ചുരുങ്ങിയത് നാലഞ്ചു വര്‍ഷമെങ്കിലും മികവിന്റെ പാരമ്യത്തിലുണ്ടാവണം. അഞ്ചു തവണ ലോകകപ്പ് കളിക്കണമെങ്കിലോ, ചുരുങ്ങിയത് ഇരുപത് വര്‍ഷത്തിലേറെ രാജ്യത്തെ മികച്ച കളിക്കാരിലൊരാളാവാന്‍ സാധിക്കണം. അഞ്ചു തവണ ലോകകപ്പ് കളിച്ച രണ്ടു പേരേയുള്ളു, അതിലൊരാള്‍ ഗോള്‍കീപ്പറാണ്. മെക്‌സിക്കോയുടെ ആന്റോണിയൊ കര്‍ബഹാല്‍. ഗോള്‍കീപ്പര്‍മാര്‍ക്ക് സുദീര്‍ഘമായ കരിയര്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഒരു ഔട്ഫീല്‍ഡ് കളിക്കാരനേ ഇതുവരെ അഞ്ച് ലോകകപ്പ് കളിച്ചിട്ടുള്ളൂ, ജര്‍മനിയുടെ ലോതര്‍ മത്തായൂസ്. ഈ ലോകകപ്പില്‍ ആ നേട്ടത്തിനൊപ്പമെത്താന്‍ പോവുകയാണ് മെക്‌സിക്കൊ ഡിഫന്റര്‍ മാര്‍ക്വേസ്. കര്‍ബഹാലിനും മത്തായൂസിനും സാധിക്കാത്ത മറ്റൊരു നേട്ടം കൂടി മാര്‍ക്വേസ് സ്വന്തമാക്കും. അഞ്ച് ലോകകപ്പുകളില്‍ ടീമിനെ നയിച്ച ഒരേയൊരു കളിക്കാരനെന്ന, ഒരു പക്ഷെ തകര്‍ക്കാനാവാത്ത റെക്കോര്‍ഡ്. മെക്‌സിക്കന്‍ ഫുട്‌ബോളില്‍ മുപ്പത്തൊമ്പതുകാരന്‍ ഇതിഹാസമാണ് എന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
അത് കളിക്കളത്തിലെ കാര്യം. കളത്തിനു പുറത്ത് വന്‍വിവാദങ്ങളുടെ മുള്‍മുനയിലാണ് മാര്‍ക്വേസ്. കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കന്‍ ലഹരിമരുന്ന് വിരുദ്ധ ഏജന്‍സി മാര്‍ക്വേസിനെ കരിമ്പട്ടികയില്‍ പെടുത്തി. മെക്‌സിക്കന്‍ നഗരമായ ഗ്വാദലഹാറയിലെ ലഹരിമരുന്ന് സംഘത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് മാര്‍ക്വേസ് എന്ന ആരോപണം മെക്‌സിക്കോയെ ഞെട്ടിച്ചു. അമേരിക്കയിലെ മാര്‍ക്വേസിന്റെ ആസ്തികളെല്ലാം മരവിപ്പിച്ചു. മെക്‌സിക്കോയിലെ ബാങ്ക് അക്കൗണ്ടുകളും തടഞ്ഞുവെച്ചു. മൂന്നു മാസത്തോളം നിയമയുദ്ധം നടത്തിയാണ് ചില അക്കൗണ്ടുകള്‍ തുറന്നു കിട്ടിയത്. അതിനു ശേഷമാണ് മാര്‍ക്വേസ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ അന്വേഷണത്തിന്റെ വാള്‍ മാര്‍ക്വേസിന്റെ തലക്കു മുകളിലുണ്ട്. കരിമ്പട്ടികയിലുള്ള വ്യക്തികളുമായി അമേരിക്കന്‍ പൗരന്മാര്‍ക്ക് സാമ്പത്തിക ഇടപാട് പാടില്ല. കൊക്കക്കോളയാണ് മെക്‌സിക്കോയുടെ ടീം സ്‌പോണ്‍സര്‍മാര്‍. കൊക്കക്കോള ലോഗോയില്ലാത്ത ജഴ്‌സിയണിഞ്ഞാണ് ലോകകപ്പ് പരിശീലനത്തില്‍ മാര്‍ക്വേസ് പങ്കെടുക്കുന്നത്. ലോകകപ്പിലും അതു തന്നെ വേണ്ടി വന്നേക്കും. അമേരിക്കന്‍ ഏജന്‍സി കരിമ്പട്ടികയുണ്ടാക്കുന്നത് പലപ്പോഴും മതിയായ തെളിവുകളില്ലാതെയാണെന്ന് ആരോപണമുണ്ട്. അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങള്‍ അത് ഗൗരവത്തോടെ എടുക്കാറില്ല. മാര്‍ക്വേസും ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നു. എന്നാല്‍ മാര്‍ക്വേസിനും അമ്മക്കും ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് പിന്നീടും റിപ്പോര്‍ട്ടുകളുണ്ടായി. മാര്‍ക്വേസിന്റെ സോക്കര്‍ അക്കാദമിയുള്‍പ്പെടെ ഒമ്പത് സ്ഥാപനങ്ങള്‍ക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്ക് റെഡ്ബുള്‍സിന് കളിച്ചിരുന്ന മാര്‍ക്വേസിന്റെ വിസ റദ്ദാക്കി.
അറിയാമോ? ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബുഫോണും അഞ്ച് ലോകകപ്പുകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ 1998 ലെ തന്റെ പ്രഥമ ലോകകപ്പില്‍ ഒരിക്കല്‍പോലും കളത്തിലിറങ്ങിയില്ല. ഇറ്റലി ഇത്തവണ യോഗ്യത നേടിയിരുന്നുവെങ്കില്‍ ആറ് ലോകകപ്പുകളില്‍ ടീമിലുണ്ടായിരുന്ന ഏക കളിക്കാരനെന്ന ബഹുമതി ബുഫോണിന് ലഭിക്കുമായിരുന്നു.
മെക്‌സിക്കോയിലും ഫ്രാന്‍സിലും സ്‌പെയിനിലും അമേരിക്കയിലും ലീഗ് കിരീടങ്ങള്‍ നേടിയ കളിക്കാരനാണ് മാര്‍ക്വേസ്. ബാഴ്‌സലോണയിലെ ഏഴ് വര്‍ഷമാണ് മാര്‍ക്വേസിനെ ലോകപ്രശസ്തനാക്കിയത്. ബാഴ്‌സലോണ ജഴ്‌സിയിടുന്ന പ്രഥമ മെക്‌സിക്കോക്കാരനായിരുന്നു, ചാമ്പ്യന്‍സ് ലീഗ് നേടുന്ന പ്രഥമ മെക്‌സിക്കോക്കാരനായി. ഇരുനൂറിലേറെ തവണ ബാഴ്‌സലോണക്കു കളിച്ച മാര്‍ക്വേസ് അവര്‍ക്കൊപ്പം നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി. നൂറ്റമ്പതോളം തവണ മെക്‌സിക്കോക്കു കളിക്കുകയും 1999 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടുകയും ചെയ്തു. സ്വാഭാവികമായും ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങള്‍ (16) കളിച്ച മെക്‌സിക്കോക്കാരനാണ്.
മാര്‍ക്വേസിന്റെ വ്യക്തിജീവിതവും നിറപ്പകിട്ടുള്ളതായിരുന്നു. മെക്‌സിക്കന്‍ നടി അഡ്രിയാന ലവാറ്റ് ആയിരുന്നു ആദ്യ ഭാര്യ. മെക്‌സിക്കന്‍ മുന്‍നിര മോഡലും നടിയുമായ ജയ്ഡി മിഷേലുമായുള്ള ബന്ധത്തിന്റെ പേരില്‍ ഈ വിവാഹം തകര്‍ന്നു. മിഷേല്‍ ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ച ഗായകന്‍ അലജാന്ദ്രൊ സാന്‍സിന്റെ മുന്‍ പത്‌നിയാണ്. മിഷേല്‍ പിന്നീട് മാര്‍ക്വേസിന്റെ ജീവിതപങ്കാളിയായി.