ട്രെസ് പാസേഴ്‌സ് അഥവാ അതിക്രമിച്ചു കടക്കുന്നവർ. ചിത്രകല അടച്ചിട്ട മുറികളിൽ തളച്ചിടാനുള്ളതല്ല. മനുഷ്യർക്ക് കാണാനായി അവയെ കൂടുതുറന്നു പറത്തിവിടുകയാണ് വേണ്ടത്. തെരുവോരങ്ങളും കെട്ടിടങ്ങളുടെ ചുമരുകളുമെല്ലാം കാൻവാസുകളാക്കി ചിത്രകലയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്ന ഒരു കൂട്ടം ചിത്രകാരന്മാർ. ട്രെസ് പാസേഴ്‌സ് പുതിയൊരു കലാവിപ്ലവത്തിനാണ് തുടക്കമിട്ടത്.
സമൂഹത്തിന്റെ അടിച്ചേൽപിക്കലില്ലാതെ മനസ്സിൽ തോന്നുന്ന ആശയങ്ങൾക്ക് നിറച്ചാർത്ത് നടത്തുകയാണിവർ. അവിടെ നിറമില്ലാത്ത മനുഷ്യരും മൃഗങ്ങളും അവരുടെ തേങ്ങലുകളും ആധിയും വ്യഥയുമെല്ലാമുണ്ട്. ആഘോഷങ്ങളും നാട്ടുനന്മകളും നാടൻ കലകളുമെല്ലാം അവർക്ക് വിഷയമാവുന്നു. അതിക്രമിച്ചുകയറാൻ മടിയില്ലാത്തതുകൊണ്ടാകണം ഇവർ ട്രെസ് പാസേഴ്‌സ് എന്ന കലാസംഘമുണ്ടാക്കിയത്. ഏഴുപേരടങ്ങുന്ന ഈ സംഘത്തിൽ കാലടി സർവ്വകലാശാലയിൽനിന്നും ചിത്രകലയിൽ മാസ്റ്റർ ബിരുദം നേടിയവരാണ് ഏറെയും. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽനിന്നും ശാന്തിനികേതനിൽനിന്നും ചിത്രകല അഭ്യസിച്ചവരും കൂട്ടത്തിലുണ്ട്. കാലടി ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ പഠനകാലത്തെ കൂട്ടായ്മയിൽനിന്നും നിന്നും രൂപംകൊണ്ട ഈ സംഘം നാടുനീളെ വർണചാരുതയൊരുക്കുകയാണ്. കലയും ആദർശവും ഇവരുടെ രചനകളിൽ കെട്ടുപിണഞ്ഞുകിടക്കുന്നു.
സർവകലാശാലയിൽ നടക്കാനൊരുങ്ങുന്ന അമൃത് കലോത്സവത്തിനായി ചുമരുകളിൽ ചിത്രരചനയ്‌ക്കൊരുങ്ങുകയാണവർ. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയവരുടെ കലാപ്രകടനത്തിന് വേദിയൊരുങ്ങുകയാണ്. അതിനായി ചുമരുകൾ അലങ്കരിച്ചുകൊണ്ടിരിക്കുന്നു. ട്രെസ് പാസേഴ്‌സിന്റെ കലാവിരുതാണ് ആ കാമ്പസിൽ നിറയുന്നത്. ലൈബ്രറിയുടെ ചുമരുകളും കഌസ്മുറിയോടു ചേർന്നുള്ള കൽപടവുകളും കോണിപ്പടിയും മ്യൂസിയവുമെല്ലാം ഇവരുടെ ചിത്രകലാപാടവത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. പഠനം പൂർണ്ണമായെങ്കിലും ഇപ്പോഴും കാമ്പസിലെ സജീവസാന്നിധ്യമായി ഈ സംഘമുണ്ട്. ചിത്രരചനയും മ്യൂസിയമൊരുക്കലുമെല്ലാമായി കാമ്പസിന്റെ ജീവനാഡിയായി മാറിയിരിക്കുകയാണിവർ. അമ്പാടി കണ്ണനും അർജുൻ ഗോപിയും ജിനിൽ മണികണ്ഠനും വിഷ്ണുപ്രിയനും ജതിൻ ഷാജിയും പ്രണവ് പ്രഭാകരനും വിഷ്ണുകുമാറുമെല്ലാമായി കലയെ ഹൃദയത്തോടു ചേർത്തുനിർത്തുന്നവർ.
പേരിലെ കൗതുകത്തെക്കുറിച്ച് മനസ്സു തുറന്നത് വിഷ്ണു പ്രിയനായിരുന്നു. പൊതുസ്ഥലത്ത് ഒരു ചിത്രം വരച്ചിട്ടുണ്ടെങ്കിൽ ആളുകൾ അത് കാണുകയും അതിനോട് ഇടപഴകുകയും ചെയ്യും. ചിലപ്പോൾ ആ വഴിയിലൂടെ കടന്നുപോകുമ്പോൾ നമ്മൾ അത് ശ്രദ്ധിക്കപ്പെടണമെന്നില്ല. എങ്കിലും ആ സ്ഥലവുമായി ബന്ധപ്പെട്ട ചിത്രമാണെങ്കിൽ നമ്മുടെ മനസ്സിൽ അത് മായാതെ കിടക്കും. നമ്മൾ സ്വപ്‌നം കാണുമ്പോൾ പോലും ആ സ്ഥലത്തുള്ള ചിത്രം നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരും. ഇത്തരത്തിൽ ആളുകളുടെ മനസ്സിലേയ്ക്ക് അതിക്രമിച്ചുകയറാനുള്ള ഉപാധിയായി കലയെ കാണാൻ ശ്രമിച്ചതിൽ നിന്നാണ് ഇത്തരം ഒരു പേരു വന്നത്. കാമ്പസിനടുത്ത് താമസക്കാരനായ അമ്പാടി കണ്ണന്റെ വീട്ടിൽനിന്നാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്.
ചിത്രകലയിൽ ജന്മസിദ്ധമായ കഴിവൊന്നുമുള്ളവരായിരുന്നില്ല ഞങ്ങൾ. ചിത്രരചന ഇഷ്ടമായിരുന്നെങ്കിലും സ്‌കൂൾ കഌസുകളിൽവച്ചാണ് ചിത്രകലയെ ഇഷ്ടപ്പെട്ടുതുടങ്ങിയത്. പഠനത്തിലൂടെ ഈ കല സ്വായത്തമാക്കിയെടുക്കുകയായിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള സ്ഥലങ്ങളിൽ എൺപതോളം ചിത്രങ്ങൾ ഇതിനകം ഞങ്ങൾ വരച്ചുകഴിഞ്ഞു. തമിഴ് നാട്ടിലും മുംബൈയിലുമെല്ലാമുള്ള എക്‌സിബിഷനുകളിലും പങ്കാളികളായി. കോഴിക്കോട്ടെ കൊപ്ര ബസാറിലും കാലടി മാർക്കറ്റിലും പൊന്നാനിയിലെ മീൻ മാർക്കറ്റിലും ആലപ്പുഴയിലെ കല്ലുപാലത്തിലും മാത്രമല്ല, കോയമ്പത്തൂരിലെ ഉക്കടം തെരുവിലും ട്രെസ് പാസേഴ്‌സിന്റെ കലാവിരുത് കാണാം.
ചിത്രകലാ ഗ്യാലറികളിൽ ചെന്ന് ചിത്രരചനകൾ ആസ്വദിക്കുന്നവർ ഇന്ന് ചുരുക്കമാണ്. ചിത്രങ്ങൾ മ്യൂസിയങ്ങളിലും പുസ്തകങ്ങളിലും ഒതുങ്ങിപ്പോകരുത്. ഗാലറികൾ കയറിയിറങ്ങി ചിത്രങ്ങളാസ്വദിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ആർക്കും കാണാവുന്ന തെരുവോരങ്ങളിലെ തുറന്ന ചുമരുകളിലാണ് ചിത്രം വരക്കുന്നതെങ്കിൽ എപ്പോഴും കാഴ്ചക്കാരുണ്ടാകും. ചിത്രങ്ങളെക്കുറിച്ച് ധാരണയില്ലാത്തവർക്കും അത് സ്വീകാര്യമാവും. ഈയൊരു ചിന്തയാണ് സ്വതന്ത്രമായ കലാജീവിതത്തിലേയ്ക്ക് ഞങ്ങളെ വഴിനടത്തിയത്.
പഠനകാലത്തുതന്നെ ജോലി ചെയ്ത് വരുമാനമാർഗം കണ്ടെത്തുന്നവരായിരുന്നു ഞങ്ങളെല്ലാവരും. സ്റ്റുഡിയോ പ്രാക്ടീസും കമ്മീഷൻ വർക്കുകളും വീടുകളിൽ ഇന്റീരിയർ ജോലികളുമെല്ലാം ചെയ്ത് സ്വന്തം കാലിൽ നിൽക്കാൻ പരിശീലിച്ചിരുന്നു. പഠനാനന്തരം സ്വതന്ത്രമായ ചിത്രരചനാസങ്കേതമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. കമ്മീഷൻ വ്യവസ്ഥയിൽ ജോലി നോക്കുമ്പോൾ പണം മുടക്കുന്നവന്റെ താൽപര്യങ്ങളാണ് കൂടുതലും സംരക്ഷിക്കേണ്ടിയിരുന്നത്. അവരുടെ ആശയത്തിനൊത്തുള്ള ചിത്രരചനയിൽ ഞങ്ങൾ സംതൃപ്തരായിരുന്നില്ല. ഒരു യന്ത്രം കണക്കെ ജോലി ചെയ്യുവാൻ ഞങ്ങൾക്കാവില്ല. ഞങ്ങളുടെ സർഗാത്മകത കൈമോശം വരികയാണെന്നു തോന്നി. അതോടെ കമ്മീഷൻ ജോലികൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പൊതുജനമധ്യത്തിൽ ഞങ്ങളുടെ അഭിരുചിക്കിണങ്ങുംവിധത്തിലുള്ള ചിത്രങ്ങൾ വരച്ചുതുടങ്ങി. അവയ്ക്ക് പുതുമയുള്ള ദൃശ്യഭാഷയും നൽകി. ചിത്രരചനയെ ഒരു വരുമാനമാർഗ്ഗമായി ഞങ്ങൾ കാണുന്നില്ല. വരുമാനമാർഗമായി കണ്ടുതുടങ്ങിയാൽ അതിനനുസരിച്ചുള്ള വിധേയത്വത്തിനും വഴിപ്പെടുമെന്നു ഞങ്ങൾക്കു തോന്നി.
കാലടി മാർക്കറ്റിലായിരുന്നു തുടക്കം. മാർക്കറ്റിന്റെ ചുമരിൽ പെയിന്റ് ദി വാൾ എന്നൊരു തീമിൽ ചിത്രം വരച്ചുതുടങ്ങി. നേരിട്ടുകണ്ട ആളുകളെയും കടകളെയും കച്ചവടക്കാരെയുമെല്ലാം ചിത്രങ്ങളിൽ പകർത്തി. തങ്ങൾക്കു ചുറ്റുമുള്ള കാഴ്ചകൾ ചിത്രരൂപത്തിൽ കണ്ടപ്പോൾ അവർക്കും എന്തെന്നില്ലാത്ത സന്തോഷം. ചിത്രരചനക്കിടയിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരത് പൂരിപ്പിച്ചുതന്നു. അവരുടെ മനസ്സിലെ കാഴ്ചകളായിരുന്നു അവിടെ പ്രതിഫലിച്ചത്. ആ സന്തോഷമായിരുന്നു ഞങ്ങൾക്ക് കിട്ടിയ ആദ്യത്തെ അംഗീകാരം. തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള ചുമരുകളിൽ അതാതിടത്തെ കാഴ്ചകൾ ചിത്രങ്ങളാക്കി വരച്ചുവച്ചു. കാലടി ബസ് സ്റ്റാന്റിലും കോഴിക്കോട്ടെ കൊപ്ര ബസാറിലുമെല്ലാം അവരുടെ ജീവിതംതന്നെയാണ് പകർത്തിവച്ചത്.
ഒരിടത്തും വിഷയം മുൻകൂട്ടി കണ്ടല്ല വരയ്ക്കുന്നത്. അതിർവരമ്പുകളില്ലാത്ത വരയാണ് ഞങ്ങൾ ഇഷ്ടപ്പെട്ടത്. ഒരു ചുമരിൽതന്നെ ഓരോരുത്തരും ഇഷ്ടമുള്ളത് വരച്ചുവയ്ക്കും. ഒരാൾ വരച്ചുവച്ചത് പൂർണ്ണമാക്കുന്നത് മറ്റൊരാളായിരിക്കും. അവിടെ അയാളുടെ കാഴ്ചപ്പാടുകളും വരയ്ക്കും. ഇത്തരത്തിൽ ചുമരിലെ ചിത്രം പൂർത്തിയാകുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നത് അവിടെ ദൃശ്യമാകും. ഒരാൾ വരയ്ക്കുന്ന ചിത്രം കാണുമ്പോഴാണ് മറ്റൊരാൾക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ നാമ്പിടുന്നത്. ഒടുവിൽ ചിത്രത്തിന്റെ പൂർണത എങ്ങനെയാവുമെന്ന് ആർക്കും പറയാനാവില്ല. എല്ലാവരും ഒന്നിച്ചുള്ള വരയായതിനാൽ ഒരിടവും ഒഴിഞ്ഞുകിടക്കില്ല. വരച്ചുകഴിയുംവരെ മാത്രമേ ഞങ്ങളുണ്ടാവുകയുള്ളു. പിന്നെയത് കാഴ്ചക്കാരന് വിട്ടുകൊടുക്കും. അതാണ് ഞങ്ങളുടെ രീതി. എല്ലാവരും ഒന്നിച്ചുപറയുന്നു.
ചിത്രരചനയ്ക്കിടയിൽ കാഴ്ചക്കാരന്റെ പ്രതികരണങ്ങൾക്കും ഞങ്ങൾ ചെവി കൊടുക്കാറുണ്ട്. എങ്കിലും അവർ പറയുന്നതുപോലെ വരയ്ക്കാറില്ല. കോഴിക്കോട്ടെ കൊപ്ര ബസാറിൽ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോൾ കാഴ്ചക്കാരിലൊരാൾ പറഞ്ഞത് നിങ്ങൾക്ക് സുന്ദരന്മാരെയും സുന്ദരികളെയും വരച്ചുകൂടെ എന്നായിരുന്നു. വരച്ചവരിൽ പലരുടെയും പല്ലുകൾ ഉന്തിയും കറുത്ത നിറത്തിലുള്ളവരുമൊക്കെയായിരുന്നു. പരസ്യചിത്രങ്ങളിൽ കാണുന്നതുപോലെ സമ്പന്നതയുടെ പ്രതിരൂപങ്ങളെയാണ് അവർ കണ്ടിട്ടുള്ളത്. എന്നാൽ ഞങ്ങൾ അങ്ങനെ വരച്ചുചേർക്കാറില്ല. സാധാരണക്കാരായിരുന്നു ഞങ്ങളുടെ ചിത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്.
മറ്റൊരിക്കൽ കൊയിലാണ്ടിയിൽ ഒരു ചിത്രം വരയ്ക്കുന്നതിനിടയിൽ സ്ത്രീയുടെ മുടി പിടിച്ചുവലിക്കുന്ന പുരുഷന്റെ ചിത്രമായിരുന്നു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന ഒരാളുടെ പ്രതികരണം ഞങ്ങൾ കൊയിലാണ്ടിക്കാരെല്ലാം ഇങ്ങനെ ചെയ്യുന്നവരാണോ എന്നായിരുന്നു. മറ്റൊരിടത്ത് തലയില്ലാത്ത ആളുകളുടെ ചിത്രം വരച്ചതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മനസ്സിലുള്ള ആശയങ്ങൾ പകർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാറില്ല. കാണുന്ന കാഴ്ചകൾ അപ്പാടെ പകർത്തിവയ്ക്കുകയാണ് ഞങ്ങളുടെ രീതി.
ഓരോ സ്ഥലത്തെത്തുമ്പോഴും അവിടത്തെ പ്രധാന സ്ഥലങ്ങളും വ്യക്തികളും ചിത്രരചനയ്ക്ക് വിഷയമാക്കണമെന്നു പറയാറുണ്ട്. എന്നാൽ ഞങ്ങളുടെ ശൈലി അതല്ല. കോഴിക്കോട്ടെത്തിയാൽ സാമൂതിരിയെയും കടൽപ്പാലവുമെല്ലാം വരക്കുമെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ അതെല്ലാം ഒരുപാടുപേർ ചിത്രരചനയ്ക്ക് വിഷയമാക്കിക്കഴിഞ്ഞതാണ്. കണ്ടു മടുത്ത ചിത്രങ്ങളല്ല, പുതുമയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കലാമണ്ഡലത്തിലെത്തിയപ്പോഴും കഥകളിരൂപം വരയ്ക്കാൻ ഞങ്ങൾ ശ്രമിച്ചില്ല. അവിടത്തെ വിദ്യാർഥികളുടെ അഭിപ്രായവും അവിടത്തെ അവസ്ഥയുമെല്ലാം നേരിട്ടറിഞ്ഞുള്ള ചിത്രീകരണമായിരുന്നു നടത്തിയത്. കഥകളിയിലെ പച്ചവേഷം പലരുടെയും ഇഷ്ടപ്പെട്ട വിഷയമായിരുന്നു. എന്നാൽ ഞങ്ങൾ തിരഞ്ഞെടുത്തത് കത്തി വേഷമായിരുന്നു. ഒരു വാട്ടർ ടാങ്കിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന വേഷങ്ങൾ. അവിടത്തെ യാന്ത്രികമായ സ്വഭാവത്തെയാണ് ഞങ്ങൾ എടുത്തുകാണിച്ചത്. ഒരു ശരീരം കറങ്ങിവന്ന് തന്റെ തന്നെ കാലു പിടിക്കുന്ന പ്രതീതിയുണ്ടാക്കുകയാണിവിടെ.
കുട്ടികൾക്കുവേണ്ടി ചിത്രകലാ ക്യാമ്പുകളൊരുക്കാനും ഇവർ സമയം കണ്ടെത്താറുണ്ട്. നിലമ്പൂരിലും അട്ടപ്പാടിയിലും വയനാട്ടിലും റാന്നിയിലും വാഴച്ചാലിലുമെല്ലാം ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. ഉൾപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് പെയിന്റിംഗ് വാങ്ങാനുള്ള ശേഷി ഉണ്ടാകണമെന്നില്ല. മാത്രമല്ല, ഞങ്ങളുടെ പെയിന്റ് കൊണ്ട് ചിത്രം വരച്ചുകഴിഞ്ഞാൽ പിന്നീട് അവരെന്തു ചെയ്യുമെന്ന ചിന്തയുണ്ടായി. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിറങ്ങളുണ്ടാക്കാൻ അവരെ പരിശീലിപ്പിച്ചു. തേക്കിൻകൂമ്പും ഇലച്ചാറുകളും മഞ്ഞളും ഉജാലയുമെല്ലാം ഉപയോഗിച്ച് ആവശ്യമുള്ള നിറങ്ങളുണ്ടാക്കാനുള്ള പരിശീലനം നൽകി.
ചുമർചിത്രങ്ങളാണ് ഇപ്പോൾ ഏറെയും വരയ്ക്കുന്നത്. പെയിന്റിംഗ് മാത്രമല്ല, ശിൽപങ്ങൾ, ഇല്ലസ്േ്രടഷനുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ മേഖലകളിലേക്കും ഞങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്ന ചിന്തയുണ്ട്. വിഷ്വലായിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ചുവരിൽ ടെറാക്കോട്ട ഒട്ടിച്ചുവച്ചുള്ള ചിത്രങ്ങളും ഒരുക്കാറുണ്ട്. കോളേജ് മ്യൂസിയത്തിലും മുംബൈയിലെ ഒരു വീട്ടിലും ഇത്തരം ചിത്രരചനയാണ് നടത്തിയത്.
കേരള സർക്കാരിന്റെ കീഴിൽ സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് നൽകുന്ന വജ്രജൂബിലി ഫെലോഷിപ്പാണ് ഞങ്ങളുടെ പ്രധാന വരുമാനമാർഗം. ഓരോ ബ്‌ളോക്ക് പഞ്ചായത്തിലെയും നാല് സെന്ററുകളിൽ ചെന്ന് കഌസുകൾ നൽകുകയാണ് ജോലി. വിവിധ വിഭാഗങ്ങളിലായി ആയിരം കലാകാരന്മാർക്ക് ഈ ഫെലോഷിപ്പ് നൽകുന്നുണ്ട്.
തെരുവിലെ ചിത്രരചനയിൽ അഭിരമിക്കുകയാണിവർ. തെരുവിനൊപ്പം തങ്ങളുടെ ചിത്രങ്ങളും അലിഞ്ഞുചേരുന്ന അനുഭൂതി. കാണാനെത്തുന്നവരുടെ മനസ്സിന്റെ കോണിൽ അത് തങ്ങിനിൽക്കും. ഇത്തരത്തിൽ കാഴ്ചക്കാരന്റെ മനസ്സിലേക്ക് അതിക്രമിച്ചുകടക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നിറമില്ലാത്ത ചുമരുകളിലേയ്ക്ക് അതിക്രമിച്ചുകയറി അവിടം ജനമനസ്സുകൾക്ക് ആസ്വദിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് ഞങ്ങൾ. ഞങ്ങൾ അതിക്രമം ഇനിയും തുടരുക തന്നെ ചെയ്യും - ട്രെസ് പാസേഴ്‌സ് കൂട്ടായ്മ ഒന്നടങ്കം പറഞ്ഞുനിർത്തുന്നു.






