ഇസ്രായേലില്‍ കൃഷി പഠിക്കാനെത്തി കടന്നു കളഞ്ഞ ബിജുവിനും സംരക്ഷിക്കുന്നവര്‍ക്കും എംബസിയുടെ മുന്നറിയിപ്പ്

ജറുസലേം: ഇസ്രായേലിലെ കൃഷി രീതികളെപ്പറ്റി പഠിക്കാനായി കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എത്തിയ ശേഷം കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശിയായ കര്‍ഷകന്‍ ബിജു കുര്യനെതിരെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് . ബിജുവിനെ ആരും സഹായിക്കരുതെന്നും ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയ്യാറായാല്‍ വലിയ കുഴപ്പമുണ്ടാകില്ലെന്നും അല്ലെങ്കില്‍ ബിജു കുര്യനും ഇയാളെ സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടി വരുമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി അറിയിച്ചു.
ഇസ്രായേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കര്‍ഷക സംഘത്തില്‍ ഉള്‍പ്പെട്ട ബിജു കുര്യനെ കഴിഞ്ഞ 17ന് രാത്രിയിലാണ് കാണാതായത്. ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു. വിസ കാലാവധി മെയ് മാസത്തില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ നാട്ടിലേക്ക് വരാന്‍ തയ്യാറായാല്‍ ഇസ്രായേലിലെ നിയമനടപടികള്‍ നേരിടേണ്ടി വരില്ല. വിസ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കില്‍ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നു.
കൃത്യമായ ആസൂത്രണം നടത്തിയാണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയതെന്ന് സഹയാത്രികര്‍ പറയുന്നു. 10 വര്‍ഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളില്‍ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂര്‍ത്തിയാകാത്ത കര്‍ഷകരില്‍ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് ബിജുവിനെ സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇസ്രായേലില്‍ എത്തിയപ്പോള്‍ ബിജുവിനെ കാണാതാകുകയായിരുന്നു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും ബിജു ഭാര്യയെ നാട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News