Sorry, you need to enable JavaScript to visit this website.

ഭിവാനി കൊലപാതകം: മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയത് സർക്കാർ വാഹനത്തിൽ; കാറിൽ ചോരപ്പാടുകൾ

ചണ്ഡിഗഢ് - ഹരിയാനയിൽ ഭിവാനിയിൽ പശുക്കടത്ത് ആരോപിച്ച് കൊന്ന മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയത് സർക്കാർ വാഹനത്തിലെന്ന് റിപ്പോർട്ട്. ഹരിയാന സർക്കാരിന്റെ പഞ്ചായത്ത് വികസന വകുപ്പിന്റെ സ്‌കോർപ്പിയോ കാറിലാണ് കൊല്ലപ്പെട്ട ജുനൈദിനെയും നസീറിനെയും തട്ടിക്കൊണ്ടുപോയതെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തു.
 സംഭവത്തിൽ എച്ച്.ആർ 70 ഡി 4177 നമ്പറിലുള്ള ഹരിയാന സർക്കാറിന്റെ വെളുത്ത സ്‌കോർപ്പിയോ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ സീറ്റിൽ അടക്കം രക്തത്തിന്റെ പാടുകളും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതേ വാഹനത്തിൽ ഗോരക്ഷാ സംഘത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കണ്ടെത്തിയത്.
  ജുനൈദ്-നസീർ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപണമുള്ള കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബജ്‌റംഗ് ദൾ പ്രവർത്തകൻ മോനു മനേസറിനൊപ്പമുള്ള വ്യക്തികളാണ് ഇതേ ചിത്രത്തിലുമുള്ളത്. മോനു മനേസറിന്റെ യൂട്യൂബ് ചാനലിലുള്ള വിഡിയോകളിലും ഇതേ നമ്പർ സ്‌കോർപ്പിയോ കാർ കണ്ടെത്തിയിട്ടുണ്ട്. കാറിൽ ഒരാൾ തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങളും വൃദ്ധനെ കയ്യേറ്റം ചെയ്യുന്നതും നഗ്നനാക്കി പരേഡ് നടത്തിക്കുന്നതും വിഡിയോയിലുണ്ട്. ഇതേ വാഹനത്തിന് പോലീസ് അകമ്പടി സേവിക്കുന്ന വിഡിയോകളും പ്രചരിക്കുന്നുണ്ട്.
 ഗോപാൽഗഢ് പോലീസ് സ്റ്റേഷൻ ഓഫിസറായ രാം നരേഷുമായി ബന്ധപ്പെട്ടപ്പോൾ കാർ പഞ്ചായത്ത് വകുപ്പിന് കീഴിലുള്ളതായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കാർ ലേലത്തിൽ വിറ്റതാണെന്നും ഇപ്പോൾ വാഹനത്തിന്റെ ഉടമകളെക്കുറിച്ച് വിവരമില്ലെന്നും പോലീസ് പറയുന്നതായി റിപ്പോർട്ടിലുണ്ട്. ജുനൈദിനെയും നസീറിനെയും കാണാതായതിനെ തുടർന്ന് രാജസ്ഥാൻ പോലീസ് അന്വേഷണവുമായി ഹരിയാനയിലെത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിന്തുടർന്ന് ഹരിയാനയിലെ ജിന്ദിലെത്തിയ പോലീസ് സംഘം രഹസ്യവിവരത്തെ തുടർന്ന് ഇവിടെയുള്ള ഗോരക്ഷാ കേന്ദ്രത്തിൽ റെയ്ഡ് നടത്തി. പ്രതികളായ വികാസ് അടക്കമുള്ളവരെ പിടികൂടാനായില്ലെങ്കിലും സമീപിത്തുനിന്ന് കാർ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. കൈതാൽ റോഡിലെ ഗോസേവാധാം വിക്ലാങ് ഗോശാലയിലും മറ്റും പോലീസ് റെയ്ഡ് നടത്തി.
 അതിനിടെ, കസ്റ്റിഡിയിലെടുത്ത കാർ നിരവധി ഗോരക്ഷാ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. സർക്കാരിന്റെ സമ്മതത്തോടെ മാത്രമല്ല, സഹായത്തോടെയാണ് മുസ്‌ലിംകൾക്കെതിരെ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

Latest News