ശ്രീലങ്കയില്‍ കാറ്റാടി വൈദ്യുതി പദ്ധതിക്ക് അംഗീകാരം നേടി അദാനി ഗ്രൂപ്പ്

കൊളംബോ- ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ നഷ്ടം നേരിടുമ്പോഴും ശ്രീലങ്കയില്‍ കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ അദാനി ഗ്രൂപ്പിന് അംഗീകാരം. നരേന്ദ്ര മോഡിയുടെ പ്രത്യേക താത്പര്യത്തിലാണ് അദാനി ഗ്രൂപ്പ് ശ്രീലങ്കയില്‍ കാറ്റാടി പദ്ധതിയുമായി രംഗത്തെത്തിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അദാനി ഗ്രൂപ്പിന് പദ്ധതി നല്‍കുന്നതില്‍ വലിയ പ്രതിഷേധവും ശ്രീലങ്കയിലുണ്ടായിരുന്നു. 

ശ്രീലങ്കയില്‍ 44.2 കോടി ഡോളറിന്റെ രണ്ട് കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കാനാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ശ്രീലങ്കയുടെ നിക്ഷേപ ബോര്‍ഡ് അംഗീകാരം നല്‍കിയത്. 

പദ്ധതിയിലൂടെ ശ്രീലങ്കയില്‍ രണ്ടായിരം ജോലി സൃഷ്ടിക്കപ്പെടുമെന്നും രണ്ടു വര്‍ഷത്തിനകം 350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും അംഗീകാരം നല്‍കിയ പ്രസ്താവനയില്‍ നിക്ഷേപ ബോര്‍ഡ് പറയുന്നു.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിരുന്ന ശ്രീലങ്ക വൈദ്യുതി വില 66 ശതമാനം വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. രണ്ടു വൈദ്യുത നിലയവും 2025ഓടെ സജ്ജമാക്കുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. കൊളംബോയിലെ തുറമുഖ വികസന കരാര്‍ നേരത്തെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.
 

Latest News