ഒരു വ്യാഴവട്ടത്തിന് ശേഷം വൈക്കം വിശ്വന്‍ എന്ന പഴയ പടക്കുതിയ ഇടതുമുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. പകരം പലപ്പോഴും വിവാദങ്ങളില്‍ പെട്ടുലഞ്ഞ എ. വിജയരാഘവന്‍ പകരം നിയോഗിക്കപ്പെട്ടിരിക്കുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നു നയിക്കുകയാണ് വിജയരാഘവന്റെ പ്രഥമ ദൗത്യം. സംഘാടന ശേഷിയും നേതൃപാടവവുമുള്ള നേതാവാണ് വിജയരാഘവന്‍. എന്നാല്‍ സവിശേഷമായ ചില അഭിപ്രായപ്രകടനങ്ങളിലൂടെ സ്വന്തം തട്ടകമായ മലപ്പുറത്തു തന്നെയുള്ള വലിയൊരു വിഭാഗം ജനങ്ങളുടെ അപ്രീതിക്കും അദ്ദേഹം ഇരയായി.
ആരോഗ്യകാരണങ്ങളാലാണ് വൈക്കം വിശ്വന്‍ സ്ഥാനമൊഴിയുന്നത് എന്നാണ് സൂചന. സി.പി.എം-സി.പി.ഐ ബന്ധങ്ങള്‍ പലപ്പോഴും ആടിയുലഞ്ഞപ്പോഴും ആര്‍.എസ്.പി, ജനതാദള്‍ എന്നിവ മുന്നണി വിട്ടപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ വിശ്വന് സാധിച്ചോ എന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. പുതിയ ദൗത്യത്തിന് നിയോഗിതനായ ഉടന്‍ വിജയരാഘവന്‍ പരാമര്‍ശിച്ചതും സി.പി.ഐ-സി.പി.എം ബന്ധത്തെക്കുറിച്ചാണെന്നതും ശ്രദ്ധേയമാണ്.
മറുഭാഗത്ത്, യു.ഡി.എഫ് കണ്‍വീനറായി പി.പി തങ്കച്ചനും വര്‍ഷങ്ങളായി തുടരുകയാണ്. മാറും, മാറ്റും എന്നൊക്കെ ഇടക്കിടെ കേള്‍ക്കുന്നുവെങ്കിലും ഒന്നും നടക്കുന്നില്ല. കാരണം മറ്റൊന്നുമല്ല, കണ്‍വീനര്‍ തങ്കച്ചനാണെങ്കിലും കാര്യങ്ങള്‍ നടത്തുന്നത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമൊക്കെയാണ്.
വിജയരാഘവന്‍ കണ്‍വീനറാകുന്നതോടെ, ഇടതുമുന്നണിക്ക് നവോന്മേഷം കൈവരുമോ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ എല്‍.ഡി.എഫിനെ വിജയത്തിലേക്ക് നയിക്കാനുള്ള തന്ത്രങ്ങള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടോ.... വായനക്കാര്‍ക്ക് പ്രതികരിക്കാം.






