പത്രപ്രവർത്തകനും എഴുത്തുകാരനുമായ രവിവർമ്മ തമ്പുരാന്റെ ഇരുമുടി എന്ന നോവൽ അദ്ദേഹത്തിന്റെ മുടി നോവലുകളിൽ മൂന്നാമത്തേതാണ്. മുടിപ്പേച്ച്, ഭയങ്കരാമുടി എന്നീ നോവലുകളാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയത്. നോവൽ ത്രയം എന്ന് ഇവയെ വിളിക്കാം. രാഷ്ട്രീയക്കാർ സമൂഹത്തിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന വർഗീയ ധ്രുവീകരണവും മതതീവ്രവാദങ്ങളുമാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്. മൂന്നാംനോവലിൽ എത്തുമ്പോൾ ഇതിനുള്ള പരിഹാരം കൂടി തേടുന്നു.
നമ്മുടെ നാട്ടിലെ വർഗീയ രാഷ്ട്രീയം ജനങ്ങളെ ഭയവിഹ്വലരാക്കുന്നുണ്ട്. സത്യാനന്തര കാലത്ത് കള്ളം സത്യമായി പ്രചരിപ്പിക്കപ്പെടുന്നു. ഭരണകൂടങ്ങളും ഇതിന്റ ഭാഗമാണ്. നാട്ടിലാകെ പടർന്നുപിടിച്ചിരിക്കുന്ന തീവ്രവാദത്തിനും വർഗീയതക്കുമെതിരെ കുറച്ചു ചെറുപ്പക്കാർ ചിപ് മൂവ്മെൻറ്റിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്നു. മതതീവ്രവാദം വളർന്നു കൊഴുക്കുന്നതിനുള്ള വളക്കൂറുള്ള മണ്ണായി നമ്മുടെ നാട് മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ജനങ്ങളിതിനെതിരെ ഉണരണമെന്ന സന്ദേശമാണ് നോവൽ നൽകുന്നത്.
രവിവർമ്മ തമ്പുരാൻ തന്റേതായ നിലയിൽ ഈ ആശയം നോവലിലൂടെ ആവിഷ്കരിക്കുന്നു. ഒരു മതവിഭാഗത്തിലുണ്ടാകുന്ന തീവ്ര മനോഭാവം സ്വഭാവികമായും മറ്റും സമൂഹങ്ങളിലേക്കും പരക്കും. ബാബ്രി-രാമജന്മഭൂമി തർക്കത്തിലൂടെയാണ് ഭാരതം പുതിയൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായി മാറിയത്. ഇതിന്റെ ഗുണഭോക്താക്കൾ രാഷ്ട്രീയക്കാരാണ്. എന്നാൽ മതത്തിനും ജാതിക്കും അതീതമായി സൗഹാർദത്തോടെ കഴിഞ്ഞിരുന്ന സാധാരണക്കാരിൽ മത-ജാതി വർഗീയ വിഷം ചീറ്റി അശാന്തമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത് നാടിനും നാട്ടാർക്കും ഗുണമുള്ള കാര്യമല്ല. ജാതി ജാതിയോടും മതം മതത്തോടും ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായാൽ ഭാരതം ദുർബലപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ഇരുമുടിയിൽ ശബരിമലയെ കേന്ദ്ര സ്ഥാനത്തു നിർത്തി സമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് ചെയ്യുന്നത്. ശബരിമലയെ സംബന്ധിച്ച കഥയും ചരിത്രവും മിത്തുമെല്ലാം ചർച്ചക്കെടുക്കുന്നുണ്ട്. മുടി നോവലുകളുടെ പൊതുനിലപാട്തറ വർഗീയതയെ സംബന്ധിച്ചുള്ള വിശകലനമാണെന്ന് വ്യക്തമാണ്. ഇതിൽ വിട്ടുപോയത് വായനക്കാരന് മനസ്സിൽ പൂരിപ്പിക്കാവുന്നതേയുള്ളൂ. ലളിതമായ ഭാഷ എടുത്തുപറയേണ്ട കാര്യമാണ്. അബുദാബി ശക്തി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ രവിവർമ്മ തമ്പുരാനെ തേടി ഇതിനോടകം എത്തിയിട്ടുണ്ട്.
ഇരുമുടി
രവിവർമ്മ തമ്പുരാൻ
മനോരമ ബുക്സ്
കോട്ടയം - വില 280 രൂപ






