അഹമ്മദാബാദ്-ഗുജറാത്തിലെ പാലന്‍പൂരില്‍ പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തി. നാല് പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും ഇവരെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
മരിച്ച ആര്യന്‍ മോദിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ മൂന്നു നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്ന് ബനസ്‌കന്ഥ ജില്ലാ എസ.്പി അക്ഷയ്‌രാജ് മക്വാന മാധ്യമങ്ങളോട് പറഞ്ഞു.
ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദിച്ച ശേഷം ഒരു ദ്രാവകം കുടിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിനുശേഷം റോഡില്‍ ഉപേക്ഷിച്ച യുവാവ് പിന്നീട് വീട്ടിലേക്ക് മടങ്ങി. അവശനിലയിലായ യുവാവിനെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അക്ഷയ് മക്വാന പറഞ്ഞു.
സംഭവം അറിഞ്ഞയുടന്‍ പോലീസ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആര്യന്റെ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷമാണ് ആര്യന്‍ മരണത്തിന് കീഴടങ്ങിയത്.
പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






