വക്കീലുമായില്ല, യു.എസിലും പോകാനായില്ല; നിരാശ പങ്കുവെച്ച് നടി ഐശ്വര്യ

ചെന്നൈ- സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ യു.എസില്‍ പോയി ഫാമിലിയായി അവിടെ ജീവിക്കുമായിരുന്നുവെന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. നരസിംഹം, പ്രജ, ബട്ടര്‍ഫ്‌ളൈസ് എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ഐശ്വര്യ. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഐശ്വര്യക്ക് മലയാള മനസുകളില്‍ ഇടം നേടിയ കഥാപാത്രങ്ങളുണ്ട്.  
സിനിമ തന്റെ ജീവിതം മാറ്റി മറിച്ചെന്നും സിനിമ അല്ലായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷത്തോടെ ജീവിച്ചേനെയെന്നുമാണ് നടി ഇപ്പോള്‍ പറയുന്നത്.  
സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു. അഭിനയിക്കാന്‍ വേണ്ടി മുത്തശിയേയും കൂട്ടി വീട് വിട്ട് ഇറങ്ങിയിട്ടുണ്ട്. അന്നത്തെ ചില സാഹചര്യങ്ങള്‍ കാരണം പാട്ടിയെ ഒറ്റയ്ക്കാക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് ഞാന്‍ സിനിമയിലെത്തി. ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു.  
സിനിമയില്‍ വരുന്നിനോട് അമ്മയ്ക്കായിരുന്നു വലിയ എതിര്‍പ്പെന്നും ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.
1990 എപ്രില്‍ 17 ന് നടന്ന സംഭവമാണ്. അല്ലെങ്കില്‍ ഞാന്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്തത് പോലെ യുഎസില്‍ പോവുകയും ഫാമിലിയായി സെറ്റില്‍ഡ് ആവുകയും ചെയ്യുമായിരുന്നു. അന്ന് നടന്ന സംഭവത്തിനാല്‍ എനിക്ക് മുത്തശ്ശിയെ നോക്കേണ്ടി വന്നു.
അവരെ ഇവിടെയിട്ടിട്ട് യുഎസില്‍ പോകാന്‍ പറ്റില്ലായിരുന്നു. ഇവിടെയും അവരെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ല. അതിനാല്‍ സിനിമയില്‍ തുടരേണ്ട സാഹചര്യം സ്വഭാവികമായി വന്നു ചേരുകയായിരുന്നു.
വക്കീലാകാനായിരുന്നു തനിക്ക് ആഗ്രഹമെന്നും താരം പറയുന്നു. ഒരു നിമിഷത്തില്‍ ഉണ്ടാകുന്ന, ആലോചിക്കാതെയുള്ള തീരുമാനമാണ് പിന്നെ മറ്റൊരു തരത്തില്‍ തിരിച്ചടിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News