ഇന്റലിജന്‍സ് പരാജയം; പുല്‍വാമ നാലാം വാര്‍ഷികത്തില്‍ വീണ്ടും ദിഗ് വിജയ് സിംഗ്

ന്യൂദല്‍ഹി- കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ഇന്റലിജന്‍സ് പരാജയമാണെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്.
ഭാരത് ജോഡോ യാത്രക്കിടെ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചും തുടര്‍ന്ന് നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ കുറിച്ചും ദിഗ് വിജയ് സിംഗ് നടത്തിയ  പരാമര്‍ശം രാഹുല്‍ ഗാന്ധിയില്‍നിന്നടക്കം വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെ 40 സി.ആര്‍.പി.എഫ് ഭടന്മാരുടെ ജീവത്യാഗം അനുസ്മരിക്കുന്ന ദിവസമാണ് ദിഗ് വിജയ് സിംഗിന്റെ പുതിയ പ്രസ്താവന.
പുല്‍വാമയില്‍ ഇന്റലിജന്‍സ് പരാജയത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞ 40 സി.ആര്‍.പി.എഫ് രക്തസാക്ഷികള്‍ക്ക് ആദാരഞ്ജലി അര്‍പ്പിക്കുകയാണെന്നും രക്തസാക്ഷികളുടെ എല്ലാ കുടുംബങ്ങളേയും ഉചതമായി പുനരധിവസിപ്പിച്ചുവെന്ന് കരുതുന്നുവെന്നും ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു.
അതേസമയം, കോണ്‍ഗ്രസ് പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു.
2019 ല്‍ നടന്ന പുല്‍വാമ ആക്രമണത്തിന്റെ നാലാം വര്‍ഷികത്തില്‍ ഇരു പാര്‍ട്ടികളുടേയും ഉന്നത നേതാക്കള്‍ രക്തസാക്ഷികളായ സി.ആര്‍.പി.എഫ് ഭടന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
ഇവരുടെ പരമമായ ജീവത്യാഗം ഒരിക്കലും വിസ്മരിക്കില്ലെന്നും കരുത്തുറ്റ വികസിത ഇന്ത്യയുടെ നിര്‍മാണത്തില്‍ ഇവരുടെ ധീരത പ്രചോദനമേകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News