(കൊണ്ടോട്ടി) മലപ്പുറം - കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. നാലുപേരിൽനിന്നായി 2.25 കോടി രൂപയുടെ സ്വർണവും വിദേശ കറൻസിയുമാണ് പിടികൂടിയത്. സ്വർണമിശ്രിതവും സ്വർണ ബിസ്ക്കറ്റുകൾക്കും പുറമെ യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച 17,000 യു.എ.ഇ ദിർഹവും കസ്റ്റംസ് കണ്ടെടുത്തു.
ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക്കിൽനിന്ന് 1,272 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയപ്പോൾ കുവൈത്തിൽനിന്നെത്തിയ കോഴിക്കോട് അടിവാരം സ്വദേശിയിൽനിന്ന്് 1,086 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തു. നാല് ക്യാപ്സ്യൂളുകളായി ഇരുവരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ജിദ്ദയിൽനിന്നെത്തിയ മലപ്പുറം പൂന്താനം സ്വദേശി ഷഫീക് സ്വർണ ബിസ്കറ്റുകളുമായാണ് കസ്റ്റംസ് പിടിയിലായത്. 1,499 ഗ്രാം തൂക്കം വരുന്ന ഒമ്പത് സ്വർണ ബിസ്കറ്റുകൾ ഇയാളിൽനിന്ന് പിടികൂടി.
മസ്ക്കത്തിലേക്ക് പോകാനായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് അലിയിൽനിന്ന് മതിയായ രേഖകളില്ലാതെ 17,430 യു.എ.ഇ ദിർഹവുമായും പിടിയിലായി. നാലുപേർക്കെതിരെയും കേസെടുത്ത് വിശദമായ അന്വേഷണം നടക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരുദിവസം മോഡി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും; അദാനിയെ പറഞ്ഞതിന് വ്യക്തിപരമായി അധിക്ഷേപിച്ചെന്നും രാഹുൽ ഗാന്ധി
കൽപ്പറ്റ - അദാനി-നരേന്ദ്ര മോഡി ബന്ധത്തിൽ താൻ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ മീനങ്ങാടിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
അദാനിക്കു വേണ്ടി കേന്ദ്രസർക്കാർ ചട്ടങ്ങൾ മറികടക്കുകയാണ്. അദാനി പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നും കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നും രാഹുൽ ചോദിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണ്? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാർലമെന്റിൽ പറഞ്ഞത് സത്യങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
താന് മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെന്റിലെ തന്റെ പ്രസംഗം കേന്ദ്രസർക്കാർ നീക്കം ചെയ്തു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. എന്നാൽ ഇത് പാർലമെൻറിൽ നിന്ന് നീക്കം ചെയ്തില്ലെന്നും ഇരട്ടത്താപ്പ് സമീപനമാണ് ഉണ്ടായതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സത്യം എന്നായാലും പുറത്തു വരും. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരഭാഷ കണ്ടാലറിയാം സത്യം എവിടെയാണെന്ന്. സത്യം മോഡിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്കദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്നും ബഫർ സോൺ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയിൽ ഒരുപാട് കർഷകരെ കണ്ടു. എല്ലാവരും അസംതൃപ്തരാണ്. ചികിത്സ കിട്ടിയിരുന്നെങ്കിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തോമസിന്റെ കുടുംബം ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.