ജൂണ്‍ 14 ന് ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയെ സൗദി അറേബ്യ തോല്‍പിക്കുമോ? മലയാളം ന്യൂസ് വെബ്‌സൈറ്റിലെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 60.12 ശതമാനം പേരും കരുതുന്നത് സൗദി ജയത്തോടെ തുടങ്ങുമെന്നാണ്. റഷ്യ ജയിക്കുമെന്ന് കരുതുന്നവര്‍ 37.14 ശതമാനം മാത്രം. 6.74 ശതമാനം പേര്‍ സമനില പ്രതീക്ഷിക്കുന്നു.
ഈ ലോകകപ്പിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമുകളാണ് സൗദിയും റഷ്യയും. 32 ടീമുകളില്‍ റാങ്കിംഗില്‍ ഏറ്റവും പിന്നില്‍ സൗദിയാണ്, 67 ാം സ്ഥാനം. തൊട്ടുമുന്നിലാണ് റഷ്യ, അറുപത്താറാം സ്ഥാനത്ത്. ഇതാദ്യമായാണ് ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമുകള്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
റാങ്കിംഗില്‍ മാത്രമല്ല, മറ്റു വിധത്തിലും സമാനമായ ടീമുകളാണ് സൗദിയും റഷ്യയും. രണ്ടു ടീമുകളിലെയും ഏതാണ്ട് മുഴുവന്‍ കളിക്കാരും സ്വദേശി ലീഗുകളില്‍ കളിക്കുന്നവരാണ്. സോവിയറ്റ് കാലഘട്ടത്തിനു ശേഷം റഷ്യ ലോകകപ്പില്‍ നോക്കൗട്ടിലേക്ക് മുന്നേറിയിട്ടില്ല. 1998 ലെ അരങ്ങേറ്റത്തില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച സൗദിക്ക് പിന്നീട് ആ ഉയരങ്ങളിലെത്താനും സാധിച്ചിട്ടില്ല. 12 വര്‍ഷത്തിനു ശേഷമാണ് ലോകകപ്പില്‍ തിരിച്ചെത്തുന്നത്.
ആതിഥേയരെന്ന നിലയില്‍ ജയത്തോടെ തുടങ്ങാന്‍ റഷ്യ ആഗ്രഹിക്കുമെങ്കിലും സൗദിക്ക് തോല്‍പിക്കാന്‍ കഴിയുന്ന ടീമാണ് അവര്‍. ലോകകപ്പിന് യോഗ്യത നേടിയ ശേഷം സൗദിയുടെ പ്രകടനം ആശാവഹമായിരുന്നില്ല. ഗള്‍ഫ് കപ്പിലുള്‍പ്പെടെ നിരാശപ്പെടുത്തി. എന്നാല്‍ സമീപകാലത്ത് ടീം കരുത്താര്‍ജിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇറ്റലിക്കെതിരായ തിങ്കളാഴ്ചയിലെ സന്നാഹ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഒപ്പത്തിനൊപ്പം പൊരുതി.
ആദ്യ കളി ജയിക്കാന്‍ രണ്ടു ടീമുകളും പരമാവധി ശ്രമിക്കും. പിന്നീട് നേരിടാനുള്ളത് ശക്തമായ ടീമുകളെയാണ്, ഈജിപ്തിനെയും ഉറുഗ്വായ്‌യെയും. എന്തായാലും താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പില്‍ സൗദി വലിയ പ്രതീക്ഷയോടെയാണ് ഉദ്ഘാടന മത്സരത്തിനിറങ്ങുക.