Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കഫാല മാറ്റം; കൂടുതല്‍ വിശദാംശങ്ങളുമായി മന്ത്രാലയം

സഅദ് ആലുഹമാദ്

റിയാദ് - പന്ത്രണ്ടു സാഹചര്യങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ കഫാല മാറ്റാന്‍ സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് പറഞ്ഞു. തുടര്‍ച്ചയായോ അല്ലാതെയോ മൂന്നു മാസത്തെ വേതനം ലഭിക്കാത്ത പക്ഷം ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് നിലവിലെ കഫീലിന്റെ സമ്മതം കൂടാതെ തന്നെ മറ്റൊരു സ്‌പോണ്‍സറുടെ പേരിലേക്ക് മാറ്റാവുന്നതാണ്. പുതിയ വിസയില്‍ സൗദിയിലെത്തുന്ന വേലക്കാരിയെ എയര്‍പോര്‍ട്ടില്‍ നിന്നോ അഭയ കേന്ദ്രത്തില്‍ നിന്നോ പതിനഞ്ചു ദിവസത്തിനകം സ്‌പോണ്‍സര്‍ സ്വീകരിക്കാതിരുന്നാലും ഇതേപോലെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാവുന്നതാണ്. തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യാതിരിക്കല്‍, കാലാവധി തീര്‍ന്ന് 30 ദിവസത്തിനു ശേഷവും ഇഖാമ പുതുക്കി നല്‍കാതിരിക്കല്‍, ഗാര്‍ഹിക തൊഴിലാളികളുടെ സേവനം നിയമ വിരുദ്ധമായി മറ്റുള്ളവര്‍ക്ക് കൈമാറല്‍, ആരോഗ്യ സുരക്ഷക്ക് ഭീഷണിയായ ജോലികള്‍ നിര്‍വഹിക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കല്‍, തൊഴിലുടമയോ കുടുംബാംഗങ്ങളോ മോശമായി പെരുമാറല്‍, തൊഴിലുടമക്കെതിരെ തൊഴിലാളി നല്‍കുന്ന തൊഴില്‍ പരാതിയില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ തൊഴിലുടമ കാരണക്കാരനായി മാറല്‍, തൊഴിലാളിയെ വ്യാജ ഹുറൂബില്‍ കുടുക്കല്‍, ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കുന്ന തൊഴില്‍ പരാതികള്‍ക്ക് അനുരഞ്ജന പരിഹാരം കാണാന്‍ ശ്രമിച്ച് തൊഴില്‍ തര്‍ക്ക അനുരഞ്ജന പരിഹാര സമിതി വിചാരണയുടെ രണ്ടു സിറ്റിംഗുകളില്‍ തൊഴിലുടമയോ നിയമാനുസൃത പ്രതിനിധിയോ ഹാജരാകാതിരിക്കല്‍ എന്നീ സാഹചര്യങ്ങളിലും ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ തൊഴിലുടമയുടെ സമ്മതം വേണ്ടതില്ല.
ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കിയ പരാതികള്‍ പരിശോധിക്കുന്ന കാലത്ത് തൊഴിലാളികള്‍ക്ക് എന്തെങ്കിലും ഹാനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കുന്ന പക്ഷവും യാത്രയും തടവു ശിക്ഷയും മറ്റു കാരണങ്ങളാലും തൊഴിലുടമക്ക് തൊഴില്‍ കേസ് വിചാരണക്ക് ഹാജരാകാന്‍ സാധിക്കാതിരുന്നാലും ഇതേ പോലെ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റൊരു സ്‌പോണ്‍സറുടെ പേരിലേക്ക് മാറ്റാവുന്നതാണ്. തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സഅദ് ആലുഹമാദ് പറഞ്ഞു.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനു മുമ്പായി പുതിയ തൊഴിലുടമക്ക് പതിനഞ്ചു ദിവസത്തില്‍ കവിയാത്ത കാലം തൊഴിലാളിയെ പരീക്ഷണാടിസ്ഥാനത്തില്‍ ജോലിക്കു വെക്കാവുന്നതാണ്. ഇക്കാലയളവിലെ വേതനം തൊഴിലാളിക്ക് നല്‍കിയിരിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ ഫീസും അഭയ കേന്ദ്രത്തില്‍ വേലക്കാരികള്‍ കഴിഞ്ഞ കാലത്തെ ചെലവുകളും പുതിയ തൊഴിലുടമ വഹിക്കണമെന്നും വ്യവസ്ഥയുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News