Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് എക്‌സിറ്റ് റീ എന്‍ട്രി; പ്രവാസികള്‍ ഓര്‍മിക്കേണ്ട കാര്യങ്ങള്‍

ജിദ്ദ-സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് എക്‌സിറ്റ് റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യുന്നതിന് ആവശ്യമായ ഇഖാമ കാലാവധി  സാഹചര്യമനുസരിച്ച് വ്യത്യസ്തമാണ്. ജീവനക്കാര്‍ സ്വയം അപേക്ഷിക്കുകയാണെങ്കില്‍ വിസ കാലവധിക്കപ്പുറം മൂന്ന് മാസത്തെ കുറഞ്ഞ വാലിഡിറ്റി ഉണ്ടായിരിക്കണം. എന്നാല്‍ തൊഴിലുടമ വിസ ഇഷ്യൂ ചെയ്യുമ്പോള്‍ ഇഖാമയുടെ സാധുത റിട്ടേണ്‍ തീയതിക്ക് അപ്പുറമായാല്‍ മാത്രം മതി.
ആശ്രിതരുടെ കാര്യത്തില്‍ എക്‌സിറ്റ് റീഎന്‍ട്രി വിസ ഇഖാമ തീരുന്ന തീയതിക്ക് എഴു ദിവസം മുമ്പ് വരെ നല്‍കാം.  വ്യക്തികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിശ്ചിത വിസ കാലയളവിനുള്ളില്‍ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നിബന്ധനകള്‍.
എക്‌സിറ്റ് റീ എന്‍ട്രി വിസ അബ്ശിര്‍ അല്ലെങ്കില്‍ മുഖീം പോര്‍ട്ടലുകള്‍ വഴി ഇലക്ട്രോണിക് ആയി ലഭിക്കും. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 90 ദിവസത്തെ സാധുത അവശേഷിക്കണമെന്നതാണ് എക്‌സിറ്റ് റീ എന്‍ട്രിക്ക് ജവാസാത്തിന്റെ മറ്റൊരു നിര്‍ബന്ധന.  
എക്‌സിറ്റ് റീഎന്‍ട്രി വിസ ലഭിക്കുന്നതിന് വേറേയും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അപേക്ഷകര്‍  കുടിശ്ശിക ട്രാഫിക് പിഴകളില്ലെന്ന് ഉറപ്പുവരുത്തണം. എക്‌സിറ്റ് റീ എന്‍ട്രിക്കുള്ള  ഫീസ് അപേക്ഷകന്റെ ഇഖാമ നമ്പര്‍ ഉപയോഗിച്ച് നിക്ഷേപിക്കണം.
എക്‌സിറ്റ് റീഎന്‍ട്രി വിസയുടെ ഫീസ് ഘടന ഇപ്രകാരമാണ്: രണ്ട് മാസത്തേക്ക് സാധുതയുള്ള സിംഗിള്‍ എക്‌സിറ്റ് റീഎന്‍ട്രി വിസക്ക് 200 സൗദി റിയാല്‍. തുടര്‍ന്നുള്ള ഓരോ മാസത്തിനും 100 റിയാല്‍.  മള്‍ട്ടിപ്പിള്‍ റീഎന്‍ട്രി വിസ ആവശ്യമുള്ളവര്‍ക്ക് ഫീസ് 500 റിയാലാണ്. പരമാവധി മൂന്ന് മാസമാണ് കാലാവധി.

 

Latest News