Sorry, you need to enable JavaScript to visit this website.

റീ എന്‍ട്രിയിലായിരിക്കെ കുട്ടി ജനിച്ചാല്‍

ചോദ്യം: ഞാന്‍ റിയാദില്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറായാണ് ജോലി ചെയ്യുന്നത്. ഇപ്പോള്‍ ഞാനും ഭാര്യയും എക്സിറ്റ് റീ എന്‍ട്രിയില്‍ നാട്ടിലാണുള്ളത്. ഇതിനിടെ ഞങ്ങള്‍ക്ക് ഒരു കുട്ടി ജനിച്ചു. കുട്ടിയുമായി തിരിച്ച് സൗദിയില്‍ എത്താന്‍ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: നിങ്ങളുടെ നവജാത ശിശുവിന് ആദ്യം പാസ്പോര്‍ട്ട്  എടുക്കുക. അതിനു ശേഷം സൗദി എംബസിയില്‍ കുട്ടിയുടെ എന്‍ട്രി വിസക്ക് അപേക്ഷിക്കുക. അതു ലഭിച്ചാല്‍ സൗദിയിലേക്ക് യാത്ര ചെയ്യാം. ഇവിടെ എത്തിയശേഷം കുട്ടിക്ക് മാസം 400 റിയാല്‍ തോതില്‍ ലെവി അടക്കണം. നിങ്ങളുടെ ഇഖാമക്ക് അവശേഷിക്കുന്ന കാലാവധി എത്രയാണോ അത്രയും മാസത്തെ ലെവിയാണ് അടക്കേണ്ടത്. അതായത് ആറു മാസത്തെ കാലാവധി ആണ് ഇനി ഇഖാമക്കുള്ളതെങ്കില്‍ 2400 റിയാല്‍ ലെവി അടക്കണം. അതിനു ശേഷം നിങ്ങളുടെ കുട്ടിക്ക് ഇഖാമ ലഭിക്കാന്‍ അപേക്ഷ നല്‍കാം. തുടര്‍ന്ന് ഇഖാമ ലഭിക്കുകയും ചെയ്യും.


ചോദ്യം: ഞാന്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണുള്ളത്. ഇപ്പോള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയി പുതിയ മറ്റൊരു വിസയില്‍ വരാന്‍ ആഗ്രഹിക്കുന്നു. അതിന് നിലവിലെ സ്പോണ്‍സറുടെ എന്‍.ഒ.സി ആവശ്യമുണ്ടോ?

ഉത്തരം: സൗദിയില്‍ നിയമാനുസൃതമായാണ് നിങ്ങള്‍ ജോലി ചെയ്യുകയും ഫൈനല്‍ എക്സിറ്റില്‍ പോവുകയും ചെയ്യുന്നതെങ്കില്‍ പുതിയ വിസയില്‍ വീണ്ടും വരുന്നതിന് നിലവിലെ സ്പോണ്‍സറുടെ എന്‍.ഒ.സി വേണ്ടതില്ല. നിയമപരമായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഒരാള്‍ ഫൈനല്‍ എക്സിറ്റില്‍ പോകുന്നതെങ്കില്‍ അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സൗദിയില്‍ പുതിയ വിസയില്‍ വരുന്നതിന് തടസങ്ങളില്ല.

വിസിറ്റ് വിസ അടിച്ച പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍

ചോദ്യം: എന്റെ ഭാര്യ ഒരു വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി വിസിറ്റ് വിസയില്‍ സൗദിയിലായിരുന്നു. അഞ്ച് മാസത്തിനുശേഷം നാട്ടിലേക്ക് പോന്നു. നാട്ടില്‍ വെച്ച് ഭാര്യയുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു. തുടര്‍ന്ന് പുതിയ പാസ്പോര്‍ട്ട് എടുത്തു. ഈ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യാതെ സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുമോ? വിസക്ക് 2024 ഫെബ്രുവരി വരെ കാലാവധിയുണ്ട്?

ഉത്തരം: വിസ സ്റ്റാമ്പ് ചെയ്ത പാസ്പോര്‍ട്ട് ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാനാവില്ല. നിങ്ങള്‍ നാട്ടിലെ സൗദി എംബസിയുമായി ബന്ധപ്പെട്ട് പുതിയ പാസ്പോര്‍ട്ടില്‍ വിസ ബാര്‍കോഡ് എന്‍ഡോഴ്സ് ചെയ്യിക്കുക. അതു ലഭിച്ചാല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വിസ കണ്‍ഫേം ചെയ്യും. തുടര്‍ന്ന് സൗദിയിലേക്ക് പോരാം.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടുവെന്നുള്ള ഒരു റിപ്പോര്‍ട്ട് നാട്ടിലെ പോലീസ് സ്റ്റേഷനില്‍നിന്ന് സംഘടിപ്പിച്ച് കൈയില്‍ വെക്കുന്നതും നന്നായിരിക്കും. അതോടൊപ്പം നേരത്തെ വിസ സ്റ്റാമ്പ് ചെയ്തിരുന്ന നഷ്ടപ്പെട്ട പാസ്പോര്‍ട്ടിന്റെ ഒരു കോപ്പിയും കൈയില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

 

 

Latest News