Sorry, you need to enable JavaScript to visit this website.

ലൗ ജിഹാദ്, ബലാത്സംഗ കേസില്‍ പോലീസ് ഉദ്യോഗസ്ഥരെ കുടുക്കി എട്ട് കോടി തട്ടാന്‍ ശ്രമം; മാധ്യമ പ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്- ബലാത്സംഗക്കേസില്‍ കുടുക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് എട്ടു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ അടങ്ങുന്ന ഒരു യുവതിയുടെ സത്യവാങ്മൂലം ഓണ്‍ലൈനില്‍ വൈറലായതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചത്.
ഇസ്മായില്‍ മാലിക്ക് എന്നയാള്‍ക്കും ഏതാനും പേര്‍ക്കുമെതിരെ കഴിഞ്ഞ 15-ന് യുവതി പെത്തപൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ മറവിലായിരുന്നു ഉദ്യോഗസ്ഥരെ കുടുക്കാനുള്ള നീക്കം. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെ ആയിരുന്നു പരാതിയിലെ ആരോപണങ്ങള്‍.
പരാതി നല്‍കുന്നതിനു മുമ്പ് സാമൂഹിക പ്രവര്‍ത്തകനായ ജി.കെ പ്രജാപതി എന്ന ജി.കെ. ദാദയുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നതായി  എ.ടി.എസ് ഡി.ഐ.ജി ദീപന്‍ ഭദ്രന്‍ പറയുന്നു. ഇസ്മായില്‍ മാലിക് തന്നെ ചന്ദ്‌ഖേഡയിലെ ബംഗ്ലാവിലേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് അഹമ്മദാബാദിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പറഞ്ഞത്.
2022 നവംബറില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ മാലിക്ക് ഫയല്‍ ചെയ്ത കേസില്‍ മോഷണം, കൊള്ളയടിക്കല്‍, തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന സഹോദരനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ രണ്ട് തവണ പീഡിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്.  എന്നാല്‍ പെത്തപൂര്‍ സ്റ്റേഷനില്‍ നല്‍കുന്ന പരാതിയില്‍ ബലാത്സംഗത്തിനിരയായതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രജാപതി യുവതിയോട് നിര്‍ദ്ദേശിച്ചു. ഇതിനു പിന്നാലെ പ്രജാപതി യുവതിയെ സൂറത്ത് ആസ്ഥാനമായുള്ള ഹരേഷ് ജാദവിനെ പരിചയപ്പെടുത്തി.
തുടര്‍ന്നാണ് യുവതിയെ മുന്‍നിര്‍ത്തി അഹമ്മദാബാദ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് എട്ട് കോടി രൂപ തട്ടിയെടുക്കാനുള്ള പദ്ധതി തയാറാക്കിയത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രജാപതിയും ജാദവും യുവതിക്ക് ഉറപ്പു നല്‍കിയെന്നും എ.ടി.എസ് പറയുന്നു.
അതിനിടെ, പ്രജാപതിയും ജാദവും  മാധ്യമപ്രവര്‍ത്തകരായ അശുതോഷ് പാണ്ഡ്യ, കാര്‍ത്തിക് ജാനി എന്നിവരുമായി ബന്ധപ്പെട്ട് യുവതിയുടെ ലൗ ജിഹാദ് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പേര് ചേര്‍ക്കാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ചു.  തുടര്‍ന്നാണ് എട്ട് കോടി രൂപ നല്‍കുന്നതിന് ഉദ്യോഗസ്ഥനില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി യുവതിയുടെ പേരില്‍ സത്യവാങ്മൂലം തയാറാക്കിയത്.
എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ പ്രജാപതി കാണിച്ചപ്പോള്‍ ഈ ഉദ്യോഗസ്ഥനല്ല തന്നെ പീഡിപ്പിച്ചതെന്ന് യുവതി അറിയിച്ചു. ഇതിനു പിന്നാലെ പ്രജാപതിയും ജാദവും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ പേര് നല്‍കാന്‍ തീരുമാനിക്കുകയും ജനുവരി 28 ന് പുതിയ സത്യവാങ്മൂലം തയ്യാറാക്കുകയും ചെയ്തു.
ജനുവരി 30 ന്  കേസില്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 164 പ്രകാരം യുവതി കുറ്റസമ്മത മൊഴി രേഖപ്പെടുത്തേണ്ടിയിരുന്നു. മൊഴിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെയും പരാമര്‍ശിക്കരുതെന്ന് പ്രജാപതിയും ജാദവും യുവതിയെ നിര്‍ബന്ധിച്ചു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ സഹായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് യുവതി തന്റെ മൊഴിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെയും പരാമര്‍ശിച്ചില്ല.
അതേസമയം, യുവതിയുടെ അറിവില്ലാതെ  ചില പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളുള്ള പുതിയ ഖണ്ഡികകള്‍ സത്യവാങ്മൂലത്തില്‍ സംഘം ഉള്‍പ്പെടുത്തി. ഇത് വായിക്കാതെ തന്നെ ഫെബ്രുവരി ഒന്നിന് യുവതില്‍ ഒപ്പിട്ടെന്നും പറയുന്നു.
ജാദവും മറ്റൊരു പ്രതിയായ രാജു ജെമിനി എന്ന മഹേന്ദ്രസിങ് പര്‍മറും  കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും എ.ടി.എസ് പറയുന്നു.  അഹമ്മദാബാദില്‍ നിന്നും ഗാന്ധിനഗറില്‍ നിന്നുമാണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തത്.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News