ചോദ്യം: ഹൗസ് ഡ്രൈവറായ ഞാനിപ്പോൾ അവധിയിൽ നാട്ടിലാണുള്ളത്. എന്റെ എക്‌സിറ്റ് റീ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസം പിന്നിട്ടു. ഇനി സൗദിയിലേക്ക് തിരിച്ചു വരാൻ കഴിയുമോ എന്നു സ്‌പോൺസറോട് ചോദിച്ചപ്പോൾ എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി ദീർഘിപ്പിക്കാമെന്നും അതിന് മാസം 200 റിയാൽ തോതിൽ മൂന്നു മാസത്തേക്ക് 600 റിയാൽ നൽകണമെന്നും ആവശ്യപ്പെട്ടു. എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് 100 റിയാൽ തോതിലാണല്ലോ ഫീസായി ഈടാക്കിയിരുന്നത്. പിന്നെന്തുകൊണ്ടാണ് സ്‌പോൺസർ ഇപ്പോൾ 200 റിയാൽ വേണമെന്നു പറയുന്നത്? എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിച്ചു കിട്ടിയാൽ തന്നെ എക്‌സിറ്റ് റീ എൻട്രിയിൽ പോയി നിശ്ചിത സമയത്തിനകം തിരിച്ചു വരാതിരുന്നതിന്റെ പേരിൽ മൂന്നു വർഷത്തെ പ്രവേശന നിരോധനം എനിക്കു ബാധകമാവുമോ?
ഉത്തരം: കഴിഞ്ഞ മാസം മുതൽ ജവാസാത്ത് എക്‌സിറ്റ് റീ എൻട്രി ഫീസുകളിൽ മാറ്റം വരുത്തിയിരുന്നു. എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിൽ പോയ ശേഷം ദീർഘിപ്പിക്കുകയാണെങ്കിൽ തൊഴിൽ വിസിയിലുള്ളവർ ഒരു മാസത്തേക്ക് 200 റിയാൽ തോതിൽ ഫീസ് നൽകണം. സൗദിയിലായിരിക്കെയാണ് എക്‌സിറ്റ് റീ എൻട്രി അടിക്കുന്നതെങ്കിൽ 100 റിയാൽ തോതിൽ നൽകിയാൽ മതിയാവും.
എക്‌സിറ്റ് റീ എൻട്രിയിൽ പോയി മടങ്ങി വരാത്തതിന്റെ പേരിൽ മൂന്നു വർഷ നിരോധനം ബാധകമാവുന്നത് ഇഖാമ റദ്ദാക്കപ്പെടുമ്പോഴാണ്. എക്‌സിറ്റ് റീ എൻട്രിയിൽ പോയി മടങ്ങി വരാത്തവരുടെ കാലാവധിയുള്ള ഇഖാമയാണെങ്കിൽ അതു ജവാസാത്ത് സിസ്റ്റത്തിൽ റദ്ദാക്കപ്പെടുക ആറു മാസം കഴിഞ്ഞായിരിക്കും. അതേ സമയം മടങ്ങി വരാത്ത തൊഴിലാളിയുടെ ഇഖാമ സ്‌പോൺസർക്കു വേണമെങ്കിൽ ഒരു മാസം കഴിഞ്ഞ് റദ്ദാക്കാം. നിങ്ങളുടെ വിഷയത്തിൽ ആദ്യം പരിശോധിക്കേണ്ടത് ഇഖാമ നിലവിൽ ഉണ്ടോ എന്നതാണ്. അതു അബ്ശിറിൽ പരിശോധിച്ചാൽ അറിയാൻ കഴിയും. ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കുകയും റദ്ദാക്കപ്പെടുകയും ചെയ്തിട്ടില്ലെങ്കിൽ എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിക്കാൻ കഴിയും. അതിനു മാസത്തിൽ 200 റിയാൽ നിരക്കിൽ എത്ര മാസത്തേക്കാണോ ദീർഘിപ്പിക്കുന്നത് അത്രയും മാസത്തെ ഫീസ് അടച്ചാൽ മതിയാവും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പാസ്‌പോർട്ട് പുതുക്കുന്നതിനിടെ ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ
ചോദ്യം: എന്റെ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിച്ചതിനാൽ പുതുക്കാൻ കൊടുത്തിരിക്കുകയാണ്. അതു പുതുക്കി കിട്ടുന്നതിന് 15 മുതൽ 20 ദിവസം വരെ എടുക്കും. ഇതിനിടയിൽ എന്റെ ഇഖാമയുടെ കാലാവധി കഴിയും. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കുന്നതിന് ഫൈൻ അടക്കേണ്ടി വരില്ലേ. അതു ഒഴിവാക്കാൻ പാസ്‌പോർട്ട് പുതുക്കാനായി നൽകിയതിന്റെ രസീത് ജവാസാത്തിൽ ഹാജരാക്കിയാൽ മതിയോ?
ഉത്തരം: ഇഖാമ പുതുക്കുന്നതിന് പാസ്‌പോർട്ടിൽ മതിയായ കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്. അതിനാൽ ഇഖാമ പുതുക്കുന്നതിന് പാസ്‌പോർട്ട് പുതുക്കാൻ നൽകിയെന്നതിനു തെളിവായി ലഭിച്ച രസീത് ഹാജറാക്കിയാൽ മതിയാവില്ല. കാരണം അതു യാത്രാനുമതി രേഖയല്ല. ഇഖാമയുടെ കാലാവധി കഴിഞ്ഞ് മൂന്നു ദിവസത്തിനകം പുതുക്കാനായാൽ ഫൈൻ ഇല്ല. അതല്ലെങ്കിൽ ഫൈൻ ആയി 500 റിയാൽ നൽകേണ്ടി വരും. ഇതു ആദ്യതവണയാണെങ്കിൽ മാത്രം. ഇഖാമ പുതുക്കുന്നതിൽ വീഴ്ച ഇതിനു മുൻപു വരുത്തിയിട്ടുണ്ടെങ്കിൽ ഫൈൻ ആയിരം റിയാലാവും. മൂന്നു തവണയായാൽ അതു 1500 റിയാലാവും.