നടി കൃതിവര്‍മ 263 കോടിയുടെ കള്ളപ്പണക്കേസില്‍, താരമായി മാറിയ ടാക്‌സ് ഓഫീസര്‍

ന്യൂദല്‍ഹി- നികുതി ഉദ്യോഗസ്ഥയായിരിക്കെ അഭിനയ രംഗത്തെത്തിയ നടി കൃതി വര്‍മ 263 കോടി രൂപയുടെ കള്ളപ്പണക്കേസില്‍. പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നേരിടുകയാണ് നടി. കള്ളപ്പണം, കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം, ആദായനികുതി വകുപ്പില്‍ നിന്ന് നികുതി റീഫണ്ട് വഞ്ചന എന്നിവയില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളുമായി റോഡീസ്, ബിഗ് ബോസ് സീസണ്‍ 12 എന്നിവയില്‍ പ്രത്യക്ഷപ്പെട്ട കൃതി വര്‍മക്ക്  ബന്ധമുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നടിയെ ഒന്നിലധികം തവണ ചോദ്യം ചെയ്തു. നികുതി റീഫണ്ട് ഇഷ്യു വഞ്ചാനാ കേസില്‍ ഐടി വകുപ്പിലെ സീനിയര്‍ ടാക്‌സ് അസിസ്റ്റന്റും വ്യവസായിയും ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരെ  കഴിഞ്ഞ വര്‍ഷം സിബിഐ കേസെടുത്തിരുന്നു.  2007-08, 2008-09 വര്‍ഷങ്ങളിലെ റീഫണ്ടുകള്‍ വ്യാജമായി നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
മുഖ്യപ്രതിയായ തനാജി മണ്ഡല്‍  അധികാരി ഐടി വകുപ്പില്‍ സീനിയര്‍ ടാക്‌സ് അസിസ്റ്റന്റായി ജോലിചെയ്യുമ്പോള്‍, സൂപ്പര്‍വൈസറി അധികാരികളുമായും ഓഫീസര്‍മാരുമായും ചേര്‍ന്നാണ്  തട്ടിപ്പ് നടത്തിയത്.
തുടര്‍ന്ന് വ്യവസായി ഭൂഷണ്‍ അനന്ത് പാട്ടീലിന്റേതുള്‍പ്പടെ  വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു. അധികാരി, പാട്ടീല്‍, രാജേഷ് ശാന്താറാം ഷെട്ടി എന്നിവര്‍ക്കെതിരെ 2000ലെ ഐടി ആക്ട് പ്രകാരം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ഹരിയാനയിലെ ഗുരുഗ്രാമില്‍ 2021ല്‍ കരസ്ഥമാക്കിയ വസ്തു വിറ്റതും അതിന്റെ  തുക  ബാങ്ക് അക്കൗണ്ടുകളില്‍ സ്വീകരിച്ചതുമാണ് കൃതി വര്‍മക്കെതിരായ ആരോപണം.  ഉടന്‍ തന്നെ തിരച്ചില്‍ നടത്തുകയും വില്‍പ്പനയിലൂടെ ലഭിച്ച 1.18 കോടി രൂപ  അക്കൗണ്ടുകളില്‍ കണ്ടെത്തുകയും ഉടന്‍ തന്നെ മരവിപ്പിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി 69.65 കോടി രൂപ വിലമതിക്കുന്ന 32 സ്ഥാവര ജംഗമ സ്വത്തുക്കള്‍  ഇഡി കഴിഞ്ഞ മാസം കണ്ടുകെട്ടി. ഭൂഷണ്‍ അനന്ത് പാട്ടീല്‍, രാജേഷ് ഷെട്ടി, സരിക ഷെട്ടി, കൃതി വര്‍മ തുടങ്ങിയവരുടെ പേരിലുള്ള ഭൂമി, ഫ്‌ലാറ്റുകള്‍, ആഡംബര കാറുകള്‍ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News