സ്മാര്‍ട്ട് ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിച്ചു; യുവതിക്ക് കാഴ്ച പോയി, വിവരങ്ങളുമായി ഡോക്ടര്‍

ഹൈദരാബാദ്- ഇരുട്ടില്‍ മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ മുപ്പതുകാരിക്ക് കാഴ്ച പ്രശ്‌നങ്ങള്‍ നേരിട്ടതായി വെളിപ്പെടുത്തി ഡോക്ടര്‍. 18 മാസത്തോളം യുവതിക്ക് അന്ധത ബാധിച്ചുവെന്നാണ്  ചികിത്സിച്ച ഡോക്ടര്‍ സുധീര്‍ കുമാര്‍ ട്വീറ്റ് ചെയ്തത്. സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചില സമയങ്ങളില്‍ വസ്തുക്കളെ കാണാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ ഉള്ള കഴിവില്ലായ്മയടക്കം കൃത്യമായ കാഴ്ച ഇല്ലാതാകുന്നതാണ് രോഗലക്ഷണങ്ങള്‍.
ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ കണ്ണും കാഴ്ചയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ  സമുച്ചയമാണ് സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ ഡിസോര്‍ഡര്‍. ഫോണുകളിലും ടാബ്‌ലെറ്റുകളിലും സ്‌ക്രീനുകളുടെ നിരന്തരവും നീണ്ടുനില്‍ക്കുന്നതുമായ ഉപയോഗം സംഭവിക്കാവുന്നതാണിത്.
ഇരുട്ടില്‍ മണിക്കൂറുകളോളം ഫോണില്‍ ചെലവഴിച്ചതിനെത്തുടര്‍ന്നാണ് 30 കാരി മഞ്ജുവിന് ഒന്നര വര്‍ഷത്തോളം അന്ധത അനുഭവപ്പെട്ടതെന്നും എങ്ങനെ ചികിത്സിച്ചുവെന്നുമാണ് അവര്‍ കണ്‍സള്‍ട്ട് ചെയ്ത   ഹൈദരാബാദിലെ ഡോക്ടര്‍ പങ്കുവെച്ചത്.
ഒന്നര വര്‍ഷമായി മഞ്ജുവിന് കാഴ്ച വൈകല്യമുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ സുധീര്‍ കുമാര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ സ്‌ക്രീനുകളില്‍ ദീര്‍ഘനേരം നോക്കുന്നത് ഒഴിവാക്കണമെന്നും  ഇത് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ദിവസേന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡോക്ടര്‍ നല്‍കുന്ന സന്ദേശം.
ഡിജിറ്റല്‍ സ്‌ക്രീന്‍ നോക്കുന്നവര്‍ ഓരോ 20 മിനിറ്റിലും 20 സെക്കന്‍ഡ് ഇടവേള എടുക്കണം. 20-20-20 ചട്ടം എന്ന പേരിലറിയപ്പെടുന്ന രീതി പിന്തുടരണം.  20 അടി അകലെയുള്ള എന്തെങ്കിലും നോക്കുകയെന്നതാണ് മൂന്നാമത്തെ 20.
കമ്പ്യൂട്ടറിനു മുന്നില്‍ ജോലി ചെയ്യുമ്പോള്‍ പലരും കണ്ണു ചിമ്മുന്നത് സാധാരണയിലും കുറവാണ്. ഇത് വരണ്ട കണ്ണുകള്‍ക്ക് കാരണമാകും. കണ്ണുചിമ്മുന്നത് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നു. ഇത് കണ്ണുകളെ നനയ്ക്കുകയും നവീകരിക്കുകയും ചെയ്യുന്നു. മോണിറ്ററില്‍ നോക്കുമ്പോള്‍ കൂടുതല്‍ തവണ കണ്ണടയ്ക്കുന്നത് ശീലമാക്കാന്‍ ശ്രമിക്കണമെന്നും ഡോക്ടര്‍ പറയുന്നു.
ടെലിവിഷന്‍ കാണുമ്പോഴും ലാപ്‌ടോപ്പില്‍ പ്രവര്‍ത്തിക്കുമ്പോഴും മുറിയില്‍ അല്‍പം വെളിച്ചമുണ്ടായാല്‍ കണ്ണുകള്‍ക്ക് എളുപ്പമായിരിക്കും.
കണ്ണുകള്‍ക്ക് പതിവായി വിശ്രമം നല്‍കുന്നതിന് സ്‌കീന്‍ ടൈം കുറച്ചു കൊണ്ടുവരികയും വേണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News