ബ്രസീലിനു പുറത്തുള്ളവര്‍ക്ക് ജോസിമര്‍ നനുത്ത, സുഖമുള്ള ഓര്‍മയാണ്. ബ്രസീലുകാര്‍ക്ക് അയാള്‍ നഗ്നമായ, പരുക്കന്‍ യാഥാര്‍ഥ്യമാണ്. 1986 ലെ മെക്‌സിക്കൊ ലോകകപ്പ് സുന്ദരമായ ഗോളുകളുടെ ഉത്സവമായിരുന്നു. ഡിയേഗൊ മറഡോണയുടെ രണ്ടെണ്ണമുള്‍പ്പെടെ. സുന്ദരമായ ആ ഗോളുകളില്‍ രണ്ടെണ്ണം ജോസിമറിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കിടിലന്‍ ലോംഗ്‌റെയ്ഞ്ചറുകള്‍. ബ്രസീലിന്റെ 100 മികച്ച ഗോളുകളില്‍ ഫിഫ ആറാം സ്ഥാനത്ത് എണ്ണിയത് ജോസിമറിനെയാണ്. മറ്റൊരു ഗോള്‍ ഇരുപത്തേഴാം സ്ഥാനത്തും. മഞ്ഞക്കുപ്പായത്തെ അതിരറ്റ് സ്‌നേഹിക്കുന്ന ബ്രസീലുകാരല്ലാത്തവര്‍ക്ക് ജോസിമറിനെ ഇഷ്ടപ്പെടാന്‍ പിന്നെയുമൊരുപാട് കാരണങ്ങളുണ്ടായിരുന്നു. എങ്ങനെയാണ് അയാള്‍ ലോകകപ്പിലെത്തിയത് എന്നത് നാടോടിക്കഥ പോലെ നാടകീയത നിറഞ്ഞതായിരുന്നു. പക്ഷെ ബ്രസീലിനു പുറത്തുള്ളവര്‍ ബ്രസീലിനെ കാണുന്നത് ലോകകപ്പുകളില്‍ മാത്രമാണ്. നാലു കൊല്ലത്തിലൊരിക്കലെത്തുന്ന ലോകകപ്പ് വസന്തത്തില്‍ മാത്രം പുഷ്പിച്ച അപൂര്‍വം പ്രതിഭകളിലൊരാളായിരുന്നു ജോസിമര്‍. ഇറ്റലിയുടെ സാല്‍വറ്റോര്‍ സ്‌കിലാച്ചിയെ പോലെ, റഷ്യയുടെ ഒലെഗ് സാലെങ്കോയെ പോലെ. ദീര്‍ഘനിദ്രക്കു ശേഷം ലോകകപ്പില്‍ ഞെട്ടിയുണര്‍ന്ന പോളൊ റോസിയെ പോലെ. ലോകകപ്പിനു മുമ്പും പിമ്പും ജോസിമറിനെ കണ്ടവരാണ് ബ്രസീലുകാര്‍. പണിയില്ലാതെ തെക്കു വടക്ക് നടക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ലോകകപ്പ് ടീമിലേക്ക് ക്ഷണിക്കപ്പെട്ടതു മുതല്‍ ലോകകപ്പിനു ശേഷം പെണ്ണിനും കള്ളിനും മുന്നില്‍ അയാളുടെ പ്രതിഭ നശിച്ചില്ലാതാവുന്നതു വരെ. ബ്രസീലിന്റെ ഓരോ തെരുവിലുമുണ്ട് ഇതുപോലുള്ള നഷ്ടപ്രതിഭകള്‍. അവരിലൊരാള്‍ മാത്രമാണ് ബ്രസീലുകാര്‍ക്ക് ജോസിമര്‍.
പണിയില്ലാത്ത, ഒരിക്കല്‍ പോലും ബ്രസീലിനു കളിച്ചിട്ടില്ലാത്ത, അറിയപ്പെടാത്ത കളിക്കാരനായിരുന്നു 1986 ലെ മെക്‌സിക്കൊ ലോകകപ്പിനു മുമ്പ് ജോസിമര്‍. വിധി വഴിതിരിഞ്ഞു വാതില്‍ തുറക്കുന്നത് ഓര്‍ക്കാപുറത്താണ്. ലോകകപ്പിന് തൊട്ടുമുമ്പ് നാല് ബ്രസീല്‍ കളിക്കാര്‍ ടീം കര്‍ഫ്യൂ ലംഘിച്ച് നിശാടനത്തിന് ഇറങ്ങി. അവരില്‍ പ്ലേബോയ് എന്ന കുപ്രസിദ്ധിയുണ്ടായിരുന്ന വിംഗര്‍ റെനാറ്റൊ ഗോഷോയെ കോ്ച്ച് ടെലിസന്താന പുറത്താക്കി. റെനാറ്റോയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാല്‍വര്‍ സംഘത്തിലെ ഫുള്‍ബാക്ക് ലിയാന്‍ഡ്രൊ ടീമില്‍ നിന്ന് പിന്‍വാങ്ങി. ലിയാന്‍ഡ്രോക്ക് ടീമില്‍ പകരക്കാരനുണ്ടായിരുന്നു എഡ്‌സന്‍ ബവാരൊ, അയാളുടെയും റിസര്‍വായി ജോസിമര്‍ ടീമിലേക്ക് ക്ഷണിക്കപ്പെട്ടു.
പണിയും കുലിയുമില്ലാതെ നില്‍ക്കുകയായിരുന്ന ജോസിമര്‍ തന്നെ ടീമിലെടുത്തുവെന്ന ഫോണ്‍ കോള്‍ കിട്ടിയപ്പോള്‍ പരിഹസിച്ചു ചിരിച്ചു. രണ്ടു മാസം മുമ്പാണ് അയാള്‍ അവസാനമായി കളിച്ചത്. ജോസിമറുമായുള്ള കരാര്‍ പുതുക്കാന്‍ ബോടഫോഗൊ ക്ലബ് തയാറായിരുന്നില്ല. ഗര്‍ഭിണിയായ ഭാര്യയെ പരിചരിച്ചും അവള്‍ക്ക് തിന്നാനുണ്ടാക്കിയും വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ജോസിമര്‍. ഉടന്‍ ടീമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ഫോണ്‍ കോള്‍ കിട്ടിയപ്പോഴാണ് ജോസിമറിന് ഇത് കളിയല്ലെന്ന് മനസ്സിലായത്.
ചേരികളില്‍ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക് ഡ്രിബിള്‍ ചെയ്തു കയറി വന്ന നിരവധി ബ്രസീല്‍ കളിക്കാരെ പോലെ പ്രശസ്തി ജോസിമറിന്റെയും തലക്കു പിടിച്ചു. പെണ്ണും കള്ളും ലഹരിയും അയാളുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി.
ടീമിലെ അവസാനത്തെ ആളായിരുന്നു ജോസിമര്‍. സ്‌പെയിനിനെ ബ്രസീല്‍ തോല്‍പിക്കുന്നത് മറ്റുള്ളവരെ പോലെ അയാളും കരക്കിരുന്ന് കണ്ടു. അള്‍ജീരിയക്കെതിരായ രണ്ടാമത്തെ കളിയില്‍ എഡ്‌സന്‍ ബവാരോക്ക് പരിക്കേല്‍ക്കുമ്പോള്‍ ജോസിമര്‍ റിസര്‍വുകളുടെ പട്ടികയില്‍ പോലുമുണ്ടായിരുന്നില്ല. വടക്കന്‍ അയര്‍ലന്റിനെതിരായ മൂന്നാമത്തെ കളിയില്‍ വിധിയുടെ നിരവധി വാതിലുകളില്‍ അവസാനത്തേത് അയാള്‍ക്കു മുന്നില്‍ തുറന്നു. അതികായനായ ഫുള്‍ബാക്ക് സ്റ്റാര്‍ടിംഗ് ലൈനപ്പില്‍ സ്ഥാനം നേടി. പാറ്റ് ജെന്നിംഗ്‌സ് എന്ന ഇതിഹാസ ഗോളി കാവല്‍ നിന്ന പോസ്റ്റിലേക്ക് ജോസിമര്‍ പായിച്ച ബ്രസീലിന്റെ രണ്ടാം ഗോള്‍ ലോകകപ്പിലെ സംസാരവിഷയമായി. നാലു ദിവസത്തിനു ശേഷം ജോസിമര്‍ പോളണ്ടിനെതിരെ അതേ ഗോള്‍ ആവര്‍ത്തിച്ചു. ബ്രസീലിന്റെ ജഴ്‌സിയില്‍ ജോസിമര്‍ നേടിയത് രണ്ടു ഗോളാണ്, രണ്ടും ഒന്നിനൊന്ന് മെച്ചം. മൂന്നു മത്സരങ്ങള്‍ മാത്രം കളിച്ച ജോസിമര്‍ ലോകകപ്പ് ഇലവനില്‍ സ്ഥാനം നേടിയ രണ്ട് ബ്രസീല്‍ കളിക്കാരിലൊരാളായി. ലോകകപ്പിലെ ഏറ്റവും സുന്ദരനായ കളിക്കാരനായി ഈ കറുത്ത മുത്തിനെ ചിലര്‍ തെരഞ്ഞെടുത്തു. പണിയില്ലാത്ത ഹീറോയെ മാധ്യമങ്ങള്‍ ആഘോഷിച്ചു. ബോടഫോഗൊ അയാളുമായി കരാര്‍ പുതുക്കി.
ചേരികളില്‍ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക് ഡ്രിബിള്‍ ചെയ്തു കയറി വന്ന നിരവധി ബ്രസീല്‍ കളിക്കാരെ പോലെ പ്രശസ്തി ജോസിമറിന്റെയും തലക്കു പിടിച്ചു. പെണ്ണും കള്ളും ലഹരിയും അയാളുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. വേശ്യയെ തല്ലിയതിന് അയാള്‍ അഴികള്‍ക്കുള്ളിലായി. ലഹരിക്കടിമയായ സഹോദരന്‍ വെടിയേറ്റു മരിച്ചു. 1989 ല്‍ ജോസിമര്‍ പതിനാറാമത്തെയും അവസാനത്തെയും തവണ ബ്രസീലിന്റെ മഞ്ഞക്കുപ്പായമിട്ടു. മെക്‌സിക്കൊ ലോകകപ്പിലെ രണ്ടു ഗോളുകള്‍ മാത്രമായിരുന്നു ബ്രസീലിനായി ജോസിമറിന്റെ സംഭാവന. ഒരിക്കല്‍ അപ്രതീക്ഷിതമായി തുറന്നുകിട്ടിയ വിധിയുടെ വാതിലുകള്‍ ഇപ്പോള്‍ അയാള്‍ക്കു മുന്നില്‍ അടഞ്ഞു കിടന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ജോര്‍ജിഞ്ഞൊ എന്ന ബ്രസീല്‍ താരം ജോസിമറിനെ മതവിശ്വാസത്തിലേക്ക് നയിച്ചു. ബ്രസീലിനു പുറത്തുള്ളവര്‍ക്ക് ഇന്നും ജോസിമര്‍ മെക്‌സിക്കോയിലെ സൂപ്പര്‍ ഹീറോയാണ്. നോര്‍വേയിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ മാഗസിന്റെ പേര് ജോസിമര്‍ എന്നാണ്.