ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനം കൂടുതല്‍ യു. എസിന്; ഇന്ത്യക്കു മേലുള്ള സ്വാധീനത്തില്‍ സൗദി അഞ്ചാമത്

സിഡ്‌നി- യു. എസിനാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീന ശക്തിയെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോറിന്‍ പോളിസിയുടെ വാര്‍ഷിക ഏഷ്യ പവര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്ത് ചൈനയെ മറികടന്നാണ് ഭൂരിഭാഗം മേഖലകളിലും യു. എസ് സ്വാധീന ശക്തിയായത്. 

133 ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 26 രാജ്യങ്ങളുടെ ഏഷ്യയിലെ സ്വാധീനമാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തിയത്. സൈനിക- സാമ്പത്തിക ശക്തിയും നയതന്ത്ര മേഖലയിലെ സ്വാധീനവുമെല്ലാം ഇതില്‍ കണക്കിലെടുത്തിട്ടുണ്ട്. 

സൈനിക ശേഷി, പ്രതിരോധ ശൃംഖലകള്‍, സാംസ്‌കാരിക സ്വാധീനം എന്നിവയുള്‍പ്പെടെ മറ്റ് നിരവധി മേഖലകളില്‍ ചൈനയേക്കാള്‍ ശക്തമായ നിലയിലാണ് യു. എസ് തുടരുന്നത്. അമേരിക്കയുടെ ശക്തി മൊത്തത്തില്‍ 'പ്രതിരോധശേഷിയുള്ളത്' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. വാര്‍ധക്യം ബാധിച്ചവരെ തള്ളുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്ന ചൈനയേക്കാള്‍ കൂടുതല്‍ അനുകൂലമായ സ്ഥിതിവിശേഷമാണ് അമേരിക്കയില്‍ ഉള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2022ലെ റിപ്പോര്‍ട്ട് പ്രകാരം യു. എസിനും ചൈനയ്ക്കും ശേഷം ഏഷ്യയില്‍ സ്വാധീനമുള്ള ഏറ്റവും ശക്തമായ മൂന്നാമത്തെ രാജ്യമായി ജപ്പാനാണ് ഇടം പിടിച്ചത്. ഇന്ത്യ നാലാം സ്ഥാനത്തും റഷ്യ അഞ്ചാമതുമാണ്. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവയാണ് ആറും ഏഴും എട്ടും ഒന്‍പതും സ്ഥാനങ്ങളിലുള്ളത്. 

2021ല്‍ ഏഷ്യയില്‍ നയതന്ത്ര സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ പുതിയ റിപ്പോര്‍ട്ടില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോഴാണ് ഇന്ത്യ നാലിലെത്തിയത്. നയതന്ത്രതലത്തില്‍ ഇന്ത്യയുടെ സ്വാധീനശക്തി കൂടിയെങ്കിലും 2018 മുതല്‍ രാജ്യത്തിന്റെ ആകെ സ്വാധീനം കുറഞ്ഞുവരികയാണെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ഏഷ്യയില്‍ സാംസ്‌കാരികമായ സ്വാധീനം ചെലുത്തുന്നതിലും ഇന്ത്യ നേട്ടമുണ്ടാക്കി. എന്നാല്‍, സാമ്പത്തിക സ്വാധീനവും സൈനിക ശേഷിയും ഉള്‍പ്പെടെയുള്ള മേഖലകളിലും ഇന്ത്യ പിന്നോട്ടു പോയി എന്നാണ് കണ്ടെത്തല്‍. സ്വന്തം വിഭവങ്ങള്‍ക്കും ശക്തിക്കും അനുസൃതമായ സ്വാധീനം മേഖലയില്‍ ചെലുത്താന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നിരവധി വ്യാപാര കരാറുകളോട് ഇന്ത്യ മുഖം തിരിഞ്ഞുനില്‍ക്കുന്നതിനാല്‍ സാമ്പത്തിക സ്വാധീനവും കുറഞ്ഞു എന്നും പരാമര്‍ശമുണ്ട്. ആഗോളതലത്തില്‍ ചൈനയുമായാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം വ്യാപാരബന്ധമുള്ളത് എന്നതാണ് ഈ സ്വാധീനത്തിന് കാരണം. ഇന്ത്യയ്ക്ക് മേല്‍ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളില്‍ അമേരിക്ക രണ്ടാം സ്ഥാനത്തും യൂറോപ്യന്‍ യൂണിയന്‍ മൂന്നാം സ്ഥാനത്തും യു. എ. ഇ, സൗദി അറേബ്യ എന്നിവ നാല്, അഞ്ച് സ്ഥാനങ്ങളിലുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യക്ക് ഏറ്റവുമധികം സ്വാധീനമുള്ള രാജ്യങ്ങള്‍ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്‍മര്‍ എന്നിവയാണ്. എന്നാല്‍ ഭാവിയിലേക്കുള്ള വിഭവങ്ങള്‍ കണക്കിലെടുത്താല്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്നും ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വിശകലനം ആരംഭിച്ച 2018 മുതല്‍ യു. എസില്‍ ചൈന നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ഉയര്‍ച്ച മന്ദഗതിയിലായിട്ടുണ്ട്. കോവിഡ് കാലത്തുള്ള നയങ്ങളും അതിര്‍ത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യന്‍ മേഖലയിലെ സ്വാധീനം കുറഞ്ഞിട്ടുണ്ട്. മേഖലയില്‍ മിക്ക രാജ്യങ്ങളുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന തുടരുകയാണെങ്കിലും മൊത്തത്തിലുള്ള സാമ്പത്തിക സ്വാധീനം നഷ്ടപ്പെട്ടിട്ടുണ്ട്.

Latest News