കാഴ്ചപോയി; അണുബാധയുമേറ്റു: യു. എസില്‍ ഇന്ത്യന്‍ ഐഡ്രോപ് തിരിച്ചുവിളിച്ചു

വാഷിംഗ്ടണ്‍- ഒരാളുടെ കാഴ്ച നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് അണുബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യു. എസില്‍ ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് പിന്‍വലിച്ചു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ യൂണിറ്റാണ് കണ്ണിലുറ്റിക്കുന്ന മരുന്ന് പിന്‍വലിച്ചത്.  

അന്‍പത് പേര്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഒരാളാണ് ഈ മരുന്നുപയോഗിച്ചതിന് പിന്നാലെ മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയറിന്റെ എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഐ ഡ്രോപ്പ് എന്ന മരുന്നാണ് പ്രശ്നമായത്. 

ഐ ഡ്രോപ്പുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യു. എസ് വ്യക്തമാക്കി. മരുന്ന് ഉപയോഗിച്ചവരുടെ രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ന്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് മരണത്തിനു വരെ കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കാലിഫോര്‍ണിയ, കൊളറാഡോ, കണക്ടികട്ട്്, ഫ്ളോറിഡ, ന്യൂജേഴ്സി, ന്യൂമെക്സിക്കോ, ന്യൂയോര്‍ക്ക്, നെവാഡ, ടെക്സസ്, യൂട്ട, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

മരുന്നുകളുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അവ  തിരിച്ചു വിളിക്കുകയാണെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

Latest News